ജലീല്‍ പട്ടാമ്പി
ദുബൈ: യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയും യുഎഇ സായുധ സേനാ സര്‍വ സൈന്യാധിപനുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് (73) അന്തരിച്ചു. യുഎഇ ജനതയോടും അറബ്-ഇസ്ലാമിക രാഷ്ട്രങ്ങളോടും ലോകത്തോടാകെ തന്നെയും ഈ ദു:ഖ വാര്‍ത്ത അറിയിക്കുകയാണെന്നും അനുശോചനം രേഖപ്പെടുത്തുന്നുവെന്നും യുഎഇ പ്രഡിസന്ഷ്യല് കാര്യ മന്ത്രാലയം പറഞ്ഞു.
യുഎഇ രാഷ്ട്ര പിതാവായിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്നഹ്യാന് ശേഷം അദ്ദേഹത്തിന്റെ മൂത്ത പുത്രനായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്നഹ്യാന് രാജ്യത്തിന്റെ രണ്ടാമത്തെ പ്രസിഡന്റും അബുദാബിയുടെ 16-ാമത്തെ ഭരണാധികാരിയുമായി. രാജ്യത്തെ അഭൂതപൂര്‍വ വളര്‍ച്ചയിലേക്കും വികസനത്തിലേക്കും അതിവേഗത്തിലെത്തിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം.
1971 ഡിസംബര്‍ 2 മുതല്‍ യുഎഇ രൂപം കൊണ്ട ശേഷം ആദ്യ പ്രസിഡന്റ് ശൈഖ് സായിദായിരുന്നു. 2004 നവംബര്‍ 2നാണ് ശൈഖ് സായിദ് അന്തരിച്ചത്. 2004 നവംബര്‍ 3 മുതല്‍ ശൈഖ് ഖലീഫ യുഎഇ പ്രസിഡന്റായി. ഇന്ത്യക്കാരടക്കം 200ലധികം രാജ്യങ്ങളില്‍ നിന്നുള്ള ജനങ്ങളുടെ രണ്ടാം വീടായ യുഎഇയെ ഇന്നത്തെ നിലയിലേക്ക് ഉയര്‍ത്തിയ മികച്ച ഭരണാധിപനായിരുന്നു.
1948ല്‍ ജനിച്ച ശൈഖ് ഖലീഫ 2004ല്‍ യുഎഇ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടയുടന്‍ ഫെഡറല്‍ ഗവണ്മെന്റിനെയും വിവിധ എമിറേറ്റുകളിലെ സര്‍ക്കാറുകളെയും പുന:സംഘടിപ്പിക്കുന്ന പ്രവര്‍ത്തനമാണ് ആദ്യം നടത്തിയത്. സന്തുലിതവും സുസ്ഥിര വികസനത്തിലധിഷ്ഠിതവുമായ സ്ട്രാറ്റജിക് പ്ളാന്‍ അദ്ദേഹം ആവിഷ്കരിച്ചു നടപ്പാക്കി. ആ ആസൂത്രണ പദ്ധതിയാണ് യുഎഇയെ ഇന്നത്തെ വമ്പിച്ച വികസന തലത്തിലേക്കുയര്‍ത്തിയത്. സ്വദേശികളും വിദേശികളുമായ യുഎഇയിലെ ജനങ്ങള്‍ക്ക് മികച്ച ജീവിത നിലവാരം അദ്ദേഹത്തിന്റെ ഭരണത്തിന് കീഴിലുണ്ടായി.
ഇതുകൂടാതെ, യുഎഇ പാര്‍ലമെന്റായ ഫെഡറല്‍ നാഷണല്‍ കൗണ്‍സിലിലെ അംഗങ്ങള്‍ക്കുള്ള നാമനിര്‍ദേശ സമ്പ്രദായം വികസിപ്പിക്കാനുള്ള ഒരു സംരംഭം അദ്ദേഹം ആരംഭിച്ചു. ഇത് യുഎഇയില്‍ നേരിട്ട് തെരഞ്ഞെടുപ്പ് സ്ഥാപിക്കാനുള്ള ആദ്യ പടിയായി വന്നു.
തന്റെ പിതാവും രാഷ്ട്ര ശില്പിയുമായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്നഹ്യാന് സൃഷ്ടിച്ച വികസന പാതയുടെ തുടര്‍ച്ച സമ്മാനിച്ച ശൈഖ് ഖലീഫ, മഹത്തായ അറബ്-ഇസ്ലാമിക പാരമ്പര്യത്തെ മുറുകെ പിടിച്ച് യുഎഇയെ ലോകമെങ്ങും ശ്രദ്ധിക്കുന്ന നിലയിലേക്ക് വഴിനടത്തിച്ചു. ”സുരക്ഷിതത്വവും സുസ്ഥിരതയും വാഴുന്ന സമൃദ്ധമായ ഭാവിയിലേക്ക് നമ്മെ നയിക്കുന്ന വഴിവിളക്കായി തുടരും” എന്നായിരുന്നു അധികാരമേറ്റ ഉടന്‍ അദ്ദേഹം പ്രഖ്യാപിച്ചത്. അക്ഷരാര്‍ത്ഥത്തില്‍ അത് പാലിക്കാനും മികച്ച ഭരണാധികാരി എന്ന ഖ്യാതി നേടാനും അദ്ദേഹത്തിന് സാധിച്ചു.
യുഎഇയുടെ സമ്പന്നമായ എണ്ണ-വാതക മേഖലയുടെ വികസനത്തിനും രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവത്കരണത്തിനും വിജയകരമായ നായകത്വം വഹിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ഏറ്റവും വികസിച്ച എമിറേറ്റുകളായ അബുദാബിക്കും ദുബൈക്കുമൊപ്പം വടക്കന്‍ എമിറേറ്റുകളെയും കൂടെ കൂട്ടാന്‍ അദ്ദേഹം രാജ്യത്തുടനീളം വ്യാപകമായി സഞ്ചരിച്ച് പഠനം നടത്തി. ജനങ്ങളുമായും ഓരോ മേഖലകളിലെയും വിദഗ്ധരുമായും നേരിട്ട് സംസാരിച്ചു. ഈ പര്യടന കാലയളവില്‍ ഭവനം, വിദ്യാഭ്യാസം, സാമൂഹിക സേവനം എന്നീ മേഖലകളില്‍ ആയിരക്കണക്കിന് പദ്ധതികള്‍ നടപ്പാക്കി. അങ്ങനെ, സ്വയം സമ്പൂര്‍ണമായ ഒരു ക്ഷേമ രാഷ്ട്രം സാധ്യമാക്കാന്‍ ചരിത്രപരമായ നേതൃത്വമാണ് ശൈഖ് ഖലീഫ നിര്‍വഹിച്ചത്. ഔദ്യോഗിക ദൗത്യങ്ങളിലൂടെയും മറ്റ് അവസരങ്ങളിലൂടെയും അദ്ദേഹം ഇടയ്ക്കിടെ ജനങ്ങളുമായി നേരിട്ട് ആശയ വിനിമയം നടത്തി.
വിനയവും ലാളിത്യവും മുഖമുദ്രയായിരുന്ന ശൈഖ് ഖലീഫ നല്ലൊരു ശ്രോതാവും തന്റെ ജനങ്ങളുടെ കാര്യങ്ങളില്‍ അഗാധമായ താല്പര്യവുമുള്ള വ്യക്തിത്വമായിരുന്നു. യുഎഇ, ഗള്‍ഫ് മേഖലകളില്‍ അദ്ദേഹം ഏറ്റവുമധികം സ്നേഹിക്കപ്പെട്ട ഒരു ഭരണാധികാരി കൂടിയാണ്.
രാജ്യത്ത് 40 ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു
യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ്യാന്റെ നിര്യാണത്തെ തുടര്‍ന്ന് യുഎഇ പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രാലയം
രാജ്യത്ത് 40 ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു
മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, ഫെഡറല്‍-പ്രാദേശിക സ്ഥാപനങ്ങള്‍, സ്വകാര്യ മേഖല എന്നിവിടങ്ങളിലെ എല്ലാ ജോലികളും വെള്ളിയാഴ്ച മുതല്‍ 3 ദിവസത്തേക്ക് പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. ഈ ദിവസങ്ങളില്‍ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടണം.
പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രാലയം അനുശോചിച്ചു
അബുദാബി: നാഥന്റെ വിധിക്കുത്തരം നല്കി മടങ്ങിയ ശൈഖ് ഖലീഫയുടെ വിയോഗത്തില്‍ യുഎഇ ജനതയും അറബ്, ഇസ്ലാമിക രാഷ്ട്രങ്ങളും ലോകവും ദു:ഖിക്കുന്നതായി യുഎഇ പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഈ വേര്‍പാടില്‍ യുഎഇ ജനതക്ക് ക്ഷമയും ആശ്വാസവും സമാധാനവും ലഭിക്കട്ടെയെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.