തൊഴില്‍ തട്ടിപ്പ് തടയാന്‍ ഓപറേഷന്‍ ശുഭയാത്ര: പി.ശ്രീരാമകൃഷ്ണന്‍

37

പ്രവാസി ചിട്ടി; തുക തിരികെ നല്‍കും

ദുബൈ: തൊഴില്‍ തട്ടിപ്പും വ്യാജ റിക്രൂട്ട്‌മെന്റും തടയാന്‍ ‘ഓപറേഷന്‍ ശുഭയാത്ര’ എന്ന പേരില്‍ പദ്ധതി നടപ്പാക്കുമെന്ന്  നോര്‍ക റെസിഡന്റ്‌സ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍. ലോക കേരള സഭ, ലോക മാധ്യമ സഭ എന്നിവക്ക് മുന്നോടിയായി ദുബൈയിലെ ഇന്ത്യന്‍ മാധ്യമ കൂട്ടായ്മ ഓണ്‍ലൈനില്‍ സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലീസുമായി സഹകരിച്ച് ഓപറേഷന്‍ കുബേരയുടെ മാതൃകയിലായിരിക്കും ഓപറേഷന്‍ ശുഭയാത്ര നടപ്പാക്കുക. ഇതിന്റെ ആദ്യ യോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ 14ന് ചേരും. വ്യാജ ഏജന്‍സികള്‍ക്കെതിരെ നടപടിയെടുക്കാനും ജനങ്ങളെ ബോധവത്കരിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. തൊഴില്‍ തട്ടിപ്പിന് അറിഞ്ഞുകൊണ്ട് തലവെച്ചുകൊടുക്കുന്നവര്‍ നിരവധിയാണ്. പരാതി ലഭിക്കാത്തതിനാലാണ് പലതിലും നടപടിയെടുക്കാന്‍ കഴിയാത്തത്. പരാതി ലഭിച്ചവയില്‍ നടപടിയെടുത്തിട്ടുണ്ട്. പ്രവാസി ചിട്ടി നിലച്ച അവസ്ഥയിലാണ്. ഇതില്‍ പണം അടച്ച ആര്‍ക്കും തുക നഷ്ടമാവില്ല. എല്ലാവര്‍ക്കും തുക തിരികെ ലഭിക്കാന്‍ കെഎസ്എഫ്ഇ നടപടിയെടുക്കും. വിവിധ രാജ്യങ്ങളില്‍ താമസിക്കുന്ന മലയാളികളുടെ തൊഴില്‍ വൈദഗ്ധ്യം ഉപയോഗപ്പെടുത്താന്‍ ഗ്‌ളോബല്‍ ഡിജിറ്റല്‍ പ്‌ളാറ്റ്‌ഫോം രൂപവത്കരിക്കും. ലോകത്തിന്റെ എല്ലാ ഭാഗത്തെയും മലയാളികള്‍ക്ക് ഈ പ്‌ളാറ്റ്‌ഫോം ഉപയോഗിക്കാന്‍ കഴിയും. ഇതുവഴി സാങ്കേതിക വൈഗ്ധ്യമുള്ളവരെ കണ്ടെത്താനും അവര്‍ക്ക് ജോലി നല്‍കാനും കഴിയും. വിദേശ കാര്യ മന്ത്രാലയ സഹായത്തോടെ നോര്‍ക നേതൃത്വത്തില്‍ നാഷനല്‍ മൈഗ്രേഷന്‍ കോണ്‍ഫറന്‍സ് നടത്തും. പ്രവാസി ക്ഷേമ വിഷയങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ ഈ കോണ്‍ഫറന്‍സ് സഹായിക്കും. കോവിഡ് കാലത്ത് മടങ്ങിയെത്തിയവര്‍ക്ക് നോര്‍ക നേതൃത്വത്തില്‍ നിരവധി സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. സംരംഭക സഹായക പദ്ധതി നിരവധി പ്രവാസികള്‍ ഉപയോഗപ്പെടുത്തി. മടങ്ങിയെത്തിയവര്‍ക്ക് പുനരധിവാസം ഉറപ്പാക്കുന്നത് കേരളം മാത്രമാണ്. സാന്ത്വനം സഹായ പദ്ധതിയില്‍ 2000ഓളം പേര്‍ക്ക് സഹായം നല്‍കി. ലേബര്‍ ക്യാമ്പുകളിലെ പ്രവാസികള്‍ക്കായി പരിരക്ഷാ പദ്ധതികള്‍ ഉണ്ട്. ചികിത്സ, ഇന്‍ഷുറന്‍സ്, വീടുകള്‍ക്ക് ഇന്‍ഷ്വറന്‍സ്, കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം തുടങ്ങിയവ നല്‍കുന്നു. ലോക കേരള സഭയില്‍ പങ്കെടുക്കാന്‍ നിരവധിയാളുകള്‍ അപേക്ഷിക്കുന്നുണ്ട്. സഭയുടെ പ്രാധാന്യമാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. കഴിഞ്ഞ വര്‍ഷം ബഹിഷ്‌കരിച്ച പ്രതിപക്ഷം ഇക്കുറി സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ശ്രീരാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
കെ.എം അബ്ബാസ് അധ്യക്ഷത വഹിച്ചു. അരുണ്‍ രാഘവന്‍ സ്വാഗതവും തന്‍സി ഹാഷിര്‍ നന്ദിയും പറഞ്ഞു.