ഈജിപ്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ലുലു ഗ്രൂപ്

13
ഈജിപ്ത് പ്രധാനമന്ത്രി മുസ്തഫ മദ്ബൗലിയുമായി ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസഫലി അബുദാബിയില്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍. ലുലു ഗ്രൂപ് ഈജിപ്ത് ഡയറക്ടര്‍ ജൂസര്‍ രൂപാവാല, റീജ്യണല്‍ ഡയറക്ടര്‍ ഹുസേഫ ഖുറേഷി എന്നിവര്‍ സമീപം

അബുദാബി: പ്രമുഖ റീടെയില്‍ ഗ്രൂപ്പായ ലുലു ഈജിപ്തിലെ സാന്നിധ്യം വിപുലീകരിക്കുന്നു. ഈജിപ്ത് സര്‍ക്കാറുമായി ചേര്‍ന്നുള്ള സംയുക്ത പദ്ധതിയുടെ ഭാഗമായി നാല് പുതിയ ഹൈപര്‍ മാര്‍ക്കറ്റുകളാണ് ലുലു ആരംഭിക്കുന്നത്.
ഈജിപ്ത് പ്രധാനമന്ത്രി മുസ്തഫ മദ്ബൗലിയുമായി അബുദാബിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസഫലിയാണ് ഇത് വ്യക്തമാക്കിയത്. ഔദ്യോഗിക സന്ദര്‍ശനത്തിനായി യുഎഇയിലെത്തിയതായിരുന്നു പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക സംഘം.
നിലയില്‍ മൂന്ന് ഹൈപര്‍ മാര്‍ക്കറ്റുകളാണ് തലസ്ഥാനമായ കയ്‌റോവില്‍ ലുലുവിനുള്ളത്. സംയുക്ത പദ്ധതിയുടെ ഭാഗമായുള്ള ഹൈപര്‍ മാര്‍ക്കറ്റുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. 2023 രണ്ടാം പാദത്തില്‍ ഹൈപര്‍ മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തന സജ്ജമാകും. പിരമിഡ് നഗരമായ ഗിസ ഉള്‍പ്പെടെയുള്ളിടങ്ങളിലാണ് പുതിയ ഹൈപര്‍ മാര്‍ക്കറ്റ ുകള്‍ തുടങ്ങുന്നത്.
ഈജിപ്തിലെ ഇകൊമോഴ്‌സ് പ്രവര്‍ത്തനങ്ങള്‍ അടുത്ത മാസം ആരംഭിക്കുമെന്നും യൂസഫലി പ്രധാനമന്ത്രിയെ അറിയിച്ചു. ലുലു ബഹ്‌റൈന്‍-ഈജിപ്ത് ഡയറക്ടര്‍ ജൂസര്‍ രൂപാവാല, റീജ്യണല്‍ ഡയറക്ടര്‍ ഹുസേഫ ഖുറേഷി എന്നിവരും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.