ദുബൈ: മൂന്നര വര്‍ഷമായി തൊഴിലുടമക്ക് വേണ്ടി ദുബൈ കോടതിയില്‍ ജാമ്യം വെച്ച പാസ്പോര്‍ട്ട് സൗജന്യ നിയമ സഹായത്തിലൂടെ കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി സഞ്ചു കുന്നുംപുറത്തിന് (25) തിരികെ ലഭിച്ചു. ജോലി ചെയ്തിരുന്ന കമ്പനിയുടെ ഉടമക്ക് വേണ്ടിയാണ് സഞ്ചു തന്റെ പാസ്പോര്‍ട്ട് ദുബൈ കോടതിയില്‍ ജാമ്യത്തില്‍ വെച്ചിരുന്നത്. 2017ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വര്‍ഷങ്ങളായി ദുബൈയില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തി വരികയായിരുന്ന കണ്ണൂര്‍ പാതരിയാട് സ്വദേശി ഷാമില്‍ കുമാറിന് ബിസിനസുമായി ബന്ധപ്പെട്ട് 179,280 ദിര്‍ഹം (35 ലക്ഷം രൂപ) കടം വന്നതിനെ തുടര്‍ന്ന് 2017 ജൂലൈയില്‍ ദുബൈയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനി ഇയാള്‍ക്കെതിരെ കേസ് കൊടുക്കുകയും അതേത്തുടര്‍ന്ന് ഇദ്ദേഹത്തിന് യാത്രാ നിരോധം വരികയുമുണ്ടായി. അതേ വര്‍ഷം നവംബറില്‍ ബന്ധുവായ പ്രജോഷ് തന്റെ പാസ്പോര്‍ട്ട് ജാമ്യമായി നല്കി കോടതി ഏര്‍പ്പെടുത്തിയ യാത്രാ നിരോധം ഒഴിവാക്കി നല്‍കുകയും ഷാമില്‍ കുമാര്‍ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. പ്രജോഷിന് നാട്ടിലേക്ക് പോകാന്‍ ഷാമില്‍ കുമാറിന്റെ നിര്‍ദേശത്തോടെ 2018 ഡിസംബറില്‍ അദ്ദേഹത്തിന്റെ ജീവനക്കാരനായ സഞ്ചുവിനെ ബാധ്യത ഏറ്റെടുത്ത് പാസ്പോര്‍ട്ട് ജാമ്യത്തില്‍ വെപ്പിക്കുകയായിരുന്നു.
എത്രയും വേഗം താന്‍ മടങ്ങി വരുമെന്നും ഉടന്‍ കേസിന് പരിഹാരം കാണുമെന്നും സഞ്ചുവിനെ ധരിപ്പിച്ചാണ് കമ്പനി ഉടമ പാസ്പോര്‍ട്ട് ജാമ്യത്തില്‍ വെപ്പിച്ചത്. എന്നാല്‍, ഇരുവരും തിരികെ വന്നില്ലെന്ന് മാത്രമല്ല, 2021 നവംബറില്‍ ഷാമില്‍ കുമാര്‍ മരിച്ചു. ഇക്കാലയളവില്‍ ബാധ്യതത്തുക വര്‍ധിച്ച് 341,782 ദിര്‍ഹം (70 ലക്ഷം രൂപ) ആയി. ഇതോടെ, മൊത്തം ബാധ്യത സഞ്ചു അടക്കേണ്ടി വന്നു.
2 വര്‍ഷം വിസ പുതുക്കാനോ നാട്ടിലേക്ക് മടങ്ങാനോ സാധിക്കാത്തതിനാല്‍ നിയമ പ്രശ്നങ്ങളെ തുടര്‍ന്ന് പ്രതിസന്ധിയിലായ സഞ്ചു ഇതിന് പരിഹാരം കാണാന്‍ ഒട്ടേറെയാളുകളെ സമീപിച്ചെങ്കിലും യാതൊരു പരിഹാരവും കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന്, കോഴിക്കോട് സ്വദേശിയും ബേപ്പൂര്‍ പ്രവാസി കൂട്ടായ്മയിലെ അംഗവുമായ സഫ്രാജ്, കണ്ണൂര്‍ സ്വദേശിയും ലോക കേരള സഭാംഗവുമായ ഡോ. എന്‍.കെ സൂരജ് എന്നിവര്‍ മുഖാന്തിരം യുഎഇയിലെ യാബ് ലീഗല്‍ സര്‍വീസസ് സിഇഒയും സാമൂഹിക പ്രവര്‍ത്തകനുമായ സലാം പാപ്പിനിശ്ശേരിയെ സമീപിച്ചു. നിജസ്ഥിതി കോടതിയെ ബോധ്യപ്പെടുത്താന്‍ സഞ്ചുവിന്റെ അഭിഭാഷകന് സാധിച്ചു. കേസിന്റെ ശരിവശം മനസ്സിലാക്കിയ ദുബൈ കോടതി ബാധ്യത തുകയായ 70 ലക്ഷം രൂപ അടക്കമുള്ള നടപടികള്‍ റദ്ദാക്കി തടഞ്ഞു വെച്ച പാസ്പോര്‍ട്ട് വിട്ടു നല്കാന് ഉത്തരവിട്ടു.