പി.സി ജോര്‍ജിന് യൂസഫലിയുടെ മറുപടി ശ്രീബുദ്ധന്റെ ഉദ്ധരണി

35

നിമിഷ പ്രിയയുടെ മോചനത്തിന് സാധ്യമായ സഹായങ്ങള്‍ ചെയ്യു0

ദുബൈ: വിദ്വേഷജനകമായ പ്രസ്താവന നടത്തിയ പി.സി ജോര്‍ജിന് ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസഫലി പരോക്ഷ മറുപടി നല്‍കിയത് ശ്രീബുദ്ധന്റെ ഉദ്ധരണിയോടെ. നെഗറ്റീവായ ആളുകളോട് നിങ്ങള്‍ പ്രതികരിക്കുന്നത് എത്രത്തോളം കുറക്കുന്നുവോ, അത്രത്തോളം നിങ്ങളുടെ ജീവിതം സമാധാനപൂര്‍ണമായിരിക്കും എന്ന ഉദ്ധരണിയാണ് എം.എ യൂസഫലി മറുപടിയായി നല്‍കിയത്. അനന്തപുരി ഹിന്ദു മത സമ്മേളനത്തില്‍ പി.സി ജോര്‍ജ് തനിക്കെതിരെ നടത്തിയ വിഷലിപ്തമായ പ്രസ്താവന തിരുത്തിയിരുന്നുവെന്നും അതിനി വീണ്ടും എടുത്തിടേണ്ട ആവശ്യമില്ലല്ലോയെന്നും, പുതുതായി ഷാര്‍ജ ബൂ തിനയില്‍ ആരംഭിച്ച ലുലു ഹൈപര്‍ മാര്‍ക്കറ്റില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവേ അദ്ദേഹം പറഞ്ഞു. അതുസംബന്ധിച്ച് വീണ്ടും ചോദ്യങ്ങള്‍ വന്നപ്പോഴാണ് ആ വിഷയം താന്‍ സംസാരിക്കാനേ ഇഷ്ടപ്പെടുന്നില്ലെന്ന് പറഞ്ഞു കൊണ്ട് ബുദ്ധ ഭഗവാന്റെ ഉദ്ധരണി അദ്ദേഹം അവതരിപ്പിച്ചത്. യൂസഫലി വിമര്‍ശത്തിന് അതീതനല്ലെന്നും ആര്‍ക്കും എന്തും പറയാന്‍ ഇന്ത്യന്‍ ഭരണ ഘടന അവകാശം നല്‍കുന്നുണ്ടെന്നും പറഞ്ഞ യൂസഫലി, എന്നാല്‍ മലയാളത്തിനും മലയാളികള്‍ക്കും ഒരു മഹത്തായ സംസ്‌കാരമുണ്ടെന്നും അവര്‍ മനുഷ്യ സ്‌നേഹമുള്ളവരാണെന്നും ഇത്തരം കാര്യങ്ങളെയൊന്നും അവര്‍ വില വെക്കുന്നില്ലെന്നും സൂചിപ്പിച്ചു.
നിമിഷ പ്രിയയുടെ മോചനത്തിന് സാധ്യമായ സഹായങ്ങള്‍ ചെയ്യുമെന്ന് അതുസംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞു. എങ്ങനെയായിരിക്കും ആ നീക്കമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. ഒരു വഴിയില്‍ ഞാന്‍ പരിശ്രമിക്കുന്നുണ്ട്. ഒരുപാടാളുകള്‍ നിമിഷ പ്രിയയുടെ മോചനത്തിനായി പരിശ്രമിക്കുന്നുണ്ട്. ആരുടെയെങ്കിലും ഒരാളുടെ പരിശ്രമം വിജയിക്കുകയാണെങ്കില്‍ നല്ലതല്ലേ. ഏതെങ്കിലുമൊരു വഴി ശരിയാകും. അതിനായി എല്ലാവരും പരിശ്രമിക്കുക. ആ കുട്ടിയെ സഹായിക്കേണ്ടത് നാമോരോരുത്തരുടെയും കടമയാണ് -അദ്ദേഹം വ്യക്തമാക്കി.
ലുലുവിന്റെ ഇന്ത്യയിലെ വികസന പദ്ധതികള്‍ പുരോഗമിക്കുന്നുവെന്ന് പറഞ്ഞ യൂസഫലി, 32-ാമത്തെ ശാഖയാണ് ഇപ്പോള്‍ ബൂ തിനയില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുന്നതെന്ന് വ്യക്തമാക്കി. ”ഉദ്ഘാടന സമയത്ത് ഞാന്‍ മക്കയിലായിരുന്നു. രണ്ടാം പെരുന്നാളിന് വരാമെന്നറിയിച്ചത് പ്രകാരമാണ് ഇവിടെ എത്തിയിരിക്കുന്നത്. എല്ലാ മതത്തിലും പെട്ടയാളുകള്‍ ലുലു ഗ്രൂപ്പില്‍ ജോലി ചെയ്യുന്നു. കസ്റ്റമേഴ്‌സ് നല്‍കുന്ന സഹകരണത്തിനും പിന്തുണക്കും നന്ദി പറഞ്ഞ അദ്ദേഹം അവര്‍ക്കെല്ലാം ഈദാശംസ നേര്‍ന്നു.
നേരത്തെ തന്നെ വളരെ അഗ്രസ്സീവായ വികസന പദ്ധതികളാണ് ലുലു മുന്നോട്ടു വെക്കുന്നത്. ജൂണ്‍ 15ന് ലഖ്‌നൗ ലുലു ഷോപ്പിംഗ് മാള്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും. പണികള്‍ തീര്‍ന്നിട്ടുണ്ട്. ഫിനിഷിംഗ് വര്‍ക്കുകള്‍ നടന്നു കൊണ്ടിരിക്കുന്നു. ഒമിക്രോണ്‍ വന്നതു കാരണമാണ് താമസമുണ്ടായത്. അതു കൂടാതെ, അഹമ്മദാബാദില്‍ സ്ഥലം നല്‍കിയിട്ടുണ്ട്. അവിടെ ഉടന്‍ തന്നെ പണിയാരംഭിക്കും. ഏപ്രില്‍ 24ന് പ്രധാനമന്ത്രി ജമ്മുവില്‍ സന്ദര്‍ശിച്ചിരുന്നു. ഷോപ്പിംഗ് മാളിനായി സ്ഥലം അനുവദിച്ചിട്ടുണ്ട്. അതു കൂടാതെ, ഫുഡ് പ്രോസസ്സിംഗ് കാര്യങ്ങള്‍ വരുന്നു. ജമ്മുവിലേതിന് പുറമെ, ഹൈദരാബാദിലും ബംഗളൂരുവിലും ലുലു യൂണിറ്റുകള്‍ വരും. മാസ്സ് അഗ്രസ്സീവ് പ്‌ളാന്‍ ആണ് ഇന്ത്യയിലുള്ളത്.
കേരളത്തില്‍ കോഴിക്കോട്ടെ ഷോപ്പിംഗ് മാളിന്റെ പണി 50 ശതമാനം കഴിഞ്ഞു. പെരിന്തല്‍മണ്ണ, തിരൂര്‍, പാലക്കാട്, കോട്ടയം, തൃശ്ശൂര്‍ എന്നിവിടങ്ങളിലെല്ലാം വര്‍ക്കുകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഒന്നര വര്‍ഷമായി കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ തകൃതിയാണ്.
ഒട്ടേറെ പ്രകൃതി വിഭവങ്ങളും മറ്റും കൊണ്ട് സമ്പന്നമാണ് കശ്മീര്‍. ഒരുപാട് സാധ്യതകള്‍ അവിടെയുണ്ട്. പശ്ചിമ ബംഗാളിലും അതുണ്ട്. ഇറാഖിലും ഞങ്ങള്‍ക്ക് പദ്ധതിയുണ്ട്. മൊറോക്കോ, ജോര്‍ദാന്‍, ഈജിപ്ത് എന്നിവിടങ്ങളിലുമുണ്ട്. വലിയ വികസന നീക്കമാണ് ഈജിപ്തിലുള്ളത്. വളരെ വലിയ പ്‌ളാന്‍ ആണ് അവിടെയുള്ളത്. രണ്ടു വര്‍ഷത്തെ കോവിഡ് ഇടവേളക്ക് ശേഷം വികസന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയിരിക്കുകയാണ്.
‘സേപ’ കരാര്‍ സംബന്ധിച്ച് മറുപടി പറയവേ, അത് കൊണ്ട് ഇന്ത്യക്ക് കുറെ ഗുണമുണ്ടെന്നും ഗോള്‍ഡ്, ഡയമണ്ട് എക്‌സ്‌പോര്‍ട്ടില്‍ കേരളത്തിന് മെച്ചമുണ്ടാകുമെന്നും കുറെ വസ്തുക്കള്‍ ടാക്‌സില്ലാതെ ഇറക്കുമതി ചെയ്യാനാകുമെന്നും അദ്ദേഹം വിശദീകരിച്ചു.
2024ല്‍ ഡിസം 31ന് 300 ലുലു സ്‌റ്റോറുകളാകും.
ഐപിഒ 2023 മധ്യത്തോടെ ആരംഭിക്കും. ലുലു ഗ്രൂപ്പിലെ ഷെയറുകളില്‍ 20 ശതമാനം അബുദാബിയുടേതാണ്. തന്റെ സ്റ്റാഫിനും കസ്റ്റമേഴ്‌സിനും ഷെയര്‍ കൊടുക്കുമെന്ന് പറഞ്ഞ അദ്ദേഹം ആര്‍ക്കും ഷെയറുകള്‍ എടുക്കാമെന്നും വ്യക്തമാക്കി.
ഫെസ്റ്റിവല്‍ സിറ്റിയിലും ഫെസ്റ്റിവല്‍ പ്‌ളാസയിലും തുറന്ന ലുലു സ്‌റ്റോറുകള്‍ അഭിമാനം നിറഞ്ഞവയാണെന്ന് യൂസഫലി പറഞ്ഞു. ദുബൈ മാളിലെ പുതിയ എക്‌സ്റ്റന്‍ഷനില്‍ ലുലു ഹൈപര്‍ മാര്‍ക്കറ്റ് ഉണ്ടാകുമെന്നും അദ്ദേഹം വെളിപ്പെടുത്തി.