അത്യഗാധ ദു:ഖം, അളക്കാനാവാത്ത സങ്കടം: എം.എ യൂസുഫലി

6

ശൈഖ് ഖലീഫ സ്വദേശികളെയും പ്രവാസികളെയും ഒരുപോലെ സ്‌നേഹിച്ച യഥാര്‍ത്ഥ നേതാവ്

ദുബൈ: യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ വിയോഗത്തില്‍ ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസുഫലി അനുശോചിച്ചു.
”യുഎഇയിലെയും ലോകത്തെ മറ്റിടങ്ങളിലെയും ദശലക്ഷക്കണക്കിനാളുകളെ പോലെ നമ്മുടെ പ്രിയപ്പെട്ട ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ വിയോഗത്തെ കുറിച്ചുള്ള വാര്‍ത്ത എന്റെ ജീവിതത്തിലും പൊടുന്നനെ ദുഃഖ ഛവി പടര്‍ത്തി. ഹൃദയ ഭേദകമായ ഈ വാര്‍ത്ത അത്യഗാധമായ ദു:ഖവും അളക്കാനാവാത്ത സങ്കടവും എന്നില്‍ സൃഷ്ടിച്ചു.
യുഎഇയിലെയും വിദേശത്തെയും വിവിധ കൊട്ടാരങ്ങളില്‍ ഞാന്‍ പ്രസിഡന്റിനെ കണ്ടപ്പോഴെല്ലാം സ്‌നേഹ മസൃണമായാണ് അദ്ദേഹം പെരുമാറിയിട്ടുള്ളതെന്നത് ഓര്‍ക്കുന്നു. ആ സ്മരണകള്‍ ഞാന്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നു. ലോകത്തിലെ ഏറ്റവും വികസിതവും സുരക്ഷിതത്വവും സഹിഷ്ണുതയുമുള്ളതും സാംസ്‌കാരികമായി സമ്പന്നവുമായ രാജ്യങ്ങളിലൊന്നായി യുഎഇയെ മാറ്റിമറിച്ച യഥാര്‍ത്ഥ മനുഷ്യ സ്‌നേഹിയും ദീര്‍ഘ ദര്‍ശിയുമാണ് ശൈഖ് ഖലീഫ. 200ലധികം വ്യത്യസ്ത രാജ്യക്കാര്‍ ഈ മഹത്തായ രാജ്യത്തെ തങ്ങളുടെ വീടാണെന്ന് വിളിക്കുന്നു. അവര്‍ക്ക് ഉപജീവന മാര്‍ഗം തേടാനും ഏറ്റവും മാന്യമായും അന്തസ്സോടെയും ജീവിക്കാനും ശൈഖ് ഖലീഫ ഉദാത്തമായ തന്റെ ദയാ ഹസ്തങ്ങള്‍ നീട്ടിയിരിക്കുന്നു.
യുഎഇ ഭരണാധികാരികളായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, വിവിധ എമിറേറ്റുകളിലെ ഭരണാധികാരികള്‍, യുഎഇ പൗരന്മാര്‍ എന്നിവര്‍ക്ക് ഞാന്‍ അനുശോചനം അറിയിക്കുന്നു. ശൈഖ് ഖലീഫയുടെ ആത്മാവിന് നിത്യശാന്തി നല്‍കാന്‍ ഞാന്‍ സര്‍വശക്തനായ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നു” -യൂസുഫലി അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.