
ദുബൈ: ഗള്‍ഫ് ന്യൂസ് ഇന്ത്യാ പ്രോപര്‍ട്ടി ഷോ ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ആരംഭിച്ചു. ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന് പുരി, ദുബൈ ലാന്റ് ഡിപാര്‍ട്മെന്റ് ഡയറക്ടര്‍ ജനറല്‍ സുല്‍ത്താന്‍ ബുത്തി ബിന്‍ മജ്റീന്, നികായ് ഗ്രൂപ് ചെയര്മാന് പരസ് ഷഹ്ദാദ്പുരി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
പ്രവാസി സമൂഹത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച അവസരമാണ് ഇന്ത്യന്‍ പ്രോപര്‍ട്ടി ഷോയിലൂടെയുണ്ടായിരിക്കുന്നതെന്ന് കോണ്‍സുല്‍ ജനറല്‍ ഡോ. അമന് പുരി പറഞ്ഞു. നാഷണല്‍ റിയല്‍ എസ്റ്റേറ്റ് ഡെവലപ്മെന്റ് കൗണ്‍സില്‍ (നാറദ്കോ) സഹകരണത്തില്‍ മാക്സ്പോ എക്സിബിഷന്‍സ് സംഘടിപ്പിച്ചിരിക്കുന്ന പ്രോപര്‍ട്ടി ഷോയില്‍ ഏറ്റവും മികച്ച പ്രൊജക്റ്റുകളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ രാത്രി 8 മണി വരെ നടക്കുന്ന പ്രദര്‍ശനത്തില്‍ ഡെവലപര്‍മാര്‍ക്കും നിക്ഷേപകര്‍ക്കും സംഗമിക്കാനും ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് വിപണിയിലെ ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ തേടാനും ഇത് നല്ല സന്ദര്‍ഭമാണ്.
ഏറ്റവും മികച്ച പ്രൊജക്റ്റുകള്‍ തെരഞ്ഞെടുക്കാന്‍ സമുചിതമായ ഈ അവസരം ഏവരും പ്രയോജനപ്പെടുത്തണമെന്ന് സുല്‍ത്താന്‍ ബുത്തി ബിന്‍ മജ്റീന്പറഞ്ഞു.
ഇന്ത്യയിലെ 50ലധികം നഗരങ്ങളില്‍ നിന്നുള്ള 75,000ത്തിലധികം പ്രൊജക്റ്റുകളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.
താമസം തുടങ്ങാന്‍ സൗകര്യമായ യൂണിറ്റുകളും നിര്‍മാണം നടന്നു വരുന്നവയും പ്രദര്‍ശനത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഈ യൂണിറ്റുകളെല്ലാം ‘റേറ’യുടെ അംഗീകാരമുള്ളതാണ്. പ്രസ്റ്റീജ് ഗ്രൂപ്, ഹീരനന്ദാനി ഗ്രൂപ്, നഹര്‍ ഗ്രൂപ്, ഷാപൂര്‍ജി, അദാനി, ക്രഹേജ തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളിലെ പ്രധാന ഡെവലപര്‍മാര്‍ തങ്ങളുടെ ഏറ്റവും ശ്രദ്ധേയമായ പ്രൊജക്റ്റുകള്‍ ഇവിടെ അവതരിപ്പിച്ചിരിക്കുന്നു.
പൂജ ക്രാഫ്റ്റഡ് ഹോംസ്, ബ്രിഗേഡ്, കൊളംബിയ പസഫിക്, ജെറാ ബില്‍ഡേഴ്സ്, എംവിഎന്, അരുണ്‍ എക്സലോ, ടോട്ടല്‍ എന്‍വയണ്‍മെന്റ്, മന്ത്രി ഡെവലപേഴ്സ്, അപര്‍ണ കണ്‍സ്ട്രക്ഷന്‍സ്, കുമാര്‍ പ്രോപര്‍ട്ടീസ്, ഖന്ദഹരി, ആദര്‍ശ് ഗ്രൂപ്, വിഎന്സിടി, റെയ്മണ്ട് റിയല്‍റ്റി, ഗ്യാലക്സി ഡെവലപേഴ്സ്, ബിര്‍ള എസ്റ്റേറ്റ്, കസ ഗ്രാന്റ്, ജി സ്ക്വയര്‍, റയ്സിംഗ് സണ്‍, സേഥ് ക്രിയേറ്റേഴ്സ്, ട്രെസ്കോണ്, സൂരജ് എസ്റ്റേറ്റ്, ഡൈനമിക്, ഡിഎസി, ശ്രീവരി, നവീന്‍സ് ഹൗസിംഗ്, സൂരജ് ഗ്രൂപ്, ഇഎല്‍വി, എസ്പിആര്‍, മഞ്ജു ഹൗസിംഗ്, വിശാല്‍ പ്രമോട്ടേഴ്സ്, ഭൂമിക ഗ്രൂപ് മുതലായ പ്രീമിയം ഡെവലപര്‍മാരും സാന്നിധ്യമറിയിച്ചിരിക്കുന്നു.
ഐസിഐസിഐ ഹോം ഫിനാന്‍സ്, എച്ച്ഡിഎഫ്സി, എസ്ബിഐ, ടാറ്റ ക്യാപിറ്റല്‍ തുടങ്ങിയ ബാങ്കിംഗ്-ധനകാര്യ സ്ഥാപനങ്ങളുടെ വായ്പാ സൗകര്യങ്ങളും നിക്ഷേപകര്‍ക്കായി ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യക്കാര്‍ക്ക് എന്‍ആര്‍ഐ നിക്ഷേപകരുമായി നേരില്‍ കാണാനുള്ള അവസരമാണ് ഇതിലൂടെയുണ്ടായത്. ഞായറാഴ്ച രാത്രി 8 മണിക്ക് പ്രോപര്‍ട്ടി ഷോക്ക് സമാപനമാകും.