യുഎഇയില്‍ സ്വകാര്യ മേഖലാ കമ്പനികള്‍ക്ക് ക്‌ളാസിഫികേഷന്‍ സംവിധാനം പ്രാബല്യത്തില്‍

22

ജലീല്‍ പട്ടാമ്പി
ദുബൈ: യുഎഇയില്‍ സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്കായുള്ള പുതിയ ക്‌ളാസിഫികേഷന്‍ സംവിധാനം ഇന്നലെ മുതല്‍ നിലവില്‍ വന്നു. ഇതനുസരിച്ച്, രാജ്യത്തെ സ്വകാര്യ കമ്പനികളെ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളായി തരം തിരിച്ചതായും,   കമ്പനികളുടെ നിയമവും വേതന സംരക്ഷണ സംവിധാനവും തൊഴിലാളികളുടെ അവകാശ സംരക്ഷണവും കൂടുതല്‍ മികച്ച നിലയില്‍ പാലിക്കാനാകുമെന്നും യുഎഇ മാനവ വിഭവ-സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.
2022ലെ കാബിനറ്റ് പ്രമേയം നമ്പര്‍ 18 പ്രകാരമാണ് പുതിയ സംവിധാനം നിലവില്‍ വന്നിരിക്കുന്നത്. സാംസ്‌കാരികവും ജനസംഖ്യാപരവുമായ വൈവിധ്യം പ്രോത്സാഹിപ്പിക്കുന്ന നയമാണ് ഇതില്‍ പ്രധാനമായും പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്.
സ്വദേശിവത്കരണ പരിപാടികള്‍ പ്രോത്സാഹിപ്പിക്കുന്നതിലും യുഎഇയെ ശാക്തീകരിക്കുന്നതിലും പ്രാഥമിക ശ്രദ്ധ നല്‍കുന്ന ഈ സംവിധാനം, പ്രധാന ദേശീയ ലക്ഷ്യങ്ങളെ പിന്തുണക്കുന്നതിനോടൊപ്പം ബിസിനസില്‍ ആഗോള നേതൃത്വം കൈവരിക്കാനുള്ള യു എഇയുടെ ശ്രമങ്ങളെ തുടര്‍ച്ചയായി പിന്തുണക്കുകയും ചെയ്യുമെന്നും മാനവ വിഭവ ശേഷി, സ്വദേശിവത്കരണ മന്ത്രി ഡോ. അബ്ദുല്‍ റഹ്മാന്‍ അല്‍ അവാര്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
കമ്പനികളെ തരം തിരിക്കുന്നത് വഴി ബിസിനസ് ഉടമകളുടെ ആവശ്യങ്ങള്‍ നിറവേറ്റാനും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും സാധിക്കുമെന്നും ഡോ. അല്‍ അവാര്‍ എടുത്തു പറഞ്ഞു. നവീകരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെറുകിട-ഇടത്തരം സംരംഭക (എസ്എംഇ) മേഖലയെ പിന്തുണക്കുകയും ചെയ്യുന്നു.
ആദ്യ വിഭാഗത്തിലുള്ള കമ്പനികള്‍ പുതിയ സംവിധാനത്തില്‍ ഒരു മാനദണ്ഡമെങ്കിലും പാലിക്കേണ്ടതുണ്ട്. കമ്പനിയുടെ സ്വദേശിവത്കരണ നിരക്ക് ലക്ഷ്യത്തെക്കാള്‍ മൂന്നിരട്ടിയെങ്കിലും ഉയര്‍ത്തുക, കുറഞ്ഞത് 500 ഇമാറാത്തികളെ പരിശീലിപ്പിക്കാന്‍ ‘നഫീസു'(സ്വദേശി മാനവ വിഭവ മത്സര ശേഷി വര്‍ധിപ്പിക്കാനും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാന്‍ അവരെ പ്രാപ്തരാക്കാനുമുള്ള ഫെഡറല്‍ പ്രോഗ്രാം)മായി സഹകരണം എന്നിവയാണ് മാനദണ്ഡം.
2026ഓടെ 10 ശതമാനം ലക്ഷ്യം കൈവരിക്കുന്നത് വരെ, 50 തൊഴിലാളികളോ അതില്‍ കൂടുതലോ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ ഉയര്‍ന്ന വൈദഗ്ധ്യമുള്ള ജോലികളില്‍ നിന്ന് പ്രതിവര്‍ഷം രണ്ട് ശതമാനമാണ് എമിറേറ്റൈസേഷന്‍ നിരക്ക്.
യുഎഇയില്‍ സാംസ്‌കാരികവും ജനസംഖ്യാപരവുമായ വൈവിധ്യം പ്രോത്സാഹിപ്പിക്കാനുള്ള നിയമത്തിലും നയത്തിലും പ്രതിജ്ഞാബദ്ധരായിരിക്കുമ്പോള്‍ ഈ മാനദണ്ഡങ്ങളൊന്നും പാലിക്കാത്ത കമ്പനികള്‍ രണ്ടാമത്തെ വിഭാഗത്തിലെത്തും.
യുഎഇ തൊഴില്‍ വിപണിയില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാത്ത, സാംസ്‌കാരികവും ജനസംഖ്യാപരവുമായ വൈവിധ്യം പ്രോത്സാഹിപ്പിക്കാത്ത കമ്പനികള്‍ കാറ്റഗറി മൂന്നിലാണ് ഉള്‍പ്പെടുക.
പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുന്നത് സ്വകാര്യ മേഖലയിലെ കമ്പനികളുടെ വളര്‍ച്ചയുടെ സുസ്ഥിരത വര്‍ധിപ്പിക്കുകയും നിക്ഷേപകരുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുകയും യുഎഇയിലെ ബിസിനസ് അന്തരീക്ഷം ഏകീകരിക്കുകയും ചെയ്യുമെന്ന് മനുഷ്യ വിഭവ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സഈദ് അല്‍ ഖൂരി പറഞ്ഞു.
പുതിയ സംവിധാനം വ്യക്തവും സുതാര്യവുമായ മാനദണ്ഡങ്ങള്‍ സ്ഥാപിക്കും. രാജ്യത്തെ തൊഴില്‍ അന്തരീക്ഷം സമ്പന്നമാക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള ശേഷികളുടെ ആകര്‍ഷകത്വം വര്‍ധിപ്പിക്കും.
കമ്പനികളുടെ വര്‍ഗീകരണത്തിനനുസൃതമായി വര്‍ക് പെര്‍മിറ്റുകളുടെ സേവന ഫീസ്, ട്രാന്‍സ്ഫര്‍ ഫീസ് എന്നിവയെ കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ ക്‌ളാസിഫികേഷനോടൊപ്പം ഉണ്ടായിരിക്കും. ഒന്നാം നിര കമ്പനികള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് ഫീസ് 250 ദിര്‍ഹമാകും. അതേസമയം, രണ്ടാം നിര കമ്പനികള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് 1,200 ദിര്‍ഹം ഈടാക്കും. മൂന്നാം നിരയിലുള്ള കമ്പനികള്‍ക്ക് ഏതെങ്കിലും ഫീസിളവുകളില്‍ നിന്ന് പ്രയോജനം ലഭിക്കില്ല. കൂടാതെ, വര്‍ക് പെര്‍മിറ്റുകള്‍ ഇഷ്യൂ ചെയ്യാനോ പുതുക്കാനോ ഉള്ള ഫീസ് രണ്ട് വര്‍ഷത്തേക്ക് 3,450 ദിര്‍ഹം ആയിരിക്കും. യുഎഇ, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ പൗരന്മാരുടെ തൊഴില്‍ ഉള്‍പ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ ഈ ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
2022ലെ മന്ത്രിതല പ്രമേയം നമ്പര്‍ 209ല്‍ വ്യവസ്ഥ ചെയ്ത ലംഘനങ്ങള്‍ നടത്തിയാല്‍ കമ്പനികളെ മൂന്നാം വിഭാഗത്തിലേക്ക് മാറ്റും. വര്‍ക് പെര്‍മിറ്റ് ലഭിക്കാതെ തൊഴിലാളികളെ ഉപയോഗിച്ചതോ റിക്രൂട്ട് ചെയ്തതോ മന്ത്രാലയത്തിന് തെറ്റായ ഡാറ്റയോ രേഖകളോ വിവരങ്ങളോ നല്‍കിയതോ തൊഴിലാളികളുടെ വേതനം, പാര്‍പ്പിടം, സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവ സംബന്ധിച്ച ബാധ്യതകള്‍ ലംഘിച്ചതോ   വ്യാജ എമിറേറ്റൈസേഷന്‍ രീതികള്‍ അവലംബിച്ചതോ, അല്ലെങ്കില്‍ മറ്റ് ഗുരുതരമായ ലംഘനങ്ങള്‍ നടത്തിയതോ ആയവയെ ഈ വിഭാഗത്തിലാണ് നിലനിര്‍ത്തുക.