വേനല്‍ച്ചൂടില്‍ മധുരം കിനിയുന്ന വന്‍ മാമ്പഴ ശ്രേണി അവതരിപ്പിച്ച് ലുലു

15
ഷാര്‍ജ ബൂ തിന ലുലു ഹൈപര്‍ മാര്‍ക്കറ്റില്‍ 'കിംഗ്ഡം ഓഫ് മാംഗോസ്' ഫെസ്റ്റിവല്‍ ഉദ്ഘാടനം ചലച്ചിത്ര നടന്‍ ജയസൂര്യയുടെ സാന്നിധ്യത്തില്‍ ഷാര്‍ജ മുനിസിപ്പാലിറ്റി ഹെല്‍ത് കണ്‍ട്രോള്‍ മേധാവി അലി സുലൈമാന്‍ ഈസ, ലുലു ഗ്രൂപ് ഡയറക്ടര്‍ സലിം എം.എ, ഹൈപര്‍ മാര്‍ക്കറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചപ്പോള്‍

ഷാര്‍ജ: പഴങ്ങളുടെ രാജാവായ മാമ്പഴത്തിന്റെ വമ്പന്‍ ശ്രേണി അവതരിപ്പിച്ച് പ്രമുഖ ഹൈപര്‍ മാര്‍ക്കറ്റ് ശൃംഖലയായ ലുലു. 10ലധികം രാജ്യങ്ങളില്‍ നിന്നുള്ള 70 ഇനങ്ങളിലുള്ള സ്വാദിഷ്ഠമായ മാങ്ങകളാണ് ‘കിംഗ്ഡം ഓഫ് മാംഗോസ്’ എന്ന പേരില്‍ അണി നിരത്തിയിട്ടുള്ളത്.
കറികള്‍, അച്ചാറുകള്‍, സ്മൂത്തികള്‍, സലാഡുകള്‍, പുഡ്ഡിംഗുകള്‍, പലഹാരങ്ങള്‍…അങ്ങനെ വൈവിധ്യമാര്‍ന്ന മാമ്പഴ വിഭവങ്ങളുടെ മേളമാണിവിടം. ആരെയും ഗൃഹാതുര സ്മൃതികളിലേക്ക് കൂട്ടിക്കൊണ്ടു പോകും ഈ ഫെസ്റ്റിവല്‍ എന്ന കാര്യത്തില്‍ സംശയമില്ല.
ചലച്ചിത്ര നടന്‍ ജയസൂര്യയുടെ സാന്നിധ്യത്തില്‍ ഷാര്‍ജ മുനിസിപ്പാലിറ്റി ഹെല്‍ത് കണ്‍ട്രോള്‍ മേധാവി അലി സുലൈമാന്‍ ഈസ, ലുലു ഗ്രൂപ് ഡയറക്ടര്‍ സലിം എം.എ, ഹൈപര്‍ മാര്‍ക്കറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് ബൂ തിന ലുലു ഹൈപര്‍ മാര്‍ക്കറ്റില്‍ മാമ്പഴോത്സവം ഉ ദ്ഘാടനം ചെയ്തു.
ലുലു ‘കിംഗ്ഡം ഓഫ് മാംഗോസ്’ ഉപഭോക്താക്കള്‍ക്കുള്ള വാര്‍ഷിക പഴ സല്‍ക്കാരമാണ്. ഇന്ത്യ, മലേഷ്യ, കെനിയ, ബ്രസീല്‍, പെറു, തായ്‌ലാന്‍ഡ്, ശ്രീലങ്ക, ഇന്തോനേഷ്യ, വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, കൊളംബിയ, മെക്‌സികോ, ഉഗാണ്ട, യുഎഇ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മേത്തരം മാങ്ങകളാണ് ഈ വര്‍ഷം എത്തിച്ചിരിക്കുന്നത്. ജിസിസിയിലെയും ഇന്ത്യയിലെയും എല്ലാ ലുലു ഹൈപര്‍ മാര്‍ക്കറ്റുകളിലും ഈ ഉത്സവം നടക്കുന്നു.
”ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഈ വര്‍ഷം ലുലു ‘കിംഗ്ഡം ഓഫ് മാംഗോസ്’ ഫെസ്റ്റിവല്‍ കൊണ്ടുവരാനായതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇന്ത്യയുമായി വളരെ അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു മാമ്പഴം. പല രാജ്യങ്ങളിലും ഇത് വളരുന്നുണ്ടെങ്കിലും ഇന്ത്യയിലിത് ഒരു മികച്ച ഭക്ഷണ വിഭവം കൂടിയാണ്. ഇത്തരത്തിലുള്ള വിവിധയിനം മാമ്പഴങ്ങള്‍ പ്രദര്‍ശിപ്പിച്ച് ലുലു യുഎഇയിലേക്ക് നല്ല രുചിയുടെ ലോകം കൊണ്ടു വന്നിരിക്കുകയാണ്” -സലിം എം.എ വ്യക്തമാക്കി.
ഫ്രഷ് മാമ്പഴങ്ങള്‍ കൂടാതെ, ലുലു ഹോട്ട് ഫുഡ് ആന്‍ഡ് ഡെലി വിഭാഗത്തില്‍ ജീര റൈസ്, മാംഗോ ചിക്കന്‍ കറി, മാംഗോ ഫിഷ് കറി, മാംഗോ പുലാവ്, സ്റ്റഫ്ഡ് ചിക്കന്‍ ബ്രെസ്റ്റ്, ഹണി മാംഗോ സോസ്, അച്ചാറുകള്‍ എന്നിവ പോലെ പുതുതായി തയാറാക്കിയ വിഭവങ്ങളുമായി ധാരാളം പ്രമോഷനുകളും ട്രീറ്റുകളും ഉണ്ട്. ചട്ണികള്‍, ആമ്രസ്, മാമ്പഴ പായസം, ഹല്‍വ, ബര്‍ഫി എന്നിവക്ക് പുറമെ, മാംഗോ-അവോകാഡോ സാലഡ് തുടങ്ങിയ ചില സാലഡുകളും പെരി പെരി മിക്‌സും മാമ്പഴ ഫ്‌ളാക്‌സ് സീഡ് വെഗാന്‍ സ്മൂത്തി സെലക്ഷനും ‘കിംഗ്ഡം ഓഫ് മാംഗാസി’നെ വേറിട്ടതാക്കുന്നു.