കേരളത്തിൽ മഴക്കെടുതിയിൽ പെട്ട 25 കുടുംബങ്ങളെ സി പി ട്രസ്റ്റ് ദത്തെടുക്കും

5

ദുബൈ: കേരളത്തിൽ മഴക്കെടുതിയിൽ വീട് നഷ്ടപ്പെട്ടവര്‍ക്ക് 25 വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്നു ദുബൈ ആസ്ഥാനമായി സി പി സാലിഹിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ആസ ഗ്രൂപ്പ് പ്രതിനിധികൾ
ദുബൈയിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .സി പി മുഹമ്മദ് മെമ്മോറിയൽ ട്രസ്റ്റ് വഴിയാണ് ജീവകാരുണ്യ പ്രവർത്തനം .കൊവിഡ് മഹാമാരി കാലത്ത് വാക്സിൻ ദൗർലഭ്യത നേരിട്ടിരുന്ന അവസരത്തിൽ കേരളത്തിൽ ഉടനീളം കിടപ്പുരോഗികളും ഭിന്നശേഷിക്കാരും അടക്കം അര ലക്ഷത്തിൽ പരം ആളുകൾക്ക് ഈ ട്രസ്റ്റ് സൗജന്യ പ്രതിരോധ കുത്തിവെപ്പ് നടത്തിയിരുന്നു . കഴിഞ്ഞ ദിവസം കണ്ണൂർ കഅണിച്ചറിൽ ഉരുൾ പൊട്ടലിൽ നുമ്മ തസ്ലിൻ എന്ന രണ്ടര വയസു കാരിയുടെ ദാരുണാന്ത്യ വാർത്ത ശ്രദ്ധയിൽപെട്ടപ്പോഴാണ് ഇത്തരത്തിൽ ഒരു തീരുമാനം എടുക്കാൻ തന്നെ പ്രേരിപ്പിച്ചത് എന്ന് സി പി സാലിഹ് വ്യക്തമാക്കിയിട്ടുണ്ട് .
സിപി ട്രസ്റ്റ് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട് .കാലവർഷ പേമാരിയിലും ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും വർഷംതോറും ഒരുപാട് ജനങ്ങൾ കഷ്ടപ്പെടുകയാണ് .ഉറ്റവരുടെ ജീവൻ നഷ്ടപ്പെട്ടവരും കിടപ്പാടം ഒഴുകിപ്പോയവരും കൃഷിസ്ഥലവും വളർത്തുമൃഗങ്ങളും മറ്റു ഉപജീവനമാർഗങ്ങളും നഷ്ടപ്പെട്ടവരും ഓരോ വർഷവും കൂടിവരുന്നു.പേമാരിയിലും കാലവർഷക്കെടുതിയിലും സ്വന്തമായി ഉണ്ടായിരുന്നതെല്ലാം നഷ്ടപ്പെട്ട് കിടപ്പാടവും ഭക്ഷണവും വസ്ത്രവും ഇല്ലാതെ വിധിക്ക് മുന്നിൽ പകച്ചു നിൽക്കുകയാണ് ഇവർ . ഈ അനുഭവം ഓരോ വർഷങ്ങളിലും ആവർത്തിക്കപെടുന്നു . ഇത്തരത്തിൽ കഷ്ടപ്പെടുന്ന 25 കുടുംബങ്ങളെ ദത്തെടുക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയാണ് സിപി ട്രസ്റ്റ് . അവർക്കു ജീവിതോപാധി ഒരുക്കിക്കൊടുക്കുകയെന്നതാണ് പ്രാഥമിക ലക്‌ഷ്യം .
തൃശൂർ ജില്ലയിൽ സ്വന്തം സ്ഥലത്ത് 25 കുടുംബങ്ങൾക്കു എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ വീട് ട്രസ്റ്റ് തയ്യാറാക്കും .പ്രാദേശികമായി പരിശീലിച്ചതും വർഷങ്ങളായി തുടർന്നു വരുന്നതുമായ ജോലി സാധ്യതകൾ അവർക്കായി ഒരുക്കും .കൃഷി, കന്നുകാലി ഫാം, കെട്ടിട നിർമ്മാണം തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുവാനുള്ള അവസരങ്ങൾ ഒരുക്കും. കുട്ടികളുടെ വിദ്യാഭ്യാസം ,കലാകായിക വിനോദങ്ങൾ, കരകൗശല നിർമ്മാണ പരിശീലനം തുടങ്ങിയ സൗകര്യങ്ങളും ഇവർക്കായി ഒരുക്കും.കൂടാതെ മുതിർന്ന കുട്ടികൾക്കായുള്ള തൊഴിൽ പരിശീലനം നൽകുന്നതിനായി എല്ലാ ആധുനിക സൗകര്യങ്ങളും ഉള്ള തൊഴിൽ പരിശീലന കേന്ദ്രം സ്ഥാപിക്കും .ഇവിടെ പരിശീലനം ലഭിക്കുന്നവർക്ക് ആവശ്യമെങ്കിൽ ഐ ടി ഐ,ഡിപ്ലോമ മുതലായ പരീക്ഷകളിൽ പങ്കെടുക്കുവാനും അവസരം നൽകും.യുഎഇയിലെ തൻറെ സ്ഥാപനങ്ങളിലെ തൊഴിൽ അവസരങ്ങളിൽ ഇവർക്ക് മുൻഗണന നൽകും .ഇന്ത്യയുടെ വിവിധ സ്റ്റേറ്റുകളിലായി തന്റെ സ്ഥാപനം ആരംഭിക്കാൻ തയ്യാറെടുക്കുന്ന പദ്ധതികളിലേക്ക് ഇവർക്ക് മുൻഗണന ഉണ്ടായിരിക്കുമെന്നും അവർ പറഞ്ഞു. ആസ ഗ്രൂപ്പ് സി ഇ ഒ ഫാരിസ് അബൂബക്കർ,ജന മാനേജർ ഇബ്രാഹിം കുട്ടി, ബിസിനസ് ഡെവലപ്മെൻറ് മാനേജർ അറാഫത്ത് എം അൻസാരി,കമ്പനി സെക്രട്ടറി ഷെമി ജൗഹർ പങ്കെടുത്തു