‘കാവ്യനിളയുടെ 50 വര്‍ഷങ്ങള്‍’ ശ്രദ്ധേയമായി

53
ആലങ്കോട് ലീലാകൃഷ്ണന് ആദരമര്‍പ്പിക്കാന്‍ ദുബൈ യുവ കലാ സാഹിതി ഒരുക്കിയ 'കാവ്യ നിളയുടെ 50 വര്‍ഷങ്ങള്‍' പരിപാടിയില്‍ റവന്യൂ മന്ത്രി കെ.രാജന്‍ സ്‌നേഹോപഹാരം സമര്‍പ്പിക്കുന്നു

ദുബൈ: മലയാളത്തിലെ അനുഗൃഹീത കവിയും എഴുത്തുകാരനും പ്രഭാഷകനുമായ ആലങ്കോട് ലീലകൃഷ്ണന്റെ കാവ്യജീവിതത്തിന്റെ അമ്പതാം വാര്‍ഷികാഘോഷം ശ്രദ്ധേയമായി. ദുബൈ യുവ കലാ സാഹിതിയാണ് ‘കാവ്യ നിളയുടെ 50 വര്‍ഷങ്ങള്‍’ എന്ന പേരില്‍ ലീലാകൃഷ്ണന് ആദരം സമര്‍പ്പിക്കുന്ന പരിപാടി സംഘടിപ്പിച്ചത്.
ഒരു ദിവസം മുഴുവന്‍ നീണ്ടു നിന്ന ദുബൈ യുവ കലാ സാഹിതിയുടെ വാര്‍ഷിക സംഗമ ഭാഗമായാണ് ആദരം ഒരുക്കിയത്. ഗില്‍ഡ് കൂട്ടായ്മയിലെ ചിത്രകാരന്‍മാരും ക്വില്‍ ആര്‍ട്ടിസ്റ്റായ സബീന ബിജുവും തത്സമയ ചിത്രരചന നിര്‍വഹിച്ച ആഘോഷ പരിപാടികളില്‍ എഴുത്തു ജീവിതാനുഭവങ്ങള്‍ ആലങ്കോട് ലീലാകൃഷ്ണന്‍ കുട്ടികളുമായി പങ്കു വെച്ചു.
‘കേരളം: വര്‍ത്തമാന കാല വൈപരീത്യങ്ങള്‍’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ അനൂപ് കീച്ചേരി അവതാരകനായിരുന്നു. ബഷീര്‍ തിക്കോടി വിഷയാവതരണം നടത്തി. അജിത് കൊളാടി, ആലങ്കോട് ലീലാ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
കേരള റവന്യൂ മന്ത്രി കെ.രാജനാണ് സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തത്. തികച്ചും കാവ്യഭാഷയില്‍ സച്ചിദാനന്ദന്‍, ചുള്ളിക്കാട്, കുരീപ്പുഴ, ഡി.വിനയചന്ദ്രന്‍ എന്നിവരുടെ കവിതകള്‍ ഉദ്ധരിച്ചു കൊണ്ടാണ് ലീലാകൃഷ്ണന്റെ കാവ്യജീവിതത്തെ കുറിച്ച് മന്ത്രി സംസാരിച്ചത്. കുഞ്ഞു മക്കള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ കവിതയിലൂടെ നല്‍കിയ ഹൃദയ വന്ദനമാണ് തുടര്‍ന്ന് നടന്നത്.
യുവ കലാ സാഹിതിയുടെ സ്‌നേഹ കസവ് പുതപ്പിച്ചു കൊണ്ട് കവിക്കുള്ള സ്‌നേഹോപഹാരം മന്ത്രി രാജന്‍ സമ്മാനിച്ചു. മറുമൊഴിയില്‍ കവിതയുടെ, മാനവികതയും സ്‌നേഹവും പറഞ്ഞു കൊണ്ട് ‘അച്ഛന്‍’ എന്ന കവിത ചൊല്ലിയാണ് കവി നന്ദി പറഞ്ഞത്.
വില്‍സണ്‍ തോമസ്, സലീം കെ.പി, ബഷീര്‍ തിക്കോടി, റോയ് നെല്ലിക്കോട്, സുഭാഷ് ദാസ്, ഷാജഹാന്‍, നൗഷാദ് പുലാമന്തോള്‍, സര്‍ഗ റോയ്, അജി കണ്ണൂര്‍, ജോണ്‍ ബിനോ കാര്‍ലോസ്, അരുണ അഭിലാഷ്, അക്ഷയ സന്തോഷ്  നേതൃത്വം നല്‍കി.