ശൈഖ് ഖലീഫയുടെ വിയോഗം അറബ് നാടിന് തീരാനഷ്ടം

7

എല്ലാവരും മരിക്കും. സ്രഷ്ടാവായ അല്ലാഹുവിന് മാത്രമാണ് ശാശ്വതത്വം. ഓരോ മരണവും നാം ഉള്‍ക്കൊണ്ടേണ്ടിയിരിക്കുന്നു. ക്ഷമയാണ് സത്യവിശ്വാസിയുടെ മുഖമുദ്ര. അല്ലാഹു പറയുന്നുണ്ട്: എന്തെങ്കിലും വിപത്തും സംഭവിക്കുമ്പോള്‍ ”ഞങ്ങള്‍ അല്ലാഹുവിനുള്ളവരും അവങ്കലേക്ക് മടങ്ങുന്നവരുമാണ്” (ഇന്നാ ലില്ലാഹി വഇന്നാ ഇലയ്ഹി റാജിഊന്‍) എന്നു പറയുന്ന ക്ഷമാശീലര്‍ക്ക് താങ്കള്‍ ശുഭ വാര്‍ത്ത അറിയിക്കുക” (സൂറത്തുല്‍ ബഖറ 155, 156).
യുഎഇ പ്രസിഡണ്ട് ശൈഖ് ഖലീഫ ബ്‌നു സായിദ് ആലു നഹ്‌യാന്‍ അല്ലാഹുവിന്റെ അലംഘനീയ വിധി പ്രകാരം അവനിലേക്ക് മടങ്ങിയിരിക്കുന്നു. നാഥന്‍ അദ്ദേഹത്തിന് സ്വര്‍ഗീയാരാമം നല്‍കി അനുഗ്രഹിക്കട്ടെ.  ഈ നാടിന്റെ യുക്തിമാനായ ഭരണാധികാരിയിരുന്നു അദ്ദേഹം. ജനതയിലെ ഓരോ അംഗത്തിനും കരുണാമയനായ പിതാവ് കണക്കെയുമായിരുന്നു. ഉത്തരവാദിത്തങ്ങള്‍ വളരെ ഭംഗിയായി നിര്‍വഹിച്ച ശൈഖ് നാടിന്റെ വികസനവും നാട്ടില്‍ വസിക്കുന്നവരുടെ ക്ഷേമവും ഉറപ്പു വരുത്തുന്നതില്‍ തന്റെ പ്രിയ പിതാവ് ഈ നാടിന്റെ രഷ്ട്രപിതാവായ ശൈഖ് സായിദ് ബ്‌നു സുല്‍ത്താനെയും ശൈഖ് റാഷിദ് ബ്‌നു സഈദിനെയും പോലുള്ള മറ്റു മുന്‍ഗാമികളെ മാതൃകയാക്കുകയായിരുന്നു. സ്വദേശികളും വിദേശികളുമെല്ലാം അദ്ദേഹത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. വികാര നിര്‍ഭരമായും പ്രാര്‍ത്ഥനാപൂര്‍വവുമാണ് ശൈഖിനെ ജനത യാത്രയയച്ചത്.
ഉത്കൃഷ്ട സ്വഭാവത്തിനുടമയായിരുന്നു ശൈഖ് ഖലീഫ. ഓരോരുത്തരോടും തന്റെ സ്വഭാവ മഹിമ കൊണ്ട് മാനസിക അടുപ്പം പുലര്‍ത്തുന്നയാളായിരുന്നു. സ്വഭാവ ശ്രേഷ്ഠതയാണല്ലോ അന്ത്യനാളില്‍ നബി(സ്വ)യോടൊപ്പം സദസ്സില്‍ അടുത്തിരിക്കുന്നവരും തങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടവരും (ഹദീസ് തുര്‍മുദി 2018).
നീതിമാനായ ഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫ. യുഎഇയുടെ മണ്ണിലും വിണ്ണിലും ആ നീതി പ്രവഹിക്കുന്നത് കാണാം. അതു കൊണ്ടാണ് രാജ്യത്ത് ഏവരും ഗോത്രം, മതം, രാജ്യം എന്നിങ്ങനെയുള്ള സര്‍വ വൈവിധ്യങ്ങളോടൊപ്പം സമാധാനമായി ജീവിക്കുന്നത്. അന്ത്യനാളില്‍ ഒരു തണലുമില്ലാത്ത നേരത്ത് ദൈവ സിംഹാസനത്തിന്റെ തണല്‍ ലഭിക്കുന്ന ഏഴു കൂട്ടരില്‍ നീതിമാനായ ഭരണാധികാരിയുമുണ്ടല്ലോ (ഹദീസ് ബുഖാരി, മുസ്‌ലിം).
സാംസ്‌കാരിക, മാനവിക പ്രവര്‍ത്തനങ്ങളും ആതുര സാന്ത്വന സേവനങ്ങളും ചെയ്യാന്‍ ശൈഖ് എന്നും മുന്‍പന്തിയിലുണ്ടായിരുന്നു. ഒട്ടനവധി മസ്ജിദുകളും ആശുപത്രികളും നിര്‍മിച്ചു നല്‍കിട്ടുണ്ട്. അനേകം സ്‌കുളുകളും സര്‍വകലാശാലകളും സ്ഥാപിച്ചിട്ടുണ്ട്. നിരവധി പുതിയ നഗരങ്ങളും സ്ഥാപനങ്ങളും വ്യവസ്ഥപ്പെടുത്തുകയുമുണ്ടായി.
നല്ല ജനോപകാരിയായിരുന്നു. ജനങ്ങളോട് മയത്തിലും കരുണയിലുമായിരുന്നു ഇടപെട്ടിരുന്നത്. കരുണ കാണിക്കുന്നവരോട് കാരുണ്യ കേദാരമായ അല്ലാഹുവും കരുണ കാണിക്കുമെന്നാണല്ലോ നബി (സ്വ) തങ്ങള്‍ പഠിപ്പിച്ചിരിക്കുന്നത് (ഹദീസ് അബൂ ദാവൂദ് 4941, തുര്‍മുദി 1924). ശൈഖ് നാട്ടിലും അന്യ നാടുകളിലുമായി ഒത്തിരി സഹായ പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ട്. അവയെല്ലാം അദ്ദേഹത്തിന്റെ നിത്യസ്മാരകങ്ങളായി നിലനില്‍ക്കുമെന്ന് തീര്‍ച്ച.
———————

യുഎഇയുടെ പുതിയ നായകനായി മുഹമ്മദ് ബ്‌നു സായിദ് ആലു നഹ്‌യാന്‍ അവരോധിതനായിരിക്കുകയാണ്. വലിയൊരു അനുഗ്രഹമാണ്. അല്ലാഹുവിന് സര്‍വ സ്തുതിയും. അനുഗ്രഹമായി നിങ്ങള്‍ക്ക് എന്തൊക്കെയുണ്ടോ അവയത്രയും അല്ലാഹുവിങ്കല്‍ നിന്നുള്ളതത്രെ (സൂറത്തുന്നഹ്‌ല് 53). സര്‍വ സമ്മതനായ ശൈഖ് മുഹമ്മദിന് പുതിയ ദൗത്യത്തില്‍ സൗഭാഗ്യങ്ങള്‍ ആശംസിക്കാം, പ്രാര്‍ത്ഥിക്കാം. പ്രമുഖ പണ്ഡിതനായ ഫുളൈല്‍ ബ്‌നു ഇയാള് (റ) പറഞ്ഞത് എനിക്കൊരു വരം (ഉത്തരം നല്‍കപ്പെടുന്ന പ്രാര്‍ത്ഥന) നല്‍കപ്പെടുമായിരുന്നെങ്കില്‍ ഞാനത് ഭരണാധികാരിക്കായി നീക്കിവെക്കുമായിരുന്നു എന്നാണ്.