യുവാക്കള്‍ നാടിന്റെ കരുത്ത്

7

സൂറത്തു റൂം 54-ാം സൂക്തത്തിലൂടെ അല്ലാഹു പറയുന്നു: ‘ദുര്‍ബലാവസ്ഥയില്‍ നിന്ന് നിങ്ങളെ പടച്ചവനാണ് അല്ലാഹു. പിന്നീട് ദുര്‍ബലാവസ്ഥക്ക് ശേഷം ശക്തിയുണ്ടാക്കുകയും ചെയ്തു”. പ്രസ്തുത ആയത്തില്‍ പറയപ്പെട്ട ദുര്‍ബലാവസ്ഥ ശിശുത്വവും ബലാവസ്ഥ യുവത്വവുമാണ്. യുവത്വമെന്നാല്‍ ജീവിതത്തിലെ പ്രസരിപ്പിന്റെയും ഊര്‍ജസ്വലതയുടെയും ഘട്ടമാണ്. അല്ലാഹു മനുഷ്യന് ഇഹലോകത്ത് വെച്ച് നല്‍കുന്ന അനുഗ്രഹങ്ങളുടെ സുവര്‍ണ കാലമാണ് യുവത്വ കാലം. പരിശുദ്ധ ഖുര്‍ആന്‍ പ്രവാചകന്മാരുടെ യുവത്വത്തിലെ മനക്കരുത്തും ശരീര കരുത്തും കഥനം ചെയ്യുന്നുണ്ട്. സന്മാര്‍ഗ പ്രചാരണത്തിന് ശക്തിയെ യുക്തമായി പ്രയോഗിച്ചു വിജയിച്ചവരാണവര്‍.
യുവാവായ മൂസാ നബി(അ)യുടെ പരോപകാര സന്നദ്ധത ഖുര്‍ആന്‍ വിവരിച്ചിട്ടുണ്ട്. ശുഐബ് നബി(അ)യുടെ പെണ്‍മക്കള്‍ക്ക് കിണറില്‍ നിന്ന് വെള്ളം കോ രാന്‍ സഹായിച്ച സന്ദര്‍ഭം. ഒരു പെണ്‍കുട്ടി ബാപ്പയോട് പറയുന്നുണ്ട്: ബാപ്പാ ഇദ്ദേഹത്തെ നിങ്ങള്‍ കൂലിക്കാരനായി നിശ്ചയിച്ചോളൂ. താങ്കള്‍ കൂലിക്കാരനായി നിയമിക്കുന്നവരില്‍ ഉദാത്തന്‍ ശക്തനും വിശ്വസ്തനുമായവനത്രെ (സൂറത്തുല്‍ ഖിസ്വസ് 26).
ജ്ഞാനാര്‍ജനത്തിനായി യുവത്വം ഉപയോഗപ്പെടുത്തിയ യഹ്‌യാ നബി(അ)യോട് അല്ലാഹു പറഞ്ഞിട്ടുണ്ട്: ഹേ യഹ്‌യാ, തിരുവേദം ശക്തിയോടെ മുറുകെ പിടിക്കുക (സൂറത്തു മര്‍യം 12).
നമ്മുടെ പ്രവാചകര്‍ മുഹമ്മദ് നബി (സ്വ) യുവത്വത്തെ ശരിയായി ഉപയോഗപ്പെടുത്തണമെന്ന് പല സന്ദര്‍ഭങ്ങന്‍പായി അഞ്ചു കാര്യങ്ങളെ മുതലാക്കണമെന്നാണ് നബി (സ്വ) അരുള്‍ ചെയ്തിരിക്കുന്നത്. അതിലൊന്ന് വാര്‍ധക്യത്തിന് മുന്‍പ് യുവത്വത്തെ പ്രയോജനപ്പെടുത്തണമെന്നാണ് (മുസ്തദ്‌റക് 4/306).
യുവാക്കള്‍ വിജ്ഞാനത്തിനും സാമൂഹിക സേവനങ്ങള്‍ക്കും സമയം കണ്ടെത്തണം. നാടിന്റെ പുരോഗതിക്കും യശസ്സിനും ഊര്‍ജം ചെലവഴിക്കണം. സബഅ് രാജ്ഞിയായിരുന്ന ബല്‍ഖീസിനോട് സ്വജനത പറഞ്ഞത് ശ്രദ്ധേയമാണ്. അവര്‍ പ്രതികരിച്ചു: ശക്തിയും തീവ്ര സമര ശേഷിയുമുള്ളവരാണ് നാം. ആധിപത്യം ഭവതിയുടെ കരങ്ങളിലായതുകൊണ്ട് സുചിന്തിതമായി തീരുമാനം കണ്ടാലും (സൂറത്തുന്നംല് 33). തങ്ങളുടെ ബലവും ആവേശവും ഉപയോഗപ്പെടുത്താമെന്ന് ഏല്‍ക്കുകയായിരുന്നു അവര്‍.