ടി പി ചന്ദ്രശേഖരന്‍ അനുസ്മരണ സമ്മേളനം നടത്തി

104
ടി.പി ചന്ദ്രശേഖരന്‍ അനുസ്മരണ സമ്മേളനം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ കെ.കെ രമ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

ഷാര്‍ജ: മൂലധന രാഷ്ട്രീയ കങ്കാണിമാരുടെ കൂടാരത്തില്‍ നിന്നും പുറത്തിറങ്ങി എന്നതാണ് ടി.പി ചന്ദ്രശേഖരന്‍ ചെയ്ത തെറ്റെന്നും ജനാധിപത്യം സംബന്ധിച്ചും അഭിപ്രായ സ്വാതന്ത്ര്യം സംബന്ധിച്ചുമുള്ള ചോദ്യങ്ങള്‍ നിരന്തരം ഉയര്‍ത്തിക്കൊണ്ടിരിക്കുമെന്നും കെ.കെ രമ എംഎല്‍എ. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടന്ന ടി.പി ചന്ദ്രശേഖരന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ആര്‍ജവമുള്ള രാഷ്ട്രീയവുമായി ഒരു ചെറുസംഘം ഇന്നും ഈ രാഷ്ട്രീയത്തിന് പിന്തുണയുമായി ഗള്‍ഫിലുള്‍പ്പെടെ രംഗത്തുണ്ടെന്നത് ഏറെ പ്രസക്തമാണ്. ജനാധിപത്യത്തെ പോലും വെല്ലുവിളിക്കുന്ന സാഹചര്യമാണ് ഇന്ത്യയിലും കേരളത്തിലുമെന്നത് ആശങ്കാജനകമാണ്. ജാതിയും മതവും പറഞ്ഞ് മനുഷ്യരെ തമ്മിലടിപ്പിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയം നമ്മെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. ജനതയുടെ ജീവിതം അനുദിനം മോശമാവുകയാണ്. കേരളത്തിലും സാധാരണ ജീവിതം ചെലവേറുകയാണ്. എണ്ണക്കമ്പനികള്‍ക്ക് ഇഷ്ടം പോലെ വില കയറ്റാന്‍ അനുമതി നല്‍കുന്ന, ഗ്യാലറിയിലിരുന്ന് കളി കാണുന്നവരായി മാത്രം ഭരണകര്‍ത്താക്കള്‍ മാറുന്ന സ്ഥിതിവിശേഷമാണെന്നും അവര്‍ വിശദീകരിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണയം പോലും സാമുദായികമായി നിശ്ചയിച്ചും സമൂഹത്തില്‍ അന്ത:ഛിദ്രം സൃഷ്ടിച്ചും എങ്ങനെയും ജയിക്കുകയെ ന്ന ചീഞ്ഞളിഞ്ഞ പാര്‍ലമെന്ററി അവസരവാദത്തിലേക്ക് കേരളത്തിലെ സിപിഎം മാറിയെന്നും കെ.കെ രമ ആരോപിച്ചു.
ബിബിത്ത് കോഴിക്കളത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഗീത.പി രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു. രാജീവ് കുന്നംകുളം അധ്യക്ഷത വഹിച്ചു. എ.പി പ്രജിത്ത് സ്വാഗതവും സുജില്‍ മണ്ടോടി നന്ദിയും പറഞ്ഞു.