വിട വാങ്ങിയത് അറബ് നായകന്‍: പ്രാര്‍ത്ഥനാ സദസ്സുകളൊരുക്കും -യുഎഇ കെഎംസിസി

10

ദുബൈ: യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നിര്യാണത്തില്‍ യുഎഇ കെഎംസിസി അനുശോചനം രേഖപ്പെടുത്തി. വിവിധ എമിറേറ്റുകളില്‍ സംഘടന നടത്താനിരുന്ന എല്ലാ പരിപാടികളും ഏഴു ദിവസത്തേക്ക് മാറ്റി വെക്കുന്നതായും യുഎഇയുടെ ദു:ഖാചരണത്തില്‍ സംഘടന പങ്കു കൊള്ളുന്നതായും കെഎംസിസി നാഷണല്‍ കമ്മിറ്റി അറിയിച്ചു.
യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റും അബുദാബിയുടെ പതിനാറാമത്തെ ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിന്‍ നഹ്‌യാന്‍ പിതാവായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ പാത പിന്തുടര്‍ന്ന് യുഎഇയെ ആധുനികവും നൂതനവുമായ രാജ്യമാക്കി മാറ്റുന്നതിന് നേതൃത്വമേകി. ലോക രാജ്യങ്ങളില്‍ നിര്‍ണായക പദവിയിലേക്ക് യുഎഇയെ നയിച്ച നായകനാണ് വിട വാങ്ങിയത്. കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍, വര്‍ക്കിംഗ് പ്രസിഡണ്ട് അബ്ദുല്ല ഫാറൂഖി, ജന.സെക്രട്ടറി പി.കെ അന്‍വര്‍ നഹ, ട്രഷറര്‍ നിസാര്‍ തളങ്കര, വര്‍ക്കിംഗ് പ്രസിഡന്റ് യു.അബ്ദുല്ല ഫാറൂഖി എന്നിവര്‍ അനുസ്മരിച്ചു. രാഷ്ട്രത്തലവന്റെ മരണത്തെ തുടര്‍ന്ന് യുഎഇ പ്രഖ്യാപിച്ച 40 ദിവസത്തെ ഔദ്യോഗിക ദു:ഖാചരണത്തില്‍ കെഎംസിസി പങ്കെടുക്കും. അന്തരിച്ച രാഷ്ട്ര നായകനു വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനാ സദസ്സുകള്‍ സംഘടന ഒരുക്കും. വിവിധ സംസ്ഥാന ഭാരവാഹികള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇതിനുള്ള നിര്‍ദേശം നല്‍കിയതായി പുത്തൂര്‍ റഹ്മാന്‍ അറിയിച്ചു.