സീറ്റ യുഎഇ വാര്‍ഷിക സമ്മേളനം ‘സ്മൃതി 2022’ ആഘോഷിച്ചു

52

ദുബൈ: കോളജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരം പൂര്‍വ വിദ്യാര്‍ത്ഥി സംഘടന (സീറ്റ യുഎഇ) വാര്‍ഷികാഘോഷ പരിപാടി സ്മൃതി 2022 എന്ന പേരില്‍ മില്ലേനിയം ഹോട്ടലില്‍ ആഘോഷിച്ചു. കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ച് രണ്ടു വര്‍ഷത്തിന് ശേഷം നടത്തിയ പരിപാടിയില്‍ വന്‍ പ്രതികരണമാണ് അംഗങ്ങളില്‍ നിന്നും ലഭിച്ചത്. 500ല്‍ പരം അംഗങ്ങള്‍ ഒത്തുകൂടിയ ദിനത്തില്‍ വര്‍ണാഭ ചടങ്ങുകള്‍ക്കും മറ്റു കലാപരിപാടികള്‍ക്കുമാണ് സാക്ഷ്യം വഹിച്ചത്.
മുഖ്യാതിഥിയായിരുന്ന കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥിയും സംഗീതജ്ഞനും ഗായകനുമായ എം.ജയചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രത്യേക ക്ഷണിതാക്കളായി ടെക്‌നോപാര്‍ക് മുന്‍ സിഇഒയും പ്‌ളാനിംഗ് ബോര്‍ഡ് അംഗവുമായ ജി.വിജയരാഘവനും അക്കാഫ് പ്രസിഡന്റ് പോള്‍.ടി ജോസഫും സന്നിഹിതരായിരുന്നു. സീറ്റ യുഎഇ പ്രസിഡന്റ് കൃഷ്ണകുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ ഇവന്റ് കണ്‍വീനര്‍ സുബിന്‍ മോഹന്‍ സ്വാഗതം പറഞ്ഞു. ജനറല്‍ സെക്രട്ടറി ഷിബു വര്‍ഗീസ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സീറ്റ യുഎഇ വൈസ് പ്രസിഡന്റ് നാരായണന്‍, ജോയിന്റ് സെക്രട്ടറി ഗംഗ ഗോവിന്ദ്, ട്രഷറര്‍ ഹരികൃഷ്ണന്‍, ജോയിന്റ് ട്രഷറര്‍ നിഷ ഉദയകുമാര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ജയചന്ദ്ര ഈണങ്ങള്‍ പാടി തുടങ്ങിയ പരിപാടിയില്‍ രവി വര്‍മ ചിത്രങ്ങളുടെ മനുഷ്യ പോര്‍ട്രെയ്റ്റ് ആവിഷ്‌കാരവും ഓട്ടിസം ബാധിച്ച കുട്ടികളുടെ പ്രകടനവും ഓട്ടം തുള്ളലും ളരിപ്പയറ്റും മറ്റു നൃത്യ നൃത്തങ്ങളും കൊണ്ട് മനോഹരമായ ഒരു സായാഹ്നമാണ് സമ്മാനിക്കപ്പെട്ടത്.
കോളജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരം ഫെബ്രുവരി 2022ല്‍ സൃഷ്ടിച്ച ഏറ്റവും കൂടുതല്‍ പേര്‍ (288) ചേര്‍ന്ന് ഓണ്‍ലൈനായി പാട്ടുകള്‍ പാടിയതിന്റെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് സര്‍ട്ടിഫിക്കറ്റ് ദാനവും ചടങ്ങില്‍ നടന്നു. സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അംഗങ്ങള്‍ പങ്കെടുത്തു. അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം എം.ജയചന്ദ്രന്‍ നിര്‍വഹിച്ചു.
മാസങ്ങളായി പരിപാടിക്ക് വേണ്ടി ദിനരാത്രം പ്രവര്‍ത്തിച്ച വിവിധ കമ്മിറ്റി ഭാരവാഹികളായ നസ്‌റുല്‍ ഇസ്‌ലാം, ഉമാ ശ്രീകുമാര്‍, ധന്യ ജയകൃഷ്ണന്‍, ലിജേഷ് ഭാസ്‌കരന്‍, ഷബീര്‍ അലി, നിഷ ഉദയകുമാര്‍, സഫര്‍ ഖാന്‍, ദീപു എ.എസ്, അമിത മൈതീന്‍, അരുണ്‍ സതീഷ്, നീതു ശിവാനന്ദ എന്നിവര്‍ക്ക് നന്ദി പറഞ്ഞ് സീറ്റ യുഎഇ ഭാരവാഹികള്‍ ഈ വര്‍ഷത്തെ സംഗമത്തിന് സമാപനം കുറിച്ചു.