നീറ്റ് പിജി പരീക്ഷ: രണ്ടാം റാങ്കിന്റെ മികവില്‍ ഡോ. സഅദ സുലൈമാന്‍

ഷാര്‍ജ: ഓള്‍ ഇന്ത്യ നീറ്റ് പിജി പരീക്ഷയില്‍ (എംഡിഎസ്) രണ്ടാം റാങ്ക് നേടി മികവ് തെളിയിച്ചിരിയിക്കുകയാണ് കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിനി ഡോ. സഅദ സുലൈമാന്‍. എയിംസ് പ്രവേശന പരീക്ഷയില്‍ 35-ാം റാങ്കും എയിംസ് ഒബിസിയില്‍ 10-ാം റാങ്കും സ്വന്തമാക്കിയിരുന്ന ഈ മിടുക്കി രണ്ടര വയസ്സുകാരിയുടെ മാതാവാണ്. ഭര്‍ത്താവിനോടൊപ്പം ഷാര്‍ജയില്‍ താമസിക്കുന്ന സഅദ 2018ലാണ് പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് ബിഡിഎസ് പഠനം പൂര്‍ത്തിയാക്കിയത്. റാങ്ക് നേട്ടം പ്രവാസ ലോകത്ത് ആഘോഷിക്കുകയാണ് കുടുംബം.
നാട്ടില്‍ വിവിധ ആശുപത്രികളില്‍ പ്രാക്റ്റീസ് ചെയ്തിരുന്നു. നേരത്തെ, ദുബൈയിലായിരുന്നെങ്കിലും തുടര്‍ പഠന സാധ്യതകള്‍ക്കായി നാട്ടില്‍ പോയി ഈ മാസം ആദ്യം പരീക്ഷക്ക് ശേഷം വീണ്ടും ദുബൈയില്‍ എത്തിയതായിരുന്നു. എജുഗ്‌ളൈഡര്‍ ജനറല്‍ മാനേജറായ ടി.സി അഹ്മദലി ഹുദവിയാണ് ഭര്‍ത്താവ്. അര്‍വാ അഹ്മദ് ഏക മകള്‍. വി.പി.എം സുലൈമാന്‍-റാബിയ ദമ്പതികളുടെ മകളാണ്. റാസി, സഹല എന്നിവര്‍ സഹോദരങ്ങളാണ്.