മഹാകവി ടി.ഉബൈദ് സ്മാരക കെഎംസിസി സാഹിത്യ ശ്രേഷ്‌ഠ അവാർഡ് ആലങ്കോട് ലീലാകൃഷ്ണന് ഇ.ടി ഇന്ന് സമർപ്പിക്കും 

21
കാസർകോട്: മഹാകവി ടി.ഉബൈദിന്റെ സ്മരണാർത്ഥം ദുബൈ കെഎംസിസി കാസർക്കോട് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ സാഹിത്യ ശ്രേഷ്‌ഠ അവാർഡ് പ്രശസ്ത കവിയും പ്രഭാഷകനും സാംസ്കാരിക പ്രവർത്തകനുമായ ആലങ്കോട് ലീലാകൃഷ്ണന് ഇന്ന് (ആഗസ്ത് 19) വൈകുന്നേരം 3 മണിക്ക് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എംപി സമർപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജനറൽ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറർ ഹനീഫ് ടി.ആർ, ഓർഗനൈസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ എന്നിവർ അറിയിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ജന.സെക്രട്ടറി ഇൻചാർജ് പി.എം.എ സലാം മുഖ്യ പ്രഭാഷണം നടത്തും. മുസ്ലിം ലീഗ് നേതാക്കൾ, സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളിലെ വ്യക്തിത്വങ്ങൾ, ജനപ്രധിനിധികൾ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ സംബന്ധിക്കും.
കവിയും എഴുത്തുകാരനും പ്രഭാഷകനും സാംസ്കാരിക  പ്രവർത്തകനുമായ ആലങ്കോട് ലീലാകൃഷ്ണൻ മലയാള സാഹിത്യത്തിനു നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അവാർഡിനു തെരെഞ്ഞെടുത്തത്. വിദ്യാർത്ഥി ആയിരുന്ന കാലം മുതൽ എഴുത്തിൽ സജീവമായിരുന്നു. ഉജ്വല പ്രഭാഷകൻ കൂടിയാണ്ട്.
ഒരു സമൂഹത്തിന്റെ സമൂലമായ മാറ്റത്തിന് വേണ്ടി അഹോരാത്രം പരിശ്രമിച്ച സാമൂഹിക പരിഷ്കർത്താവായ മർഹൂം ടി.ഉബൈദിന്റെ സ്മരണക്കായി ഏർപ്പെടുത്തിയ അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത് മുൻ മന്ത്രി ഡോ: എം.കെ. മുനീർ എം എൽ എ , ടി.ഇ. അബ്ദുള്ള, യഹിയ തളങ്കര, പി.പി ശശീന്ദ്രൻ, ജലീൽ പട്ടാമ്പി എന്നിവരടങ്ങിയ  ജൂറിയായിരുന്നു.
സാഹിത്യകാരൻ, കവി, അദ്ധ്യാപകൻ, പത്രപ്രവത്തകൻ, സാമൂഹിക പ്രവർത്തകൻ തുടങ്ങി എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച വ്യക്തിയായിരുന്നു ടി.ഉബൈദ്. സമൂഹത്തിൽ നിലനിന്നിരുന്ന നിരക്ഷരതയും, അന്ധവിശ്വാസവും തുടച്ച് നീക്കുവാൻ ടി ഉബൈദ് മാഷ് അക്ഷീണം പ്രവർത്തിച്ചരുന്നു. ഉത്തര മലബാറിൽ നിന്നും സാഹിത്യ രംഗത്ത് തിളങ്ങിയിരുന്ന ടി ഉബൈദ് അക്കാലത്തെ മിക്ക സാഹിത്യ പരിഷത്ത് സമ്മേളനങ്ങളിലും  പങ്കെടുത്ത് പ്രബന്ധങ്ങൾ അവതരിപ്പിച്ച് മലയാള സാഹിത്യത്തിന് മികച്ച സംഭാവനകൾ നൽകിയിരുന്നു.
മലയാളത്തിലും, കന്നടയിലും, അറബിയിലും, അറബി മലയാളത്തിലും ഒരു പോലെ കവിതകളെഴുതിയ ടി ഉബൈദ് മലയാളത്തിൽ നിന്നും കന്നഡയിലേക്കും, കന്നടയിൽ നിന്ന് മലയാളത്തിലേക്കും ധാരാളം വിവർത്തനങ്ങൾ ചെയ്തിട്ടുണ്ട്. മലയാള ഭാഷാ നിഘണ്ടു സമ്പന്നമാക്കുവാൻ ടി ഉബൈദ് മാഷിന്റെ സംഭാവനകൾ എടുത്ത് പറയേണ്ടതാണ്. സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്കും, അനാചാരങ്ങൾക്കുമെതിരെ ആഞ്ഞടിച്ച ടി ഉബൈദ് മാഷ് കൈ വെച്ച മേഖലകളിലൊക്കെ തിളങ്ങിയ സകല കലാ പ്രതിഭയായിരുന്നു. 1972 ഒക്ടോബർ മൂന്നിനാണ് ടി ഉബൈദ് മാസ്റ്റർ ഈ ലോകത്തോട് വിട പറഞ്ഞത്. അവാർഡ് സമർപ്പണ ചടങ്ങിൽ ഉബൈദ് മാഷിന്റെ  ഏതാനും ഗാനങ്ങൾ പ്രമുഖ മാപ്പിളപ്പാട്ടു ഗായകൻ അഷ്‌റഫ് കൊടുവള്ളി അവതരിപ്പിക്കും. മാപ്പിള ഗാനമേളയും ഉണ്ടായിരിക്കും
ഇളസംബന്ധമായി നടന്ന  പത്ര സമ്മേളനത്തിൽ ദുബൈ കെ എം സി സി കാസർകോട് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി , ജനറൽ സെക്രട്ടറി സലാം കന്യപ്പാടി , ട്രഷറർ ഹനീഫ് ടി ആർ മേൽപറമ്പ് , ഓർഗനൈസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ, വൈസ് പ്രസിഡന്റ് റഷീദ് ഹാജി കല്ലിങ്കാൽ എന്നിവർ സംബന്ധിച്ചു