
ദുബൈ: ഇന്ത്യയുടെ മഹാകവി നൊബേല്‍ പ്രൈസ് ജേതാവായ രവീന്ദ്ര നാഥ് ടാഗോറിന്റെ 161-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ അറബിയിലേക്ക് പരിഭാഷപ്പെടുത്തിയ മൂന്നു ശ്രദ്ധേയ ഗാനങ്ങള്‍ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ സംഘടിപ്പിച്ച ‘ടാഗോര്‍ ബിയോണ്ട് ഹറൈസണ്’ എന്ന പേരില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗായിക സുചേത സതീഷ് ആലപിച്ചു. ഈ ഗാനങ്ങള്‍ മഹാനായ ടാഗോറിന് സമര്‍പ്പിക്കുന്നതായി ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന് പുരി ഗാനങ്ങള്‍ പുറത്തിറക്കി ക്കൊണ്ട് പറഞ്ഞു. ഇന്ത്യക്കും, വിശേഷിച്ച് ബംഗാളിനും യുഎഇക്കുമിടക്കുള്ള ശക്തമായ സാംസ്കാരിക ബന്ധം ആഘോഷിക്കാന്‍ കുടിയാണ് ഇത്തരമൊരു പരിപാടി ഒരുക്കിയത്. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യാഘോഷമായ ‘ആസാദി കാ അമൃത് മഹോല്‍സവ്’ സാഹചര്യത്തില്‍ കൂടിയായിരുന്നു ഈ പരിപാടി നടത്തിയത്.
ടാഗോറിന്റെ ഗാനങ്ങള്‍ അറബിയിലേക്ക് പരിഭാഷപ്പെടുത്തിയത് പ്രഗല്ഭ അറബ് കവി ഡോ. ശിഹാബ് ഗാനിം ആയിരുന്നു. ഇന്ത്യന്‍ സംഗീതജ്ഞന് ദേവ് ചക്രവര്‍ത്തിയാണ് ഇതിന്റെ സംവിധാനം നിര്‍വഹിച്ചത്.
സുചേത സതീഷ് അടുത്തിടെ 120 ഭാഷകളില്‍ ഗാനങ്ങളാലപിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയിരുന്നു. അതിനു ശേഷമുള്ള പ്രമുഖ പരിപാടിയാണിത്.
തന്നെ സംബന്ധിച്ചിടത്തോളം ഇത് സ്വപ്നസാക്ഷാത്കാരമാണെന്ന് സുചേത പറഞ്ഞു. അതിന് പിന്തുണ നല്കിയ കോണ്‍സുല്‍ ജനറലിനും ടീമിനും സുചേത നന്ദി രേഖപ്പെടുത്തി. ഇന്ത്യയുടെ ദേശീയ കവിയുടെ ക്ളാസിക്കല്‍ ഗാനങ്ങള്‍ അറബിയിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ടത് ആദ്യമാണെന്നതും പ്രശസ്ത കവി ഡോ. ശിഹാബ് ഗാനിം അതിന്റെ വിവര്‍ത്തനം നടത്തിയതും ദേവ് സംഗീതം നല്കിയതും ജീവിതത്തില്‍ മറക്കാനാവാത്ത അമൂല്യാനുഭവമാണെന്ന് സുചേത വ്യക്തമാക്കി. താന്‍ ഗിന്നസ് റെക്കോര്‍ഡ് നേടിയ അതേ വേദിയില്‍ തന്നെ ഇത്തരമൊരു മുഹൂര്‍ത്തത്തിന് അവസരമുണ്ടായത് സൗഭാഗ്യമായി കരുതുന്നുവെന്നും സുചേത കൂട്ടിച്ചേര്‍ത്തു.
തനിക്ക് ഒരേ സമയം അഭിമാനകരവും വെല്ലുവിളി നിറഞ്ഞതുമായിരുന്നു ഇതിന്റെ മൊഴിമാറ്റമെന്ന് 2012ലെ ടാഗോര്‍ സമാധാന പുരസ്കാരം നേടിയ ഡോ. ശിഹാബ് ഗാനിം പറഞ്ഞു. ”ഗദ്യത്തില്‍ നിന്നും പദ്യത്തില്‍ നിന്നും വിവര്‍ത്തനം ചെയ്യല്‍ വലിയ ശ്രമകരമായ ദൗത്യമായിരുന്നു. വിവര്‍ത്തനം ചെയ്യുമ്പോള്‍ താളവും അളവും ശ്രദ്ധിക്കേണ്ടതുണ്ടായിരുന്നു. അറബ്, ഇന്ത്യന്‍ സംഗീത പാരമ്പര്യങ്ങളെ ഉള്‍ക്കൊള്ളാന്‍ ഒരു മധ്യപാത കണ്ടെത്തേണ്ടതുമുണ്ടായിരുന്നു” -അദ്ദേഹം വ്യക്തമാക്കി.
ഏക്ലാ ചലോ രെ, അലോകേ രേയ് ഝര്നധാരായ്, നയ് നയ് ഭോയ് എന്നീ മൂന്നു പ്രശസ്ത ടാഗോര്‍ ഗാനങ്ങള്‍ക്കായിരുന്നു ദേവ് സംഗീതം നല്‍കിയത്. ദേവ് ചക്രവര്‍ത്തി ഒറിജിനല്‍ ഗാനം ആലപിച്ചപ്പോള്‍ തന്നെ സുചേത അറബിയില്‍ ഭാഷാന്തരം ചെയ്ത ഗാനവുമാലപിച്ചു. സവിശേഷമായ ഈ ബംഗാളി-അറബിക് മ്യൂസിക് ഫ്യൂഷന്‍ പ്രൊഫഷണല്‍-സൗന്ദര്യാത്മക തലങ്ങളില്‍ അതീവ ഹൃദയ ഹാരിയായിരുന്നു.
ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അമന് പുരി ഗാനങ്ങള്‍ ഔദ്യോഗികമായി പുറത്തിറക്കി. ഇന്ത്യന്‍ നവോത്ഥാനത്തിന്റെ ഏറ്റവും മികച്ച പ്രതീകമാണ് ടാഗോറെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സാംസ്കാരിക വിഭാഗം കോണ്‍സുല്‍ താഡു മാമു പറഞ്ഞു. നാട്ടിലും ജനങ്ങളിലും വേരൂന്നിയ ഒരു സംഗീത പാരമ്പര്യത്തിന്റെ വികാസത്തിന് അദ്ദേഹം മഹത്തായ സംഭാവന നല്കി. ഡോ. ശിഹാബ് ഗാനിം, ദേവ്, സുചേത എന്നിവര്‍ ചേര്‍ന്ന് ടാഗോറിന്റെ കൂടുതല്‍ ഗാനങ്ങള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യാനുള്ള ശ്രമത്തിലാണ്. യുഎഇയിലെയും ഇന്ത്യയിലെയും പ്രമുഖ വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. ഫേസ്ബുക്കിലും യൂട്യൂബിലും പാട്ടുകള്‍ ലഭ്യമാണ്.
കണ്ണൂര്‍ സ്വദേശി ദുബൈയില്‍ ഡെര്‍മറ്റോളജിസ്റ്റായ ഡോ. സതീഷിന്റെ മകളാണ് ദുബൈ ഇന്ത്യന്‍ ഹൈസ്കൂളിലെ 12-ാം ക്ാസ് വിദ്യാര്‍ത്ഥിനിയായ സുചേത സതീഷ്.