യുഎഇ-മുട്ടം ജമാഅത്ത് പ്രവാസി സംഗമം നടത്തി

നവീകരിച്ച മുട്ടം വെങ്ങര മുസ്‌ലിം യുപി സ്‌കൂള്‍ കെട്ടിടോദ്ഘാടനത്തോടനുബന്ധിച്ച് യുഎഇ-മുട്ടം ജമാഅത്ത് കമ്മിറ്റി നേതൃത്വത്തില്‍ ഒരുക്കിയ പ്രവാസി സംഗമം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വൈ.എ റഹീം ഉദ്ഘാടനം ചെയ്യുന്നു

ഷാര്‍ജ: നവീകരിച്ച മുട്ടം വെങ്ങര മുസ്‌ലിം യുപി സ്‌കൂളിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് യുഎഇ മുട്ടം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവാസി സംഗമം സംഘടിപ്പിച്ചു. കാലപ്പഴക്കത്തില്‍ ബലക്ഷയം സംഭവിച്ച പഴയ കെട്ടിടം പൊളിച്ചാണ് ആധുനിക കെട്ടിടം നിര്‍മിച്ചത്. കെട്ടിട നിര്‍മാണത്തില്‍ സഹകരിച്ച പ്രവാസികളായ കമ്മിറ്റി അംഗങ്ങള്‍ക്കും പൂര്‍വ വിദ്യാര്‍ത്ഥികള്‍ക്കും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിനാലാണ് ഇങ്ങനെയൊരു സ്‌നേഹ സംഗമം ഒരുക്കിയതെന്ന് ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.
പാടത്തും പറമ്പിലും പണിയെടുത്തും ബീഡി തെറുത്തും ജീവിച്ച അക്ഷരാഭ്യാസമില്ലാത്ത നിര്‍ധനരായ മനുഷ്യര്‍ നന്മ മാത്രം  കൈമുതലാക്കിയവരായിരുന്നുവെന്നും അവര്‍ തങ്ങളുടെ പിന്‍ഗാമികള്‍ക്കായി ഉറുമ്പ് കൂട് കൂട്ടുന്നത് പോലെ കൂട്ടിക്കൂട്ടി നിര്‍മിച്ച നാടിന്റെ അഭിമാന സ്ഥാപനമാണ് ഈ യുപിജ സ്‌കൂള്‍ കെട്ടിടമെന്നും യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വൈ.എ റഹീം പറഞ്ഞു. ഓല മേഞ്ഞ ഷെഡില്‍ നിന്നും മൂന്നുനില കെട്ടിടത്തിലേക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള സ്‌കൂള്‍ നിര്‍മിക്കാന്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ആളുകളെയും അദ്ദേഹം അഭിവാദ്യം ചെയ്തു.
നല്ലവരായ നാട്ടുകാര്‍, പ്രവാസികള്‍, അഭ്യുദയകാംക്ഷികള്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹായത്തോടേയാണ് പുതിയ സ്‌കൂളിന്റെ ആദ്യ ഘട്ടം പൂര്‍ത്തീകരിച്ചത്. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഈ മാസം 25ന് പ്രമുഖ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ച് നിര്‍വഹിച്ചു. ഈ ഒരു വലിയ ദൗത്യം ഏറ്റെടുത്ത മുഴുവന്‍ ആളുകള്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായി ജമാഅത്ത് വര്‍ക്കിംഗ് പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു. ‘എന്റെ സ്‌കൂള്‍ എന്റെ അഭിമാനം’ എന്ന സ്വപ്ന പദ്ധതിയാണ് ഇവിടെ സാക്ഷാത്കരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ച അഡ്വ. വൈ.എ റഹീം, സാമൂഹിക-ജീവകാരുണ്യ പ്രവര്‍ത്തകന്‍ സലാം പാപ്പിനിശ്ശേരി, വെങ്ങര മാപ്പിള യുപി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയും 45 വര്‍ഷമായി പ്രവാസിയുമായ പരത്തി കമലാക്ഷന്‍, കോവിഡ് കാലത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സി.പി ജലീല്‍ എന്നിവരെയും, മുട്ടത്ത് പ്രവര്‍ത്തിക്കുന്ന സാമൂഹിക-സാംസ്‌ക്കാരിക-ജീവ കാരുണ്യ-സ്‌പോര്‍ട്‌സ് രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സിഎച്ച് യുവക് കേന്ദ്രം, വൈഎംസിഎ, ലയേണ്‍സ്, വിക്‌ടേഴ്‌സ്, സുല്‍ത്താന്‍ ചിറ എന്നീ ക്‌ളബ്ബുകളെയും ഉപഹാരം നല്‍കി ആദരിച്ചു. മാധ്യമ പ്രവര്‍ത്തകരായ ജലീല്‍ പട്ടാമ്പി, എന്‍.എ.എം ജാഫര്‍, അഖില്‍ ദാസ്, സംഘടന നേതാക്കളായ തച്ചങ്ങാട് ബാലകൃഷ്ണന്‍, ഷിബു വര്‍ഗീസ്, പി.മൊയ്തീന്‍ ഹാജി, പി.ശിഹാബ, എം.ഹുസൈനാര്‍, സാബു തോമസ്, ബുറെഷി ആലപ്പുഴ, എസ്.കെ.പി മുത്തലിംബ്, കെ.ആസാദ്, പി.സിദ്ദീഖ്, കെ.അബ്ദുല്ല ആശംസ നേര്‍ന്നു. എസ്.എല്‍.പി ഷഫീഖ് സ്വാഗതവും എം.ഇബ്രാഹിം നന്ദിയും പറഞ്ഞു.