ആര്‍ക് മോട്ടോഴ്‌സ് ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കി

ആര്‍ക് മോട്ടോഴ്‌സ് ആഭിമുഖ്യത്തില്‍ ബുര്‍ജ് ഖലീഫയിലെ അര്‍മാനി ഹോട്ടലില്‍ നടന്ന അഡ്വാന്റേജ് സമ്മിറ്റിന്റെ സമാരംഭ ചടങ്ങില്‍ നിന്ന്

ദുബൈ: അബുദാബി രാജകുടുംബം സ്ഥാപിച്ച എമിറേറ്റിലെ പ്രഥമ ഇവി ബ്രാന്റായ ആര്‍ക് മോട്ടോഴ്‌സിന്റെ ഇലക്ട്രിക് വാഹനങ്ങള്‍ ദുബൈ ബുര്‍ജ് ഖലീഫയിലെ അര്‍മാനി ഹോട്ടലില്‍ നടന്ന അഡ്വാന്റേജ് സമ്മിറ്റില്‍ പുറത്തിറക്കി. അല്‍നഹ്‌യാന്‍, അല്‍മക്തൂം രാജകുടുംബങ്ങളുടെ പൂര്‍ണ പിന്തുണയിലാണ് ചടങ്ങ് നടന്നത്. കാര്‍ബണ്‍ ഫൂട്പ്രിന്റുകള്‍ കുറച്ചു കൊണ്ടുള്ള വാഹനങ്ങളാണ് ജാപ്പനീസ് കമ്പനിയുമായുള്ള സംയുക്ത ധാരണയില്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ രാജ്യാന്തര പുനരുപയോഗ ഊര്‍ജ ഏജന്‍സി (ഐറിന) ആസ്ഥാനമുള്ള അബുദാബിയില്‍ 2023ല്‍ ആഗോള കാലാവസ്ഥാ വ്യതിയാന സമ്മേളനം നടക്കാനിരിക്കെ ഇത്തരമൊരു പ്രകൃതി സൗഹൃദ മുന്നേറ്റം ശ്രദ്ധാര്‍ഹമായ കാര്യമാണ്.
ശൈഖ് മുഹമ്മദ് ബിന്‍ അഹ്മദ് ബിന്‍ ഹംദാന്‍ അല്‍ നഹ്‌യാനാണ് ആര്‍ക് മോട്ടോഴ്‌സ് സ്ഥാപിച്ചത്. സീറോ എമിഷന്‍ (തീരെ പുകയില്ലാത്ത) അന്തരീക്ഷം എന്നതില്‍ ലോക ലീഡറാവുകയെന്ന അബുദാബിയുടെ സ്ട്രാറ്റജിയെ സാധൂകരിക്കുന്ന ഫിലോസഫിയാണിത്.
വിവിധ രാജ്യങ്ങളുടെ അംബാസഡര്‍മാരും കോണ്‍സുല്‍ ജനറല്‍മാരും വ്യത്യസ്ത ഗ്രൂപ്പുകളുടെ ചെയര്‍മാന്മാരും സിഇഒമാരും ഗവണ്‍മെന്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥരും അഡ്വാന്റേജ് സമ്മിറ്റില്‍ സന്നിഹിതരായിരുന്നു.
അവതരിപ്പിക്കപ്പെട്ട വാഹനങ്ങളില്‍ ശ്രദ്ധ പിടിച്ചു പറ്റിയ ഒന്ന് ‘നാറ്റ് നെക്‌സ്റ്റ് ഓട്ടോമാറ്റിക് ടാക്‌സി’ ആണ്. ആക്‌സിലറേഷന്‍, ഇലക്ട്രിഫികേഷന്‍, ഇന്റലിജന്‍സ്, നെറ്റ്‌വര്‍ക്കിംഗ് എന്നീ നാലു സവിശേഷതകളാണ് വാഹന മേഖലയിലെ ആധുനീകരണത്തിലുള്ളത്. ടൊയോട്ടയുടെ അംഗീകാരമുള്ള കമ്പനിയുടെ ഈ വാഹനങ്ങളില്‍ നെക്‌സ്റ്റ് ജനറേഷന്‍ ബാറ്ററികളും വയര്‍ലസ് ചാര്‍ജിംഗ് സംവിധാനങ്ങളും അള്‍ട്രാ-വീക് കറന്റ് മോട്ടോറുകളും നെക്‌സ്റ്റ് ജനറേഷന്‍ ജനറേറ്ററുകളുമാണുള്ളത്.

ശൈഖ് അബ്ദുല്‍ ഹക്കീം ഇന്‍വെസ്റ്റ്‌മെന്റ്‌സ് ഗ്രൂപ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ജോര്‍ജ് മാത്യൂസ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നു.

വികസിത രാജ്യങ്ങളില്‍ ടാക്‌സി വാഹനത്തിന്റെ വില 40,000 ഡോളറാണ്. ആസ്പയര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പിനൊപ്പം ശൈഖ് മുഹമ്മദ് ബിന്‍ അഹ്മദ് ബിന്‍ ഹംദാന്‍ അല്‍ നഹ്‌യാന്റെ പ്രൈവറ്റ് ഓഫീസ് സംയുക്ത സഹകരണത്തിലാണ് ജാപ്പനീസ് ഇലക്ട്രിക് വാഹന നിര്‍മാതാക്കളുമായി ചേര്‍ന്ന് വാഹന നിര്‍മാണ ധാരണയില്‍ എത്തിച്ചേര്‍ന്നതെന്ന് പദ്ധതി സംബന്ധിച്ച് ആസ്പയര്‍ വേള്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സിലെ ഡോ. മുനീര്‍ അഹ്മദ് ചൗധരി വിശദീകരിച്ചു.
ഏറ്റവും മികച്ച ആധുനിക വാഹനങ്ങളാണ് ജാപ്പനീസ് സാങ്കേതികതയില്‍ യുഎഇയില്‍ നിര്‍മിക്കുന്നതെന്ന് ശൈഖ് അബ്ദുല്‍ ഹക്കീം ഇന്‍വെസ്റ്റ്‌മെന്റ്‌സ് ഗ്രൂപ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ജോര്‍ജ് മാത്യൂസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിര്‍മാണവും അസംബ്‌ളിംഗുമെല്ലാം യുഎഇയിലാണ് നിര്‍വഹിക്കുക. യുഎഇയില്‍ നിര്‍മിച്ച് മറ്റു രാജ്യങ്ങളിലലേക്ക് എക്‌സ്‌പോര്‍ട്ടിംഗ് നത്തുകയും ചെയ്യും. സോഫ്റ്റ് ലോഞ്ചിംഗാണ് ഇവിടെ നടന്നതെന്നും പ്രൗഢ ചടങ്ങില്‍ ഉദ്ഘാടനം രണ്ടു മാസങ്ങള്‍ക്കകമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏറ്റവും നല്ല ഗുണനിലവാരവും താങ്ങാനാകുന്ന വിലയും പരിസ്ഥിതിക്ക് അനുയോജ്യവും എന്നതാണ് ഈ വാഹനങ്ങളുടെ പ്രത്യേകത. ബാറ്ററി ഉള്‍പ്പെടെ വാഹന പാര്‍ട്‌സ് മുഴുവന്‍ ജപ്പാനില്‍ നിന്നുള്ളതായിരിക്കും. ടെസ്‌ലയെക്കാള്‍ മെച്ചപ്പെട്ടതാണ് ഈ വാഹനങ്ങളെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഫെറാറി, ആസ്റ്റന്‍ മാര്‍ട്ടിന്‍ തുടങ്ങിയ വമ്പന്‍ ബ്രാന്റുകളെക്കാള്‍ മികവുണ്ടെന്നും കമ്പനി അറിയിച്ചതായും ജോര്‍ജ് മാത്യൂസ് കുട്ടിച്ചേര്‍ത്തു.