കുട്ടികളുടെ മനം കവര്‍ന്ന് റോബോട്ട് മൃഗശാല; മിസ്റ്റര്‍ ഐ’യുടെ ആനിമല്‍ ഗെയിമുകളും

9
എസ്‌സിആര്‍എഫ് 2022ലെ മിസ്റ്റര്‍ ഐ'യുടെ ആനിമല്‍ ഗെയിംസ് ഷോ

ഷാര്‍ജ: പതിമൂന്നാമത് ഷാര്‍ജ കുട്ടികളുടെ വായനോത്സവത്തിലെ ആക്റ്റിവിറ്റികള്‍ കുരുന്നുകളെ പഠിപ്പിച്ചെടുക്കുകയെന്ന ഭഗീരഥ പ്രയത്‌നത്തിലാണ് എജ്യൂഎന്റര്‍ടെയിനറായ ആന്റണി എസ്റ്റഫന്റെ ലക്ഷ്യം.
അത്യന്തം ആവേശകരവും പുതുമയുള്ളതുമായ ആശയമാണ് റോബോട്ട് മൃഗശാലയുടേത്. എട്ട് റോബോട്ടിക് ‘മൃഗങ്ങ’ളെയാണ് ഇവിടെ എത്തിച്ചിരിക്കുന്നത്.  വിസ്മയകരമായ എഞ്ചിനീയറിംഗ് കുട്ടികള്‍ക്ക് ഇവിടെ നിന്ന് ലഭിക്കുന്നു. ആന്റണി എസ്റ്റഫാന്‍ നടത്തുന്ന മിസ്റ്റര്‍ ഐ’സ് ആനിമല്‍ ഗെയിംസ് ഷോ എന്തു കൊണ്ടും വേറിട്ട ഇനമാണ്.


മോട്ടിവേഷണല്‍ സ്പീക്കറും പരിശീലകനും കൂടിയാണ് എസ്റ്റഫാന്‍. ഗെയിമുകളും ഹാന്‍ഡ് ഓണ്‍ ആക്റ്റിവിറ്റികളും കൊണ്ട് പങ്കെടുക്കുന്നവരെ രസിപ്പിക്കുന്ന അദ്ദേഹം, മൃഗങ്ങളുടെ ശബ്ദവും ഇരുണ്ട അന്തരീക്ഷവും തന്റെ ഗിറ്റാറും സംഗീതവും ഉപയോഗിച്ച് സൃഷ്ടിച്ചിരിക്കുന്നു. റോബോട്ടിക് മൃഗങ്ങളുടെ മേളം ഇവിടത്തെ പ്രധാന ആകര്‍ഷണീയതയാണ്.
കൊച്ചുകുട്ടികള്‍ക്കായി ഇവിടെ ലളിതമായ ജിഗ്‌സോ പസിലുകള്‍ ഉണ്ട്. മുതിര്‍ന്ന കുട്ടികള്‍ക്ക് ടീം സ്‌പോര്‍ട്‌സിലും മൃഗ ക്വിസിലും ചേരാം. കര മൃഗങ്ങള്‍, കടല്‍ മൃഗങ്ങള്‍ എന്നിങ്ങനെ രണ്ടായി തിരിച്ചാണ് ആന്റണിയുടെ അവതരണം. ഒന്നോ രണ്ടോ ഗെയിം കളിക്കാന്‍ കുട്ടികള്‍ക്ക് അവസരവും നല്‍കുന്നു അദ്ദേഹം.
”ഇതൊരു സാഹസിക യാത്രയാണ്. അവര്‍ക്ക് ഒരേ സമയം അറിവും വിനോദവും തേടാനാകും. ഓരോ കളിയുടെ അവസാനത്തിലും ഞാന്‍ ഗിറ്റാര്‍ വായിച്ച് പാടും. അങ്ങനെ, ഞാന്‍ അവര്‍ക്ക് അവബോധം പകരുന്നു” – അദ്ദേഹം പറഞ്ഞു.
പ്രോഗ്രാമുകള്‍ 6-15 വയസ് പ്രായമുള്ള കുട്ടികള്‍ക്കായി രൂപകല്‍പന ചെയ്തിരിക്കുന്നു.