ബുദ്ധി മഹാ അനുഗ്രഹവും ഉത്തരവാദിത്തവുമാണ്

9

വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു ആദം സന്തതികളായ മനുഷ്യരെ ആദരിച്ചുവെന്നു പ്രസ്സ്താവയ്ക്കുന്നുണ്ട്.
ഖുര്‍ആന്‍ പണ്ഡിതന്‍ കൂടിയായ സ്വഹാബി വര്യന്‍ ഇബ്‌നു അബ്ബാസ് (റ) വ്യാഖ്യാനിച്ചത് മനുഷ്യരെ അല്ലാഹു ബുദ്ധി നല്‍കി ആദരിച്ചുവെന്നാണ്. (തഫ്‌സീറുല്‍ ബഖ്‌വി 5/108, തഫ്‌സീറുല്‍ ഖാസിന്‍ 3/137). ബുദ്ധിയെന്നത് മഹത്വമേറിയതും ഏറെ ഉപകാരങ്ങളുള്ളതുമായ അനുഗ്രഹമാണ്. അല്ലാഹു പറയുന്നു: യാതൊന്നും അറിഞ്ഞുകൂടാത്തവരായി നിങ്ങളെ ഉമ്മമാരുടെ വയറ്റില്‍ നിന്നും അല്ലാഹു ബഹിര്‍ഗമിപ്പിക്കുകയും കൃതജ്ഞരാകാനായി നിങ്ങള്‍ക്കവന്‍ കേള്‍വിയും കാഴ്ചയും ഹൃദയവും (ബുദ്ധി) നല്‍കുകയുമുണ്ടായി (സൂറത്തു ഹ്‌ല് 78). സത്യവിശ്വാസിയെ സംബന്ധിചിടത്തോളം ഈമാനിനാണ് അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളില്‍ വെച്ച് ഒന്നാം സ്ഥാനമെങ്കില്‍ ബുദ്ധിക്കാണ് രണ്ടാം സ്ഥാനം. അങ്ങനെയാണ് പണ്ഡിതര്‍ അഭിപ്രായട്ടിരിക്കുന്നതു.
ബുദ്ധിയെന്ന മഹാ അനുഗ്രഹത്തിന് അല്ലാഹുവിനോട് ഏറെ കടപ്പാടും നന്ദിയും കാണിക്കേണ്ടിയിരിക്കുന്നു. ബുദ്ധിയെ അവന്‍ കല്‍പ്പിച്ച പ്രകാരം ഉപയോഗപ്പെടുത്തലാണ് അതിനുള്ള നന്ദി പ്രകടനം. അല്ലാഹുവിന്റെ സൃഷ്ടി, കര്‍മ്മ കഴിവുകളിലും നിര്‍മാണ വൈഭവങ്ങളിലും ബുദ്ധി ഉപയോഗിച്ച് ചിന്തിക്കലും നന്ദി മാര്‍ഗമാണ്. എങ്കിൽ മാത്രമാണ് അല്ലാഹുവിന്റെ മഹത്വം കൂടുതല്‍ കൂടുതല്‍ മനസ്സിലാക്കാനാവുക. അല്ലാഹു തന്നെ പറയുന്നുണ്ട്: ആകാശ ,ഭൂമികളുടെ സൃഷ്ടിപ്പിലും രാപ്പകലുകള്‍ മാറി മാറി വരുന്നതിലും ബുദ്ധിയുള്ളവര്‍ക്കു ധാരാളം അദ്ഭുത ദൃഷ്ടാന്തങ്ങളുണ്ട് (സൂറത്തു ആലു ഇംറാന്‍ 190).
ബുദ്ധി ഉപയോഗിച്ചാണ് സത്യവിശ്വാസി സ്രഷ്ടാവിന്റെ വിശുദ്ധ വചനങ്ങള്‍ കേട്ട് മനസ്സിലാക്കി കല്‍പനകള്‍ അനുസരിക്കുന്നതും നിരോധനങ്ങളില്‍ നിന്നും വിട്ടു നിൽക്കുന്നതും. ‘താങ്കള്‍ക്ക് നാമവതരിപ്പിച്ചു തന്ന അനുഗ്രഹീത ഗ്രന്ഥമാണിത്, ഇതിലെ സൂക്തങ്ങള്‍ ആളുകള്‍ ചിന്താവിധേയമാക്കുവാനും ബുദ്ധിശാലികള്‍ പാഠമുള്‍ക്കൊള്ളാനും വേണ്ടി’ (സൂറത്തു സ്വാദ് 29).
നന്ദിപൂര്‍വ്വം ബുദ്ധി പ്രയോഗിക്കുന്നവര്‍ ആത്യന്തികമായി ഉപകാരപ്രദമായ ജ്ഞാനങ്ങളും വിവരങ്ങളുമായിരിക്കും ഗ്രഹിക്കുക. വിജ്ഞാനികള്‍ മാത്രമേ കാര്യങ്ങളെ യഥായോഗ്യം ഗ്രഹിക്കുകയുള്ളൂവെ്ന്നു അല്ലാഹു പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ട് (സൂറത്തുല്‍ അന്‍കബൂത് 43). ഇങ്ങനെ ബുദ്ധി പ്രയോഗിച്ചവര്‍ ഉൽകൃഷ്ട സ്വഭാവികള്‍ കൂടിയായാല്‍ അതുല്യ സ്ഥാനത്തായിരിക്കുമത്. ബുദ്ധി പൂര്‍ണമായവര്‍ സ്വഭാവ സംശുദ്ധരായിരിക്കുമെന്നാണ് കവികള്‍ പാടിയിരിക്കുന്നത്. ബുദ്ധിയെ സമൂഹത്തില്‍ സമാധാനവും സഹിഷ്ണുതയും വിരിയിക്കും വിധം ഓരോരുത്തരും പ്രായോഗികവല്‍ക്കരിക്കേണ്ടിയിരിക്കുന്നു.
ബുദ്ധി ഭാരിച്ച ഉത്തരവാദിതത്വമാണ്. ശരിയായ രീതിയില്‍ ഉപയോഗിച്ചുവോ എന്ന് ചോദ്യം ചെയ്യപ്പെടുന്ന തായിരിക്കും. അല്ലാഹു പറയുന്നു: കേള്‍വി, കാഴ്ച, ഹൃദയം (ബുദ്ധി) എന്നിവയെപ്പറ്റിയൊക്കെ വിചാരണ നടത്തപ്പെടും (സൂറത്തുല്‍ ഇസ്‌റാഅ് 36). മനുഷ്യനെ അല്ലാഹു നന്മയും തിന്മയും, ഉപകാരവും ഉപദ്രവവും വക തിരിച്ചു മനസ്സിലാക്കി തരു ബുദ്ധി നല്‍കി അനുഗ്രഹിച്ചിരിക്കുകയാണല്ലൊ. ആ ബോധ്യത്തിന് ഭംഗം വരുത്തുംവിധം ബുദ്ധിയെ താല്‍ക്കാലികമാണെങ്കില്‍ പോലും മയക്കുകയോ അസ്ഥിരപ്പെടുത്തുകയോ അസാധുവാക്കുകയോ ചെയ്യുന്ന കാര്യങ്ങള്‍ ചെയ്യാതിരിക്കലും ബാധ്യതയാണ്. അത്തരം കാര്യങ്ങളില്‍പ്പെട്ടതാണ് ലഹരി ഉപയോഗം. മത്ത് ഉളവാക്കുന്ന എല്ലാം നിഷിദ്ധമാണ്, കൂടുതല്‍ ഉപയോഗിച്ചാല്‍ ലഹരിയുണ്ടാക്കുന്നതിനെ ഉപയോഗിക്കലും നിഷിദ്ധമാണൊണ് നബി (സ്വ) ഉല്‍ബോധിപ്പിച്ചിരിക്കുന്നത് (ഹദീസ് അബൂദാവൂദ് 3681, തുര്‍മുദി 1865, ഇബ്‌നു മാജ 3392). ലഹരി ആരോഗ്യവും സമ്പത്തും നശിപ്പിക്കുന്ന അപകടകാരിയാണ്. കുടുംബ ബന്ധം ഛിദ്രമാക്കുന്നനാശമാണത്.
യുഎഇ രാഷ്ട്രം ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി നടത്തിക്കൊണ്ടിരിക്കുകയാണ്. ലഹരിക്കെതിരെ ഓരോരുത്തരും ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.