ലൈഫ് ഹെല്‍ത് കെയര്‍ വര്‍ഷാവസാനം 50 വാക് ഇന്‍ ക്‌ളിനിക്കുകള്‍ ലക്ഷ്യമിടുന്നു

9

‘പ്രിവന്റീവ് ഹെല്‍ത് ഫോര്‍ ഓള്‍’ സംരംഭം പ്രഖ്യാപിച്ചു

* യുഎഇയുടെ ആരോഗ്യ ക്ഷേമ അജണ്ടയും യുഎന്‍ എസ്ഡിജി 3യും പൂര്‍ത്തീകരിക്കാന്‍ 49 മുതല്‍ 99 ദിര്‍ഹം വരെ സബ്‌സിഡി നിരക്കില്‍ ആരോഗ്യ പാക്കേജുകള്‍ അവതരിപ്പിക്കുന്നു.

** ദുബായില്‍ നിലവിലുള്ള 8 ലൈഫ് ക്‌ളിനിക്കുകളിലും ഓഫര്‍ ലഭ്യം.

ദുബായ്: യുഎഇയുടെ സ്വന്തം ബ്രാന്റായ ലൈഫ് ഹെല്‍ത് കെയര്‍ ദുബായിലെ അതിന്റെ ഫാര്‍മസികളില്‍ ഈ വര്‍ഷം നാലാം പാദത്തോടെ 40ലധികം വാക് ഇന്‍ ക്‌ളിനിക്കുകള്‍ തുറക്കും. നിലവില്‍ പ്രവര്‍ത്തിച്ചു വരുന്ന 8 ക്‌ളിനിക്കുകള്‍ക്ക് പുറമെയാണ് പുതിയവ തുറക്കുന്നത്. ഇതു വരെയുണ്ടാട്ടില്ലാത്തത്ര കുറഞ്ഞ നിരക്കില്‍ എല്ലാവര്‍ക്കും ഹെല്‍ത്ത് ചെക്കപ് ലഭ്യമാക്കാന്‍ ‘പ്രിവന്റീവ് ഹെല്‍ത് ഫോര്‍ ഓള്‍’ എന്ന പാക്കേജ് സമാരംഭിച്ചതായും ബന്ധപ്പെട്ടവര്‍ പ്രഖ്യാപിച്ചു.
‘യുഎഇ ദേശീയ ക്ഷേമ തന്ത്രം’, യുഎന്‍ സുസ്ഥിര വികസന ലക്ഷ്യം-3 ആയ ‘നല്ല ആരോഗ്യവും ക്ഷേമവും’ എന്നിവ പൂര്‍ത്തീകരിക്കാനും പിന്തുണയ്ക്കാനുമുള്ള വ്യക്തമായ ഉദ്ദേശ്യത്തോടെയാണ് 49 മുതല്‍ 99 ദിര്‍ഹം വരെ സബ്‌സിഡി നിരക്ക് വാഗ്ദാനം ചെയ്യുന്ന സമഗ്ര പാക്കേജ് ആരംഭിച്ചതെന്ന് ഗ്രൂപ് പ്രസ്താവനയില്‍ പറഞ്ഞു. രാജ്യത്തിന്റെ സുസ്ഥിര വികസനത്തിനായുള്ള 2030 അജണ്ടയിലെ യുഎഇ എസ്ഡിജികളുടെ ഭാഗമാണ് യുഎന്‍ ലക്ഷ്യം.
”പ്രിവന്റീവ് ഹെല്‍ത് ഫോര്‍ ഓള്‍ ലൈഫ് ഹെല്‍ത് കെയര്‍ ഗ്രൂപ്പിന്റെ ‘ആരോഗ്യത്തോടെ ജീവിക്കുക’ എന്ന ദൗത്യത്തെ രാജ്യത്തിന്റെ വലിയ കാഴ്ചപ്പാടുമായി യോജിപ്പിക്കാന്‍ നന്നായി ചിന്തിച്ചെടുത്ത അനുകരണീയമായൊരു മാതൃകയാണ്. കൊവിഡ് മഹാമാരി നിലനില്‍ക്കുന്ന സമയത്താണ് ഞങ്ങളിത് ആരംഭിച്ചതെന്നതും ശ്രദ്ധേയമാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ ശരിയായി നിരീക്ഷിക്കുകയും ചികിത്സിക്കുകയും ചെയ്യേണ്ട സാഹചര്യം ഇന്ന് സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്” -ലൈഫ് ഹെല്‍ത് കെയര്‍ ഗ്രൂപ് ചെയര്‍മാനും എംഡിയുമായ അബ്ദുന്നാസര്‍ പറഞ്ഞു.
രാജ്യത്തിന്റെ സുസ്ഥിര വികസന തന്ത്രവുമായി അടുത്ത ബന്ധമുള്ള, ആരോഗ്യത്തിനും ക്ഷേമത്തിനുമുള്ള യുഎഇയുടെ ശക്തമായ വാദവുമായി ഈ സംരംഭം നന്നായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സില്‍വര്‍ പാക്കേജില്‍ 49 ദിര്‍ഹമിന് 58 ടെസ്റ്റുകളും ഗോള്‍ഡ് പാക്കേജില്‍ 99 ദിര്‍ഹമിന് 61 ടെസ്റ്റുകളും ദുബായിലെ ക്‌ളിനിക്കുകളില്‍ ലഭ്യമാക്കിയിരിക്കുന്നു. ലിപിഡ് പ്രൊഫൈല്‍, കിഡ്‌നി ഫംഗ്ഷന്‍, ലിവര്‍ ഫംഗ്ഷന്‍, തൈറോയ്ഡ് ഫംഗ്ഷന്‍ തുടങ്ങിയവയാണ് ടെസ്റ്റുകള്‍. പരിചയ സമ്പന്നതയുള്ള ഒരു ഡോക്ടറും നഴ്‌സുമുള്ള ഈ ക്‌ളിനിക്കുകള്‍ ഡയഗ്‌നോസ്റ്റിക് പരിശോധനകള്‍ക്കും ചികിത്സകള്‍ക്കും സുസജ്ജമാണ്.
”നല്ല യോഗ്യതയും വൈദഗ്ധ്യവുമുള്ള രോഗനിര്‍ണയവും പ്രതിരോധ മാര്‍ഗവും സൃഷ്ടിക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് ഞങ്ങള്‍ ഈ പാക്കേജുകള്‍ക്ക് തുടക്കമിട്ടത്. അതുവഴി, എല്ലാ തലങ്ങളിലുമുള്ള ആളുകള്‍ക്ക് ചെലവേറിയ ഹെല്‍ത് സ്‌ക്രീനിംഗ് പാക്കേജുകള്‍ നേടാന്‍ സാധിക്കും. ഈ പരിശോധനകള്‍ ഒരു വ്യക്തിയുടെ ആരോഗ്യ സ്ഥിതി വ്യക്തമായി മാപ്പ് ചെയ്യുകയും ആവശ്യമെങ്കില്‍ പ്രതിരോധ ചികിത്സാ നടപടികള്‍ സ്വീകരിക്കാന്‍ സഹായിക്കുകയും ചെയ്യും” -ലൈഫ് ഫാര്‍മസി ഗ്രൂപ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കീര്‍ത്തി മറിയ പറഞ്ഞു.
യുഎഇയില്‍ ജീവിത ശൈലീ രോഗങ്ങള്‍ വ്യാപകമായ പശ്ചാത്തലത്തില്‍, കൊവിഡിന് ശേഷമുള്ള പ്രശ്‌നങ്ങള്‍ക്ക് പുറമെ, പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യം ഒരുപോലെ സംരക്ഷിക്കാന്‍ താങ്ങാനാകുന്ന ചെലവില്‍ ഇത്തരം മുന്‍കൂട്ടിയുള്ള ആരോഗ്യ പരിശോധനകള്‍ നല്‍കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലൈഫ് ഫാര്‍മസി റീടെയില്‍ ഔട്‌ലെറ്റുകള്‍, നിലവിലെ വാക് ഇന്‍ ക്‌ളിനിക്കുകള്‍, ലൈഫ് മൊബൈല്‍ ആപ്പ്, വെബ്‌സൈറ്റ്, +971 4 3441122 എന്ന കോള്‍ സെന്ററുകള്‍ എന്നീ അഞ്ചു ഉപാധികളിലൂടെ ഹെല്‍ത് സ്‌ക്രീനിംഗ് പാക്കേജുകള്‍ ബുക് ചെയ്യാം. ബുക് ചെയ്ത തീയതി മുതല്‍ മൂന്നു മാസമായിരിക്കും കാലാവധി.
ലൈഫ് ഹെല്‍ത് കെയര്‍ ഗ്രൂപ് 25-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് വാക് ഇന്‍ ക്‌ളിനിക്കുകളിലേക്കുള്ള പ്രവേശനം പ്രഖ്യാപിച്ചത്. 317 ഔട്‌ലെറ്റുകളുള്ള യുഎഇയിലെ ഏറ്റവും വലിയ ഫാര്‍മസി ശൃംഖലയാണ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളത്. ക്‌ളിനിക്കുകളിലും മെഡിക്കല്‍ സെന്ററുകളിലും അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 100 മില്യന്‍ ദിര്‍ഹമിന്റെ നിക്ഷേപം ഗ്രൂപ് ആസൂത്രണം ചെയ്തിരിക്കുന്നു.