ഈദവധിയിലെ സേവനം: എമിഗ്രേഷന്‍ ജീവനക്കാരെ അഭിനന്ദിച്ചു

9
ലഫ്.ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റിയുടെ നേതൃത്വത്തില്‍ എമിഗ്രേഷന്‍ ജീവനക്കാരെ അഭിനന്ദിക്കുന്നു

ദുബൈ: ദുബൈ രാജ്യാന്തര എയര്‍പോര്‍ട്ടില്‍ ഈദ് അവധി ദിനങ്ങളില്‍ സേവനം ചെയ്ത എമിഗ്രേഷന്‍ ജീവനക്കാരെ ഉന്നത മേധാവികള്‍ അഭിനന്ദിച്ചു.
ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് മേധാവി ലഫ്.ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി, ഉപ മേധാവി മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ സുറൂര്‍, മറ്റു ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ എയര്‍പോര്‍ട്ടില്‍ നേരിട്ട് എത്തിയാണ് ജീവനക്കാരെ അഭിനന്ദിച്ചത്. അവധി ദിനങ്ങളില്‍ യാത്രക്കാര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ നിജസ്ഥിതി അറിയാനും ഈദ് ആശംസകള്‍ നേരാനും  എത്തിയപ്പൊഴാണ് ജീവനക്കാരെ പ്രത്യേകം അഭിനന്ദിച്ചത്. ഇക്കാലയളവില്‍ മികച്ച സേവനങ്ങളാണ് ഉദ്യോഗസ്ഥര്‍  യാത്രകാര്‍ക്ക് നല്‍കിയത്. അറൈവല്‍, ഡിപാര്‍ച്ചര്‍ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തിയ ലഫ്.ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി യാത്രക്കാരോട് കുശലാന്വേഷണം നടത്തുകയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ആരായുകയും ചെയ്തു.
ഈദുല്‍ ഫിത്വര്‍ അവധിക്കാലത്ത് റെക്കോര്‍ഡ് യാത്രക്കാരുടെ എണ്ണം പ്രതീക്ഷിച്ചിരുന്നതിനാല്‍ പ്രത്യേക ക്രമീകരണങ്ങളാണ് ദുബൈ വിമാനത്താവളത്തിലെങ്ങും ഏര്‍പ്പെടുത്തിയിരുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള വിവിധ സ്മാര്‍ട്ട് സംവിധാനങ്ങളും സജ്ജമാക്കിയിരുന്നു.
അതിനിടെ, ഈദവധി കഴിഞ്ഞ് അടുത്ത തിങ്കളാഴ്ച മുതല്‍  എമിഗ്രേഷന്‍ ഓഫീസുകള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തനമാരംഭിക്കും. അവധിക്കാലത്ത് വിസാ  സേവനങ്ങള്‍ക്കായി തങ്ങളുടെ സ്മാര്‍ട്ട് ചാനലുകള്‍ ഉപയോഗപ്പെടുത്തണമെന്ന് ജിഡിആര്‍എഫ്എ ദുബൈ നേരത്തെ ഉപയോക്താക്കളോട് അഭ്യര്‍ത്ഥിച്ചിരുന്നു. വകുപ്പിന്റെ വെബ്‌സൈറ്റ്, ദുബൈ നൗ ആപ്പ് തുടങ്ങിയവ വഴി ഉപയോക്താക്കള്‍ക്ക് സേവനങ്ങള്‍ വകുപ്പ് ഉറപ്പാക്കിയിരുന്നു. ഒപ്പം, അല്‍ അവീറില്‍ നിയമ ലംഘകരായ വിദേശികള്‍ക്കുള്ള ഫോളോ അപ് സെക്ടറില്‍ മെയ് 1 മുതല്‍ 6 വരെ ഉപയോക്താക്കളെ സ്വീകരിച്ചു. ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ ടെര്‍മിനല്‍-3ലെ ജിഡിആര്‍എഫ്എ ഓഫീസ്   അവധി നാളിലും 24 മണിക്കൂറും പ്രവര്‍ത്തിച്ചു. ദുബൈയിലെ വിസാ സംബന്ധമായ ഏത് അന്വേഷണങ്ങള്‍ക്കും ടോള്‍ ഫ്രീ  (800 5111) നമ്പറില്‍ വിളിക്കാവുന്നതാണ്.