ഇബ്രാഹിം എളേറ്റിലിന്റെ ഗോള്‍ഡന്‍ വിസ ദുബൈ കെഎംസിസിക്കുള്ള അംഗീകാരം: ഡോ. അമന്‍ പുരി

53
ഗോള്‍ഡന്‍ വിസ ലഭിച്ച ദുബൈ കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിലിന് കോഴിക്കോട് ജില്ലാ കെഎംസിസി റാഡിസണ്‍ ബ്‌ളൂ ഹോട്ടലില്‍ ഒരുക്കിയ സ്വീകരണത്തില്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരി മെമെന്റോ നല്‍കുന്നു

ദുബൈ: സാമൂഹിക പ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള ആദ്യ ഗോള്‍ഡന്‍ വിസ ലഭിച്ച ദുബൈ കെഎംസിസി പ്രസിഡണ്ട് ഇബ്രാഹിം എളേറ്റിലിന് കിട്ടിയ അംഗീകാരം ദുബൈ കെഎംസിസിക്ക് ലഭിച്ച അംഗീകാരമാണെന്ന് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരി പറഞ്ഞു. അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥ സേവന മനസ്‌കത ഓരോ സാമൂഹിക പ്രവര്‍ത്തകര്‍ക്കും മാതൃകയാണെന്നും ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റും ദുബൈ കെഎംസിസിയും തമ്മില്‍ ഏറ്റവും അടുത്ത ബന്ധമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ഇബ്രാഹിം എളേറ്റിലിന് വേണ്ടി ഏര്‍പ്പെടുത്തിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
45 വര്‍ഷത്തിലേറെയായി ദുബൈ കെഎംസിസിയുടെ പ്രവര്‍ത്തന മണ്ഡലത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ഇബ്രാഹിം എളേറ്റിലിന്റെ നേതൃത്വത്തില്‍ ദുബൈ കെഎംസിസി ഒരു ഗവണ്‍മെന്റ് അംഗീകൃത സംഘടനയായി വളരുകയും നിരവധി അംഗീകാരങ്ങള്‍ കെഎംസിസിക്ക് നേടിക്കൊടുക്കുകയും ചെയ്തു. കോവിഡ് രൂക്ഷമായ കാലയളവില്‍ ലോകത്ത് തന്നെ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച് ശ്രദ്ധ നേടിയ ദുബൈ കെഎംസിസിയെ ദുബൈ സര്‍ക്കാര്‍ സ്വദേശി സോഷ്യല്‍ ക്‌ളബുകള്‍ക്കൊപ്പം ഔദ്യോഗികമായി ഉള്‍പ്പടുത്തി അംഗീകരിച്ചിരുന്നു. ജീവകാരുണ്യ രംഗത്ത് പകരം വെക്കാനില്ലാത്ത നാമമായ കോഴിക്കോട് സിഎച്ച് സെന്ററിന്റെ തുടക്കം മുതല്‍ അതിന്റെ പടിപടിയായുള്ള വളര്‍ച്ചയിലും ഇബ്രാഹിം എളേറ്റില്‍ എന്ന ജീവകാരുണ്യ പ്രവര്‍ത്തകന്റെ പങ്ക് ചെറുതല്ല.
ജില്ലാ സീനിയര്‍ വൈസ് പ്രസിഡണ്ട് നാസര്‍ മുല്ലക്കലിന്റെ അധ്യക്ഷതയില്‍ ദുബൈ റാഡിസണ്‍ ബ്‌ളൂ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍, നിസാര്‍ തളങ്കര, അബ്ദുസ്സമദ് സാബില്‍, പി.ടി അബ്ദുറഹിമാന്‍, കായക്കൊടി ഇബ്രാഹിം മുസ്‌ല്യാര്‍, മുംബൈ ഗ്രാന്റ് മുഫ്തി മന്‍സൂര്‍ സിയാഹി, മലയാള മനോരമ ബ്യൂറോ ചീഫ് രാജു മാത്യു, ജലീല്‍ പട്ടാമ്പി, ജാഫര്‍ എന്‍.എ.എം, പി.കെ ഇസ്മായില്‍, കെ.പി.എ സലാം, മുസ്തഫ തിരൂര്‍, ഒ.കെ ഇബ്രാഹിം, മുസ്തഫ വേങ്ങര, അഡ്വ. സാജിത് അബൂബക്കര്‍ ,അഡ്വ. ഖലീല്‍ ഇബ്രാഹിം, ഹസ്സന്‍ ചാലില്‍, അഡ്വ. സിറാജ്, പുന്നക്കന്‍ മുഹമ്മദലി, തമീം പുറക്കാട്, ഹംസ പയ്യോളി സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി മുഹമ്മദ് സ്വാഗതവും ട്രഷറര്‍ നജീബ് തച്ചംപൊയില്‍ നന്ദിയും പറഞ്ഞ സ്വീകരണ പരിപാടിയില്‍ കൊടുവള്ളി മണ്ഡലം പ്രസിഡണ്ട് ഒ.കെ അബ്ദുസ്സലാം ഇബ്രാഹിം എളേറ്റിലിനെ പൊന്നാട അണിയിച്ചു. ജില്ലാ ഭാരവാഹികളായ മൊയ്തു അരൂര്‍, ഹാഷിം എലത്തൂര്‍, മൂസ കൊയമ്പ്രം, അഹമ്മദ് ബിച്ചി,  ഇസ്മായില്‍ ചെരുപ്പേരി, റാഷിദ് കിഴക്കയില്‍ നേതൃത്വം നല്‍കി. 40 വര്‍ഷമായി യുഎഇ ഡിഫന്‍സ് മിനിസ്ട്രിയിലെ ജോലിക്ക് ശേഷം വിരമിക്കുന്ന ജില്ലാ വൈസ് പ്രസിഡണ്ട് കെ.അബൂബക്കര്‍ മാസ്റ്റര്‍, ഗോള്‍ഡന്‍ വിസ നേടിയ ഔഖാഫ് ഇമാം കായക്കൊടി ഇബ്രാഹിം മുസ്‌ല്യാര്‍ എന്നിവക്കുള്ള ജില്ലാ കമ്മിറ്റിയുടെ ഉപഹാരവും ചടങ്ങില്‍ കോണ്‍സുല്‍ ജനറല്‍ കൈമാറി.