തമിഴ്‌നാട് സ്വദേശി സെല്‍വന് നാട്ടിലെത്താന്‍ ദുബൈ കെഎംസിസിയുടെ കാരുണ്യം

20

ദുബൈ: കുടുംബത്തിന്റെ പ്രാരബ്ധം തീര്‍ക്കാന്‍ നാല് മാസം മുന്‍പ് സന്ദര്‍ശക വിസയില്‍ ദുബൈയിലെത്തിയ തമിഴ്‌നാട്ടുകാരന്‍ സെല്‍വന്‍ ആനന്ദന്‍ എന്ന 25കാരന് നാട്ടിലെത്താന്‍ ദുബൈ കെഎംസിസിയുടെ സഹായം. വിസാ കാലാവധി കഴിഞ്ഞ് പെരുവഴിയിലായ സെല്‍വന്‍ എയര്‍പോര്‍ട്ടിനടുത്തുള്ള ഒരു പാര്‍ക്കിലിരിക്കുമ്പോള്‍ ബംഗ്‌ളാദേശ് സ്വദേശികളുടെ അക്രമത്തില്‍ വലതു കൈക്ക് പരിക്കേല്‍കുകയായിരുന്നു. ഇത് കണ്ട ഒരു മലയാളി ഉടന്‍ ആംബുലന്‍സ് വിളിച്ച് ദുബൈ റാഷിദ് ഹോസ്പിറ്റലില്‍ എത്തിച്ചു. എന്നാല്‍, സാരമായി പൊള്ളലേറ്റതിനാല്‍ വലതു കൈ മുട്ടിന് താഴെ മുറിച്ചു മാറ്റണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. പിതാവ് നഷ്ടപെട്ട ഇദ്ദേഹത്തിന് അമ്മയും ഒരു സഹോദരിയുമാണുള്ളത്.
കൊല്ലം സ്വദേശിയായ ഒരു രോഗിയെ നാട്ടിലേക്ക് അയക്കാനുള്ള ആവശ്യത്തിന് ആശുപത്രിയിലെത്തിയ ദുബൈ കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിലിനോട് ആശുപത്രിയിലെ ക്രൈസിസ് ഡിപാര്‍ട്‌മെന്റ് ഉദ്യോഗസ്ഥനാണ് സെല്‍വന്റെ ദാരുണാവസ്ഥ ശ്രദ്ധയില്‍ പെടുത്തിയത്. ഉടന്‍ അദ്ദേഹം നാട്ടിലുള്ള അമ്മയുമായി ബന്ധപ്പെടുകയും നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികള്‍ ചെയ്യുകയുമായിരുന്നു.
ബാബു തിരുനാവായയാണ് സെല്‍വന് നാട്ടിലേക്കുള്ള ടിക്കറ്റ് നല്‍കിയത്. ആശുപത്രി ചെലവുകള്‍ ഡൗജന്യമാക്കി അത്യാവശ്യത്തിനുള്ള സാമ്പത്തിക സഹായവും നല്‍കിയാണ് സെല്‍വനെ ദുബൈ എയര്‍പോര്‍ട്ടില്‍ നിന്നും കെഎംസിസി പ്രവര്‍ത്തകര്‍ യാത്രയാക്കിയത്. ദുബൈ കെഎംസിസി ആക്ടിംഗ് സെക്രട്ടറി കെ.പി.എ സലാം, വൈസ് പ്രസിഡന്റ് മുസ്തഫ വേങ്ങര, വളണ്ടിയര്‍മാരായ സിദ്ദീഖ് ചൗക്കി, ജാസിം ഖാന്‍, സിബിന്‍ തിരുവനന്തപുരം, ശരീഫ് പി.വി എന്നിവരും സഹായത്തിനുണ്ടായിരുന്നു.