ടൂറിസം മേഖലയില്‍ പുത്തനുണര്‍വുമായി ബൈത്താന്‍സ് ഹോസ്പിറ്റാലിറ്റി ഗ്രൂപ്പിന്റെ പുതിയ സംരംഭം ഷാര്‍ജയില്‍

ഷാര്‍ജ മജര്‍റ കോര്‍ണിഷ് ഏരിയയില്‍ ബൈത്താന്‍സ് ഹോസ്പിറ്റാലിറ്റി ഗ്രൂപ്പിന്റെ ക്രീക്ക് ഗേറ്റ് ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചത് സംബന്ധിച്ച് ജമാല്‍ ബൈത്താന്‍, സുബൈര്‍ ഹസ്സന്‍ തുടങ്ങിയവര്‍ വിശദീകരിക്കുന്നു

ഷാര്‍ജ: വടക്കന്‍ എമിറേറ്റ്‌സ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബജറ്റ് ഹോട്ടല്‍ ശൃംഖലയായ ബൈത്താന്‍സ് ഹോസ്പിറ്റാലിറ്റിയുടെ മറ്റൊരു സ്ഥാപനം -ക്രീക്ക് ഗേറ്റ് ഹോട്ടല്‍ -ഷാര്‍ജ മജര്‍റ കോര്‍ണിഷ് ഏരിയയില്‍ പ്രവര്‍ത്തനമാരംഭിച്ചു.
രണ്ടു പതിറ്റാണ്ടിന്റെ ആതിഥ്യ മേഖലയിലെ പരിചിത സേവനത്തില്‍ കോവിഡ് അടക്കം ടൂറിസം മേഖലയെ പിടിച്ചു കുലുക്കിയ പല പ്രതിസന്ധി ഘട്ടങ്ങളിലും സുസ്ഥിര ബിസിനസ് നിലനിര്‍ത്തി സേവന രംഗത്ത് വ്യത്യസ്ത മാതൃക സൃഷ്ടിച്ച ബൈത്താന്‍സ് ഗ്രൂപ്പിന് കീഴില്‍ ഹോട്ടല്‍, ഹോട്ടല്‍ അപാര്‍ട്‌മെന്റ്, റസിഡന്‍ഷ്യല്‍ അപാര്‍ട്‌മെന്റ്, കൊമേഴ്‌സ്യല്‍ റിയല്‍ എസ്റ്റേറ്റ് ഉള്‍പ്പെടെ ആയിരത്തോളം യൂണിറ്റുകള്‍ നിലവില്‍ സജ്ജമാണ്.
കോവിഡ് 19 ഭീതി പരത്തിയ ആദ്യ ദിനങ്ങളില്‍ തന്നെ ആരോഗ്യ വകുപ്പുമായി സഹകരിച്ച് അജ്മാനില്‍ ആദ്യമായി ക്വാറന്റൈന്‍ ആവശ്യത്തിനായി ഹോട്ടല്‍ മുറികള്‍ വിട്ടു നല്‍കിയും തുടര്‍ന്ന് ഷാര്‍ജയിലടക്കം സ്ഥിരമായി ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും ഗ്രൂപ് നടത്തിയ സന്നദ്ധതയെ അധികൃതര്‍ പ്രത്യേകം പ്രശംസിച്ചിട്ടുണ്ട്. കൂടാതെ, അജ്മാന്‍, ഷാര്‍ജ, ടൂറിസം വകുപ്പുകളുടെ പ്രത്യേക പുരസ്‌കാരങ്ങളും ഗ്രൂപ് ഏറ്റുവാങ്ങിയിട്ടുണ്ട്.
വലിയ വെല്ലുവിളി നേരിടുന്ന മേഖല എന്ന നിലയില്‍ കാണുമ്പോഴും, മാറിയ സാഹചര്യത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും സുസ്ഥിരവും സുരക്ഷിതവുമായ രാജ്യമെന്ന ഗണനയില്‍ യുഎഇ ടൂറിസം രംഗത്തെ പുത്തനുണര്‍വും യുഎഇ ഗവണ്‍മെന്റിന്റ സംരംഭക സൗഹൃദ നിലപാടുമാണ് കൂടുതല്‍ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ പ്രേരണയെന്ന് ഗ്രൂപ് ഡയറക്ടര്‍മാരായ ജമാല്‍ ബൈത്താന്‍, സുബൈര്‍ ഹസ്സന്‍ തുടങ്ങിയവര്‍ അറിയിച്ചു.