ലാഭം മാത്രം തരുന്ന ഇടപാടുകള്‍

സൂറത്തുല്‍ ഫാഥ്വിര്‍ 29, 30 സൂക്തങ്ങളിലൂടെ അല്ലാഹു പറയുന്നുണ്ട്: ”നിശ്ചയം, അല്ലാഹുവിന്റെ വേദം പാരായണം ചെയ്യുകയും നമസ്‌കാരം കൃത്യമായി നിര്‍വഹിക്കുകയും നാം നല്‍കിയ ധനം രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവര്‍ പ്രത്യാശിക്കുന്നത് തീരെ നഷ്ടം വരാത്ത കച്ചവടമത്രെ”. ഖുര്‍ആന്‍ പാരായണം, നമസ്‌കാരം, ദാനധര്‍മം എന്നീ സത്കര്‍മങ്ങള്‍ ചെയ്യുന്നവര്‍ സ്രഷ്ടാവുമായുള്ള ലാഭകരമായ ഇടപാടില്‍ ഏല്‍പ്പെട്ടിരിക്കുകയാണെന്നും അവര്‍ക്ക് അതിനുള്ള പ്രതിഫലം ഇഹലോകത്ത് തന്നെ ലഭിക്കുമെന്നും പരലോകത്ത് ഇരട്ടി ഫലങ്ങളും ഉയര്‍ന്ന സ്ഥാനങ്ങളും സ്വന്തമാക്കാനാകുമെന്നുമാണ് പ്രസ്തുത ആയത്തുകള്‍ അടിവരയിടുന്നത്.
ഖുര്‍ആന്‍ പാരായണം സത്യവിശ്വാസിക്ക് അനുഗ്രഹങ്ങളിലേക്കുള്ള വാതായനമാണ്. മനസ്സിനും ശരീരത്തിനുമുള്ള രോഗശമനി കൂടിയാണ്. മാത്രമല്ല, വമ്പിച്ച പ്രതിഫലമാണ് ഖുര്‍ആന്‍ പാരായണത്തിനുള്ളത്. നബി (സ്വ) പറയുന്നു: ”അല്ലാഹുവിന്റെ ഗ്രന്ഥമായ ഖുര്‍ആനില്‍ നിന്ന് ഒരക്ഷരം പാരായണം ചെയ്താല്‍ അതൊരു സുകൃതമാണ്. അതിന് പത്തിരട്ടി പ്രതിഫലമുണ്ടായിരിക്കും” (ഹദീസ് തുര്‍മുദി 2910). ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ ഐഹിക ലോകത്തിലെ പ്രതിഫലങ്ങളും സ്വര്‍ഗ ലോകത്തിലെ സ്ഥാനങ്ങളും വര്‍ധിതമായിക്കൊണ്ടിരിക്കും.
നമസ്‌കാരം അല്ലാഹു അടിമകള്‍ക്ക് നിര്‍ബന്ധമാക്കിയ ആരാധനകളില്‍ ഏറ്റവും ഇഷ്ടപ്പെട്ടതാണ്. സ്രഷ്ടാവുമായി സൃഷ്ടി ആമുഖ ബന്ധം പുലര്‍ത്തുന്ന കര്‍മം കൂടിയാണ് നമസ്‌കാരം. നമസ്‌കരിക്കുന്ന അടിമകള്‍ക്ക് സമാധാനം പ്രദാനം ചെയ്യപ്പെട്ടതായിരിക്കും. നിര്‍വഹിക്കാന്‍ അഞ്ചു നമസ്‌കാരങ്ങളാണ് നിര്‍ബന്ധമാക്കിയതെങ്കിലും അമ്പതിന്റെ പ്രതിഫല ലബ്ധിയുണ്ടായിരിക്കും. നമസ്‌കാരം ദോഷങ്ങളെ മായ്ച്ചു കളയുകയും ആത്മീയ സ്ഥാനക്കയറ്റത്തിന് കാരണമാവുകയും ചെയ്യും. അല്ലാഹുവിന് ചെയ്യുന്ന ഓരോ സാഷ്ടാംഗത്തിനും ഓരോ സ്ഥാനക്കയറ്റം ലഭിക്കുമെന്നാണ് നബി (സ്വ) അറിയിച്ചത് (ഹദീസ് മുസ്‌ലിം 488).
ദാനധര്‍മം അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളിലുള്ള നന്ദി പ്രകടനമാണ്. സമ്പത്തെല്ലാം അല്ലാഹു നല്‍കിയതാണ്. അത് അവന്‍ കല്‍പ്പിച്ച പ്രകാരം ചെലവഴിക്കുമ്പോഴാണ് കൂടുതല്‍ സമ്പന്നമാകുന്നത്. നന്മയില്‍ ചെലവഴിച്ചാല്‍ അല്ലാഹു കൂടുതല്‍ നല്ല പകരങ്ങള്‍ നല്‍കുന്നതാണല്ലോ. അല്ലാഹു പറയുന്നു: ”അല്ലാഹുവിന്റെ വഴിയില്‍ തങ്ങളുടെ സമ്പത്ത് ചെലവഴിക്കുന്നവരുടെ ഉപമ ഒരു ധാന്യ മണിയുടേതാണ്. അതു ഏഴു കതിരുകള്‍ ഉല്‍പാദിപ്പിച്ചു. ഓരോന്നിലും നൂറു വീതം മണിയുണ്ട്. താനുദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടിയായി അല്ലാഹു നല്‍കും” (സൂറത്തുല്‍ ബഖറ 261). ഇതെല്ലാമാണ് ജീവിതത്തിലും മരണാനന്തരവും ലാഭങ്ങള്‍ സമ്മാനിക്കുന്ന ഇടപാടുകള്‍.
ഖുര്‍ആന്‍ പാരായണം, നമസ്‌കാരം, ദാനധര്‍മം ഈ സത്കര്‍മങ്ങള്‍ ഏറെ ആദായകരം തന്നെയാണ്. ഈ സുകൃതങ്ങള്‍ പുലര്‍ത്തുന്നവര്‍ക്ക് വമ്പിച്ച പ്രതിഫലവും പാപമോചനവും അനായാസ സ്വര്‍ഗ പ്രവേശവുമാണ് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നത്: ”അല്ലാഹുവിനെ കുറിച്ച് അനുസ്മരിക്കപ്പെട്ടാല്‍ ഹൃദയങ്ങള്‍ പേടിച്ചു വിറ കൊള്ളുകയും അവന്റെ സൂക്തങ്ങള്‍ പാരായണം ചെയ്യപ്പെട്ടാല്‍ വിശ്വാസം വര്‍ധിക്കുകയും തങ്ങളുടെ നാഥനില്‍ സമസ്തവും അര്‍പ്പിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് സത്യവിശ്വാസികള്‍. നമസ്‌കാരം നിലനിര്‍ത്തുകയും നാം നല്‍കിയതില്‍ നിന്നും ചെലവഴിക്കുകയും ചെയ്യുന്നവര്‍. അവര്‍ തന്നെയാണ് സാക്ഷാല്‍ വിശ്വാസികള്‍. തങ്ങളുടെ രക്ഷിതാവിങ്കല്‍ ഒട്ടേറെ സ്ഥാനങ്ങളും പാപമോചനവും സമാദരണീയമായ ആഹാരവും അവര്‍ക്കുണ്ട്” (സൂറത്തുല്‍ അന്‍ഫാല്‍ 2, 3, 4). ഈ സത്കര്‍മങ്ങളുമായി അല്ലാഹുവിനോട് ഇടപാടുകള്‍ ചെയ്യുന്നവര്‍ക്ക് എന്നും ലാഭം മാത്രമായിരിക്കും, നഷ്ടമാവില്ലെന്ന് തീര്‍ച്ച.