അര ലക്ഷം പേർക്ക് പ്രയോജനപ്പെടുന്ന മേയ്ത്ര-കെഎംസിസി പ്രിവിലേജ് കാര്‍ഡ് പ്രാബല്യത്തിൽ

12
മേയ്ത്ര-കെഎംസിസി എന്‍ആര്‍ഐ പ്രിവിലേജ് കാര്‍ഡ് പുറത്തിറക്കുന്നത് സംബന്ധിച്ച വാര്‍ത്താ സമ്മേളനത്തില്‍ മേയ്ത്ര ഹോസ്പിറ്റലിന്റെയും കെ.ഇ.എഫ് ഹോള്‍ഡിങ്‌സിന്റെയും ചെയര്‍മാനായ ഫൈസല്‍ ഇ. കൊട്ടിക്കോളന്‍ സംസാരിക്കുന്നു

ദുബൈ: ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രമുഖമായ ആതുര സേവന ശൃംഖലകളിലൊന്നായ മേയ്ത്ര ഹോസ്പിറ്റല്‍ കെഎംസിസി യുഎഇ ചാപ്റ്ററുമായി സഹകരിച്ച് മേയ്ത്ര-കെഎംസിസി എന്‍ആര്‍ഐ പ്രിവിലേജ് കാര്‍ഡ് ദുബൈ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററില്‍ (ഡി.ഐ.എഫ്.സി’യില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കി. കെഎംസിസി യുഎഇ ചാപ്റ്ററിലെ അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമടക്കം അന്പത്തിനായിരത്തിലധികം വരുന്ന അംഗങ്ങൾക്ക്
കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിലും അനുബന്ധ ശൃംഖലകളിലും ചികിത്സാ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതാണ് പ്രിവിലേജ് കാർഡ് എന്ന്
മേയ്ത്ര ഹോസ്പിറ്റൽ, കെഇഎഫ് ഹോൾഡിങ്‌സ് ചെയര്‍മാനായ ഫൈസല്‍ ഇ. കൊട്ടിക്കോളനും യുഎഇ കെഎംസിസി പ്രസിഡന്റ് പുത്തൂര്‍ റഹ്മാനും ചേര്‍ന്ന് ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവെച്ച ശേഷം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
തുടക്കത്തില്‍ മലബാറില്‍ നിന്നുള്ള പ്രവാസികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമാണ് ഈ പ്രിവിലേജ് കാര്‍ഡിന്റെ പ്രയോജനം ലഭിക്കുകയെങ്കിലും ഘട്ടം ഘട്ടമായി കേരളത്തിലെ എല്ലാ ജില്ലകളിലേക്കും മേയ്ത്രയുടെ മികച്ച ഡോക്ടര്‍മാരുടെയും ആഗോള നിലവാരമുള്ള ചികിത്സാ സൗകര്യങ്ങളുടെയും സേവനം ലഭ്യമാക്കുമെന്ന് ഫൈസല്‍ കെ.ഇ വ്യക്തമാക്കി.
‘മേയ്ത്രയുടെ ഉന്നത നിലവാരമുള്ള ക്ലിനിക്കല്‍ സേവനങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനായുള്ള പദ്ധതി മലബാര്‍ ജില്ലകളിലെ തെരഞ്ഞെടുത്ത ആശുപത്രികളുമായി സഹകരിച്ച് നടപ്പാക്കുന്നതിന് തുടക്കം കുറിച്ചിട്ടുണ്ട്. ഇത് ഘട്ടംഘട്ടമായി തെക്കന്‍ കേരളത്തിലെ ജില്ലകളിലേക്കും വ്യാപിപ്പിക്കും’ -അദ്ദേഹം പറഞ്ഞു.
കെ.എം.സി.സി അംഗങ്ങള്‍ക്ക് ആധാര്‍ കാര്‍ഡോ പാസ്‌പോര്‍ട്ടോ തിരിച്ചറിയല്‍ രേഖയായി ഉപയോഗിച്ച് അവരുടെയും കുടുംബാംഗങ്ങളുടെയും അംഗത്വം വളരെ എളുപ്പത്തില്‍ നിര്‍വഹിക്കാന്‍ കഴിയും. രജിസ്‌ട്രേഷന്‍ സൗജന്യമാണ്. രജിസ്‌ട്രേഷന് വേണ്ടിയുള്ള ഗൂഗ്ള്‍ ഫോമിന്റെ സമാരംഭം കെഎംസിസി ഉപദേശക സമിതി ചെയർമാൻ ഷംസുദ്ദീന്‍ ബിന്‍ മുഹിയുദ്ധീന് നൽകി ഫൈസല്‍ നിര്‍വഹിച്ചു. യുഎഇ കെഎംസിസി ജനറൽ സെക്രട്ടറി പി.കെ അന്‍വര്‍ നഹ, ട്രഷറർ
നിസാര്‍ തളങ്കര, ദുബായ് കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ, കെഎംസിസി ഉപദേശക സമിതി ഉപാധ്യക്ഷൻ യഹിയ തളങ്കര എന്നിവരും പങ്കെടുത്തു.
പ്രിവിലേജ് കാര്‍ഡംഗങ്ങള്‍ക്ക് ഒ.പി പരിശോധനയില്‍ 50 ശതമാനവും ഒപി ഇന്‍വെസ്റ്റിഗേഷനുകളില്‍ (പുറത്തു നിന്നുള്ളവർ ഉള്‍പ്പെടില്ല) 25 ശതമാനവും ഹെല്‍ത്ത് ചെക്കപ്പുകള്‍ക്ക് 15 ശതമാനവും ഇംപ്ലാന്റുകള്‍, സ്റ്റെന്റുകള്‍, കണ്‍സ്യൂമബിളുകള്‍, മരുന്ന്, വിസിറ്റിങ് കണ്‍സള്‍ട്ടന്റുമാരുടെ സേവനം, പുറത്തു നിന്നുള്ള ഇന്‍വെസ്റ്റിഗേഷനുകള്‍ മുതലയാവ ഉള്‍പ്പെടെയുള്ള ഐ.പി സേവനങ്ങള്‍ക്ക് 10 ശതമാനം ഡിസ്‌കൗണ്ടും മേയ്ത്ര ഹോസ്പിറ്റലില്‍ ലഭ്യമാകും.