റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി നഴ്‌സിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

12
1. ടിന്റു പോള്‍. 2. അപകടത്തില്‍ തകര്‍ന്ന വാഹനം

റാസല്‍ഖൈമ: കുടുംബവുമൊത്ത് യാത്ര ചെയ്യവേ വാഹനാപകടത്തില്‍ മരിച്ച എറണാകുളം കൂവപ്പടി സ്വദേശി ടിന്റു പോളി(36)ന്റെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി സംസ്‌കരിച്ചു. ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യാ വിമാനത്തിലാണ് ടിന്റുവിന്റെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയത്. റാസല്‍ഖൈമ അല്‍ ഹംറയിലെ റാക് മെഡിക്കല്‍ സെന്റര്‍ ജീവനക്കാരിയാണ് ടിന്റു പോള്‍.
യുഎഇയിലെ യാബ് ലീഗല്‍ സര്‍വീസ് സിഇഒയും സാമൂഹിക  പ്രവര്‍ത്തകനുമായ സലാം പാപ്പിനിശ്ശേരി, റാസല്‍ഖൈമ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് എസ്.എ സലിം, സാമൂഹിക പ്രവര്‍ത്തകരായ ശ്രീധരന്‍ പ്രസാദ്, പുഷ്പന്‍ ഗോവിന്ദന്‍, നിഹാസ് ഹാഷിം, എ.കെ സേതുനാഥ്, റാസല്‍ഖൈമ ആശുപത്രി ജീവനക്കാരായ ഡോ. സുദീപ് തോമസ്, അസ്മ മന്‍സൂര്‍, വിഷ്ണു, ജിതിന്‍ എബ്രഹാം, ബിജു, ബേസില്‍, സോനു എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് വളരെ വേഗത്തില്‍ നിയമ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചത്. വാഹനമോടിച്ച ടിന്റുവിന്റെ ഭര്‍ത്താവ് കൃപാ ശങ്കറിനെ പൊലീസ് അദ്ദേഹത്തെ പ്രതി ചേര്‍ത്തു. ഇതോടെ, കൃപാ ശങ്കര്‍ നിയമകുരുക്കിലകപ്പെടുകയും ടിന്റുവിന്റെ മൃതദേഹം നാട്ടിലേക്കയക്കാന്‍ സാധിക്കാതെ കുടുംബം പ്രതിസന്ധിയിലാവുകയും ചെയ്തു. തുടര്‍ന്നാണ് സലാം പാപ്പിനിശ്ശേരിയും എസ്.എ സലിം ഉള്‍പ്പെടുന്ന സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. ശേഷം നടത്തിയ നിയമ മുന്നേറ്റത്തിനൊടുവിലാണ് കൃപാ ശങ്കറിനെതിരെയുള്ള നിയമ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയും ടിന്റുവിന്റെ മൃതദേഹം നാട്ടിലേക്കെത്തിക്കാനാവശ്യമായ നടപടികള്‍ വേഗത്തിലാക്കുകയും ചെയ്തത്.
റാസല്‍ഖൈമ ജബല്‍ ജയ്‌സ് മലനിരയില്‍ നിന്ന് യാത്ര ചെയ്യവേയാണ് ടിന്റു പോളും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. ടിന്റു പോളിനും ഭര്‍ത്താവിനും പുറമെ,  മക്കളായ ഡല്‍ഹി പ്രൈവറ്റ് സ്‌കൂള്‍ വിദ്യാര്‍ഥി കൃതിന്‍ ശങ്കര്‍, ഒന്നര വയസുകാരന്‍ ആദിന്‍ ശങ്കര്‍, കൃപാ ശങ്കറിന്റെ മാതാവ് സുമതി എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടത്തില്‍ തലക്ക് സാരമായി പരിക്കേറ്റ ടിന്റുവിനെ റാക് സഖര്‍ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും പിന്നീട് റാക് ആശുപത്രിയിലേക്ക് മാറ്റി അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്‌തെങ്കിലും മരണം സംഭവിക്കുകയായിരുന്നു.