ദുബൈ: വിജ്ഞാന, തൊഴില്‍ വൈദഗ്ധ്യം നല്കാന് ഇന്ത്യയിലെമ്പാടും പരിശീലന കേന്ദ്രങ്ങള്‍ തുറക്കുമെന്ന് ദുബൈ ആസ്ഥാനമായ ഗ്ളോബല്‍ സ്മാര്‍ട് ഗ്രൂപ് എംഡി വിഘ്നേഷ് വിജയ കുമാര്‍ മേനോന് പറഞ്ഞു. ലാഭേച്ഛയില്ലാതെയാണ് കേന്ദ്രങ്ങള്‍ തുറക്കുക. ആയിരം കേന്ദ്രങ്ങളാണ് പ്രാഥമിക ലക്ഷ്യം. ഗള്‍ഫിലെ ഒരു സംരഭകനെന്ന നിലയില്‍ സ്വന്തം രാജ്യത്തോടുള്ള ഉത്തരവാദിത്തം നിര്‍വഹിക്കുകയാണ് ചെയ്യുന്നത്. ഗ്ളോബല്‍ സ്മാര്‍ട് ഗ്രൂപ്പിന് കീഴില്‍ ഗ്ളോബല്‍ സഞ്ചാരി, ഗ്ളോബല്‍ സ്മാര്‍ട് ട്രേഡിംഗ് എന്നിങ്ങനെ ഒമ്പത് സംരംഭങ്ങളുണ്ട്. ഈയിടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ദുബൈയില്‍ ആരംഭിച്ചു. വെല്ത്-ഐ എന്ന പേരിലാണിത്. ഇതാണ് ഇന്ത്യയില്‍ പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങുക. ഇതിന് കേന്ദ്ര സര്‍ക്കാറിന്റെ പിന്തുണ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിഘ്നേഷ് വ്യക്തമാക്കി.
”ചെറിയ നിലയില്‍ നിന്ന് ആരംഭിച്ചതാണ് യാത്ര. നൂറ് ദിര്‍ഹമായിരുന്നു ആദ്യ മുതല്‍ മുടക്ക്. ഒരു ബക്കറ്റും മൂന്ന് തുണികളും ഷൈനിംഗ് ലിക്വിഡും ആയിരുന്നു സാമഗ്രികള്‍. വാഹനം കഴുകലായിരുന്നു ആ സംരംഭം. ഇന്ന് 13 ആഡംബര വാഹനങ്ങള്‍ സ്വന്തമായുണ്ട്.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദക്ഷിണയായി എത്തിയ മഹീന്ദ്ര ഥാര്‍ ലേലത്തില്‍ വാങ്ങിയതിന് ഭക്തിയോടൊപ്പം ഈയൊരു ഉള്‍പ്രേരണയും കാരണമായുണ്ട്. പൊങ്ങച്ചത്തിനു വേണ്ടിയല്ല.
ഗള്‍ഫില്‍ തൊഴില്‍ തേടി വരുന്നവര്‍ മുന്‍പൊക്കെ വിസ മാറ്റത്തിന് ഒമാനിലെ ഖസബില്‍ പോകുമായിരുന്നു. അവര്‍ക്ക് സുരക്ഷിത യാത്ര പ്രശ്നമായിരുന്നു. ആ മേഖലയിലും പ്രവര്‍ത്തിച്ചു. ഖസബില്‍ കുടുങ്ങിക്കിടന്ന 300ഓളം ഫിലിപ്പെീന്സുകാരെ യുഎഇയിലേക്ക് മടങ്ങാന്‍ സഹായിച്ചു. ഇപ്പോള്‍ സംരംഭങ്ങള്‍ വൈവിധ്യവത്കരിക്കാനുള്ള ശ്രമത്തിലാണ്” -വിഘ്നേഷ് എന്ന വിക്കി കൂട്ടിച്ചേര്‍ത്തു.
മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയായ വിക്കി ഈയിടെ അജ്മാനില്‍ ഫാം ഹൗസ് വാങ്ങിയിട്ടുണ്ട്. പശു, കുതിര, ആട്, മയില്‍ എന്നിങ്ങനെ പക്ഷി മൃഗാദികളും ആലയങ്ങളും സമ്മേളന കേന്ദ്രവും ഉള്‍പ്പെടുന്നതാണ് ഫാം ഹൗസ്.
അഡ്വ. ടി.കെ ഹാഷിഖ്, ഷാജഹാന് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.