ദുബൈ കെഎംസിസി സാഹിത്യ അവാര്‍ഡ് പി.സുരേന്ദ്രന്

35
ദുബൈ കെഎംസിസി സാഹിത്യ അവാര്‍ഡ് പി.സുരേന്ദ്രന്

ദുബൈ: ഈ വര്‍ഷത്തെ കെഎംസിസി സാഹിത്യ അവാര്‍ഡ് പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ പി.സുരേന്ദ്രന് സമ്മാനിക്കും. കഥാകൃത്തും നോവലിസ്റ്റും സാംസ്കാരിക പ്രവർത്തകനുമായ പി.സുരേന്ദ്രന്റെ മികച്ച സാഹിത്യ, സാംസ്കാരിക സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. ഡോ. എം.കെ മുനീര്‍ എംഎല്‍എ, മധ്യമപ്രവര്‍ത്തക്കാരായ ടി.പി ചെറൂപ്പ, ജലീല്‍ പട്ടാമ്പി എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് സുരേന്ദ്രനെ അവാര്‍ഡിന്
തെരഞ്ഞെടുത്തത്. കെഎംസിസിയുടെ രണ്ടാമത് അവാർഡ് ആണ് ഇത്. കെ.പി രാമനുണ്ണിക്ക്‌ ആയിരുന്നു ആദ്യ പുരസ്കാരം.
ജൂലൈ 12നു അല്‍ നാസര്‍ ലിഷർ ലാന്‍ഡില്‍ നടക്കുന്ന ദുബായ് കെഎംസിസി ‘ഇഷ്‌ക്കേ ഇമാറാത്ത്’ പെരുന്നാൾ പരിപാടിയിൽ അവാര്‍ഡ് സമ്മാനിക്കുമെന്നു സംഘാടക സമിതി ചെയര്‍മാന്‍ ഇബ്രാഹിം എളേറ്റില്‍, ജനറല്‍ കണ്‍വീനര്‍ മുസ്തഫ തിരൂര്‍, സര്‍ഗധാര ചെയര്‍മാന്‍ അഷ്റഫ് കൊടുങ്ങല്ലൂര്‍, കണ്‍വീനര്‍ നജീബ് തച്ചംപൊയില്‍ എന്നിവര്‍ അറിയിച്ചു.
സുരേന്ദ്രന് ഗ്രാമപാതകള്‍-ഇന്ത്യന്‍ യാത്രകളുടെ പുസ്തകം, ജലഗന്ധി എന്നീ കൃതികള്‍ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ‘ചൈനീസ് മാര്‍ക്കറ്റ്’ എന്ന രചനക്ക് മുപ്പത്തിമൂന്നാമത് ഓടക്കുഴല്‍ അവാര്‍ഡ്, കേളി അവാര്‍ഡ് എന്നിവയും കേരള ലളിത കല അക്കാദമി അവാര്‍ഡ് (രാമചന്ദ്രന്റെ കഥ), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അവാര്‍ഡ് (ബര്‍മുഡ), പത്മരാജന്‍ പുരസ്‌കാരം (ഗൗതമ വിഷാദ യോഗം), സമഗ്ര സംഭാവനകള്‍ക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ അവാര്‍ഡ്, ശാന്തകുമാരന്‍ തമ്പി ഫൌണ്ടേഷന്‍ അവാര്‍ഡ് തുടങ്ങി ഒട്ടേറെ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ കുമരനെല്ലൂര്‍ ഗവ.ഹയര്‍ സെക്കന്റെറി സ്കൂൾ അധ്യാപകനായിരുന്നു. മഞ്ചേരി പാപ്പിനിപ്പാറ കുമാരന്‍ നായര്‍-സരോജിനി അമ്മ ദമ്പതികളുടെ മകനാണ്. മലപ്പുറം ജില്ലയിലെ വട്ടംകുളത്ത് ‘പ്രാര്‍ത്ഥന’യില്‍ താമസം. ഭാര്യ സുജാത, മക്കള്‍: ജയദേവന്‍, നിഖില ചന്ദ്രന്‍.
‘പിരിയന്‍ ഗോവണി’, ‘ഭൂമിയുടെ നിലവിളി’, ‘കറുത്ത പ്രാര്‍ത്ഥനകള്‍’, ‘ബര്‍മുഡ’, ‘അഭയാര്‍ഥികളുടെ പൂന്തോട്ടം’, ‘ആഴത്തിന്റെ നിറം’, ‘ജല ഗാന്ധി’, ’64 ചെറിയ കഥകള്‍’, ‘രാജ നീതി’, ‘ചൈനീസ് മാര്‍ക്കറ്റ്’, ‘ബുദ്ധ വസ്ത്രം’, ‘തിരഞ്ഞെടുത്ത കഥകള്‍’, ‘ഉടഞ്ഞ ബുദ്ധന്‍’ (കഥാ സമാഹാരങ്ങള്‍). ‘മഹായാനം’, ‘സാമൂഹ്യപാഠം’, ‘മായാ പുരാണം’, ‘കാവേരിയുടെ പുരുഷന്‍’, ‘ജൈവം’ (നോവലുകള്‍). രാമചന്ദ്രന്റെ കല (കലാ വിമര്‍ശനം), ‘കഥയിലൊതുങ്ങാത്ത നേരുകള്‍’,(അനുഭവ കഥനം). ‘മതം ആത്മീയത, വിമോചനം’, ‘1921 പോരാളികള്‍ വരച്ച ദേശ ഭൂപടങ്ങള്‍’ (ലേഖന സമാഹാരം), ‘നക്‌സല്‍ ബാരിയിലെ ശേഷിപ്പുകളിലൂടെ’, ‘ദേവദാസിത്തെരുവുകളിലൂടെ’, ‘മരുഭൂമിയിലെ തേനറകള്‍’ (യാത്ര വിവരണം), ‘രാസലീല’ (വിവര്‍ത്തനം) എന്നിവ പ്രധാന കൃതികള്‍.