സന്തോഷ് ട്രോഫി: അഭിമാന താരങ്ങളും ഇതിഹാസങ്ങളും ഒരേ വേദിയില്‍

6
സന്തോഷ് ട്രോഫി ജേതാക്കളായ കേരള ടീമിന് ഡോ. ഷംഷീര്‍ വയലില്‍ പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ സ്‌നേഹ സമ്മാനം കൊച്ചിയില്‍ നടന്ന പ്രത്യേക ചടങ്ങില്‍ കൈമാറുന്നു

ഡോ. ഷംഷീര്‍ വയലില്‍ പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ ചെക്ക് മുന്‍ താരങ്ങള്‍ കേരള ടീമിന് കൈമാറി.
ഏഴു തവണ കേരളത്തില്‍ എത്തിയ കപ്പ് ഒരുമിച്ചുയര്‍ത്തി വിവിധ തലമുറകളിലെ താരങ്ങള്‍

കൊച്ചി: കേരളത്തിന്റെ സന്തോഷ് ട്രോഫി താരങ്ങളുടെ അപൂര്‍വ സംഗമമൊരുക്കി വിപിഎസ് ഹെല്‍ത്ത്‌കെയര്‍. സന്തോഷ് ട്രോഫിയില്‍ മലയാളത്തിന്റെ അഭിമാനമുയര്‍ത്തിയ മൂന്ന് തലമുറയില്‍പ്പെട്ട താരങ്ങള്‍ ഒരേ വേദിയില്‍ കിരീടമുയര്‍ത്തി. വിപിഎസ് ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടുമായ ഡോ. ഷംഷീര്‍ വയലില്‍, സന്തോഷ് ട്രോഫി നേടിയ കേരള ടീമിനെ അനുമോദിക്കാന്‍ സംഘടിപ്പിച്ച ചടങ്ങാണ് ഈ അപൂര്‍വ സംഗമത്തിന് വേദിയായത്. ചടങ്ങില്‍ കേരള ടീമിന് ഒരു കോടി രൂപയുടെ ചെക്ക് കൈമാറി.
കേരള ഫുട്‌ബോളിനെ പുതിയ ഉയരങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തിയ മൂന്ന് തലമുറകളുടെ ഒത്തുചേരലിനാണ് കൊച്ചി സാക്ഷിയായത്. സംസ്ഥാനത്തിന് സന്തോഷ് ട്രോഫി കിരീടം നേടിക്കൊടുത്ത മുന്‍ നായകന്മാരായ കുരികേശ് മാത്യു (1993), വി.ശിവകുമാര്‍ ( 2001), സില്‍വസ്റ്റര്‍ ഇഗ്‌നേഷ്യസ് (2004), രാഹുല്‍ ദേവ് (2018), മറ്റ് ഇതിഹാസ താരങ്ങളായ ഐ.എം വിജയന്‍, ജോപോള്‍ അഞ്ചേരി, ആസിഫ് സഹീര്‍ തുടങ്ങിയവര്‍ നിലവിലെ ചാമ്പ്യന്‍ ടീമിനും അണ്ടര്‍ 18 കേരള ടീമിനുമൊപ്പം സന്തോഷ് ട്രോഫി കിരീടം ഉയര്‍ത്തി. കേരളത്തിന് രണ്ടാം സന്തോഷ് ട്രോഫി കിരീടം നേടിക്കൊടുത്ത നായകന്‍ അന്തരിച്ച വി.പി സത്യന്റെ ഭാര്യ അനിത സത്യനും ചടങ്ങില്‍ പങ്കെടുത്തു. 1973ല്‍ ആദ്യ കിരീടം നേടിത്തന്ന നായകന്‍ അന്തരിച്ച മണിയുടെ കുടുംബാംഗങ്ങള്‍ നേരിട്ടെത്തിയില്ലെങ്കിലും പരിപാടിക്ക് ആശംസകള്‍ അര്‍പ്പിച്ചിരുന്നു.
കേരള ഫുട്‌ബോളിന്റെ സുവര്‍ണ കാലത്തിന്റെ അടയാളപ്പെടുത്തലിനൊപ്പം പുതു തലമുറയ്ക്കുള്ള പ്രചോദനം കൂടിയായി ഈ കൂട്ടായ്മ. ഫുട്‌ബോള്‍ ആരാധകര്‍ക്ക് പുത്തന്‍ ആവേശമേകാന്‍ ലക്ഷ്യമിട്ട് സംഘടിപ്പിച്ച ചടങ്ങ് യുവ താരങ്ങള്‍ക്ക് പുതു പ്രതീക്ഷയുമായി.
ടൂര്‍ണമെന്റിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മുതലുള്ള ഗോള്‍ സ്‌കോറര്‍മാര്‍ക്ക് ഒരു ലക്ഷം രൂപ വീതം കൈമാറി. മുന്‍ കോച്ചുമാരായ ജാഫര്‍, പീതാംബരന്‍ എന്നിവരെ ആദരിച്ചത് പഴയ കാല ഫുട്‌ബോളിനോടുള്ള വിപിഎസ് ഹെല്‍ത്ത്‌കെയറിന്റെ സ്‌നേഹാദരമായി. മുന്‍ ക്യാപ്റ്റന്‍മാര്‍ക്ക് ഓരോ പവന്‍ സ്വര്‍ണ നാണയമാണ് ഡോ. ഷംഷീര്‍ വയലില്‍ സ്‌നേഹ സമ്മാനമായി നല്‍കിയത്.

ചരിത്ര ദിനം
ആരാധനാ പാത്രമായ താരങ്ങളില്‍ നിന്ന് ഒരു കോടി രൂപയുടെ പാരിതോഷികം ഏറ്റുവാങ്ങുമ്പോള്‍, ഇത് എക്കാലവും ആവേശം പകരുന്ന നിമിഷമാണെന്ന് കേരള താരങ്ങള്‍ക്ക് അറിയാമായിരുന്നു. ഫൈനലിന് മുമ്പ് വന്ന അപ്രതീക്ഷിത പ്രഖ്യാപനത്തിന് കേരള ടീം നായകന്‍ ജിജോ ജോസഫ് ഡോ. ഷംഷീര്‍ വയലിലിന് നന്ദി പറഞ്ഞു. ”കിരീടത്തിനായുള്ള നാല് വര്‍ഷത്തെ കേരളത്തിന്റെ കാത്തിരിപ്പിനാണ് വിരാമമായത്. സ്വപ്ന സാക്ഷാത്കാരത്തിനായി ഒത്തൊരുമയോടെ പ്രയത്‌നിക്കാന്‍ ടീമിനായി. പരിശീലകര്‍ക്കും ഒപ്പമുണ്ടായിരുന്നവര്‍ക്കും എല്ലാത്തിനുമുപരി ആവേശമായി കൂടെ നിന്ന ആരാധകര്‍ക്കും നന്ദി” – അദ്ദേഹം പറഞ്ഞു. ഒരു കോടി രൂപയുടെ പാരിതോഷികത്തിനപ്പുറം കേരള ഫുട്‌ബോള്‍ ചരിത്രത്തിലെ സുപ്രധാന ദിനമായി മാറ്റിയതിനും വിപിഎസ് ഹെല്‍ത്ത് കെയറിന് നന്ദി പറഞ്ഞു.
ഡോ. ഷംഷീറിന്റെ തീരുമാനം കായിക മേഖലയോടുള്ള നിസ്വാര്‍ത്ഥ താത്പര്യത്തില്‍ നിന്ന് ഉണ്ടാകുന്നതാണെന്ന് കേരള ടീമിന്റെ പരിശീലകന്‍ ബിനോ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. ഇത്തരം പിന്തുണ കൂടുതല്‍ ആളുകളെ കായിക രംഗത്തേക്ക് അടുപ്പിക്കാന്‍ സഹായിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ബിനോ ജോര്‍ജ് പറഞ്ഞു.
മലയാളത്തിന്റെ ഇതിഹാസ താരം ഐ.എം വിജയന്‍ കേരള ടീമിനെ അഭിമാനത്തോടെ അഭിവാദ്യം ചെയ്തത് ആവേശക്കാഴ്ചയായി. മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് വന്ന പാരിതോഷിക പ്രഖ്യാപനം ഫൈനലിന്റെ ഹൈലൈറ്റുകളില്‍ ഒന്നായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
”ഈ വിജയം കേരളത്തെ പുതിയ ഉയരങ്ങളിലെത്തിക്കും. യുവ കായിക പ്രേമികള്‍ക്കും ഇത് ഒരു പ്രോത്സാഹനമാണ്”- വിജയന്‍ പറഞ്ഞു.
വിപിഎസ് ഹെല്‍ത്ത് കെയര്‍ ഇന്ത്യ മേധാവി ഹാഫിസ് അലി ഉള്ളാട്ട്, വിപിഎസ് ഹെല്‍ത്ത്‌കെയര്‍ കോര്‍പറേറ്റ് കമ്യൂണികേഷന്‍സ് ആന്‍ഡ് സിഎസ്ആര്‍ മേധാവി ഡോ. രാജീവ് മാങ്കോട്ടില്‍ എന്നിവരാണ് ഡോ. ഷംഷീറിന് വേണ്ടി ഒരു കോടി രൂപ ടീമിന് കൈമാറിയത്.
‘ക്യാപ്റ്റന്‍ വിപി സത്യ’നെ കുറിച്ചും കരിയറില്‍ ഉടനീളം അദ്ദേഹം നേരിട്ട പ്രതിസന്ധികളെപ്പറ്റിയും അദ്ദേഹത്തിന്റെ തിരിച്ചുവരവുകളെ കുറിച്ചും വേദിയില്‍ ഭാര്യ അനിതാ സത്യന്‍ പങ്കു വെച്ചു. കേരള ടീമിന്റെ ഏഴാം കിരീട നേട്ടം അദ്ദേഹത്തെ ഏറെ സന്തോഷിപ്പിച്ചേനെ എന്ന് അനിത പറഞ്ഞു. ഇത് തങ്ങള്‍ക്കെല്ലാവര്‍ക്കും പ്രത്യേക ഒത്തുചേരലാണ്. കേരളത്തിലെ ഫുട്‌ബോള്‍ താരങ്ങളെ പിന്തുണയ്ക്കാന്‍ ഡോ. ഷംഷീറിനെ പോലെ കൂടുതല്‍ പേര്‍ മുന്നോട്ടു വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അനിത പ്രതീക്ഷ പ്രകടിപ്പിച്ചു.
”കായിക താരങ്ങള്‍ വെള്ളിവെളിച്ചത്തില്‍ നില്‍ക്കുമ്പോള്‍ ആളുകള്‍ അവരെ അംഗീകരിക്കുന്നു. വിരമിച്ച ശേഷം അവരെ ഓര്‍ക്കാനിടയില്ല. അതിനാല്‍, കളിക്കാര്‍ക്ക് ഇപ്പോള്‍ നല്‍കുന്ന ഇത്തരം സാമ്പത്തിക സഹായം അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനും അവരുടെ ഭാവി ജീവിതം ആസൂത്രണം ചെയ്യാനും തീര്‍ച്ചയായും സഹായിക്കും” -അനിത കൂട്ടിച്ചേര്‍ത്തു.
കായിക താരങ്ങള്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കണമെങ്കില്‍ അവരുടെ നേട്ടങ്ങള്‍ അപ്പപ്പോള്‍ അംഗീകരിക്കപ്പെടണമെന്നാണ് ഡോ. ഷംഷീറിന്റെ പക്ഷം. ”അവരുടെ കഠിനാധ്വാനം തിരിച്ചറിയുക എന്നത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്വമാണ്. വിജയങ്ങള്‍ ഒരു ദിവസം കൊണ്ടുണ്ടാകുന്നതല്ല. ഏഴ് കിരീട നേട്ടത്തിന് പിന്നില്‍ കളിക്കാരുടെ കഠിന പ്രയത്‌നമുണ്ട്. ഈ ഒത്തുചേരല്‍ ആ ശ്രമങ്ങളെ രേഖപ്പെടുത്തുമെന്നും സംസ്ഥാനത്തെ ഫുട്‌ബോളിന്റെ ഭാവിക്ക് ശക്തമായ അടിത്തറയിടുമെന്നും ഞാന്‍ വിശ്വസിക്കുന്നു” -ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു.
മലയാളിയുടെ ഫുട്‌ബോള്‍ ആവേശം വാക്കുകളിലേക്ക് ആവാഹിച്ച ഷൈജു ദാമോദരന്‍ അവതാരകനായി എത്തിയത് പുത്തനനുഭവമായി.

സന്തോഷ് ട്രോഫി കേരളത്തില്‍ എത്തിച്ച വിവിധ തലമുറകളിലെ ഫുട്‌ബോള്‍ താരങ്ങള്‍ ഒരുമിച്ചു സന്തോഷ് ട്രോഫിക്കൊപ്പം