പോഷക സമൃദ്ധമായ എ2 മില്‍ക് വിപണിയിലെത്തിച്ച് അല്‍റവാബി

16
അല്‍ റവാബിയുടെ എ2 മില്‍ക് വിപണി സമാരംഭ ചടങ്ങ്

ദുബൈ: യുഎഇയിലെ ഏറ്റവും വലിയ പാലുല്‍പാദന കമ്പനിയായ അല്‍റവാബി എ2 പാല്‍ എന്ന കൂടുതല്‍ പോഷക സമൃദ്ധമായ ഉല്‍പന്നവുമായി രംഗത്ത്.  രാജ്യത്ത് ഇതാദ്യമായി എ2 ബീറ്റ കേസീന്‍ പ്രോട്ടീന്‍ മാത്രമടങ്ങിയ ഫ്രഷ് പാല്‍ ഉല്‍പാദിപ്പിച്ചു കൊണ്ടാണ് അല്‍ റവാബി ഈ ചരിത്ര നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്.
എ2 മില്‍ക് അല്‍റവാബി ഡയറി ജനറല്‍ മാനേജര്‍ ഡോ. അഹ്മദ് അല്‍ തിജാനി ദുബൈയില്‍ നടന്ന ചടങ്ങില്‍ വിപണിയിലിറക്കി. വിപണിയിലെ ഏറ്റവും പുതുമയാര്‍ന്ന ഉല്‍പന്നമാണിതെന്നും ഡയറ്ററി-പോഷകാഹാര ഗുണങ്ങളുള്ള ഉല്‍പന്നങ്ങള്‍ക്കായുള്ള വര്‍ധിച്ച ആവശ്യം പരിഗണിച്ചാണിത് വിപണിയില്‍ പരിചയപ്പെടുത്തുന്നതെന്നും അദ്ദേഹം അറിയിച്ചു. വിപണിയിലെ 33 വര്‍ഷത്തെ പരിചയ സമ്പത്തുള്ള അല്‍ റവാബി, വിപുലമായ പഠന-ഗവേഷണങ്ങള്‍ക്ക് ശേഷമാണ് സുഗമമായ ദഹന പ്രക്രിയ പ്രദാനം ചെയ്യുന്ന എ2 പാല്‍ അവതരിപ്പിച്ചിരിക്കുന്നത്. പാശ്ചാത്യ വിപണികളില്‍ മാത്രം ലഭിച്ചു വരുന്ന വമ്പിച്ച ആരോഗ്യ ഗുണങ്ങളുള്ള എ2 പാല്‍ യുഎഇയിലും ലഭ്യമാക്കാന്‍ കാര്യമായ ആവശ്യമുയര്‍ന്നിരുന്നുവെന്നും ഇതാണ് മികച്ച സമയമെന്ന് തങ്ങള്‍ വിചാരിക്കുന്നുവെന്നും അല്‍തിജാനി പറഞ്ഞു. ഡയറി ഉല്‍പന്ന വിപണിയില്‍ ഇതൊരു വിപ്‌ളവമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

അല്‍റവാബി ഡയറി ജനറല്‍ മാനേജര്‍ ഡോ. അഹ്മദ് അല്‍ തിജാനി

സ്വാഭാവികമായ എ2 പ്രോട്ടീന്‍ പശുവിന്‍ പാലില്‍ നിന്ന് മാത്രമാണ് ലഭിക്കുന്നത്. ബീറ്റാ-കേസീന്‍ പ്രോട്ടീനുകള്‍ ഇല്ലാത്ത, എ2 രൂപത്തിലുള്ള പാല്‍ ആണിത്. ഇത് ദഹന പ്രക്രിയ എളുപ്പമാക്കുന്നു. ഇത് കഴിക്കുന്നത് കൊണ്ട് വയര്‍ സ്തംഭനം, അലര്‍ജി തുടങ്ങിയ അസ്വസ്ഥതകള്‍ ഉണ്ടാവില്ലെന്നു മാത്രമല്ല, ഒമേഗ-3യും വൈറ്റമിന്‍-ഡിയും കാല്‍സ്യവും അടങ്ങിയതു കൊണ്ട് കൊളസ്‌ട്രോള്‍ കുറച്ച് കുട്ടികളിലും മുതിര്‍ന്നവരിലും എല്ലു വളര്‍ച്ചക്ക് സഹായിക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
വിപണിയില്‍ ഒരു ലിറ്ററിന് 7.50 ദിര്‍ഹമാണ് എ2 പാല്‍ വില. പ്രധാന ഹൈപര്‍-സൂപര്‍ മാര്‍ക്കറ്റുകളിലും മറ്റും ലഭിക്കുമെന്നും അല്‍റവാബിയുടെ അനുബന്ധ ഉല്‍പന്നങ്ങളും താമസിയാതെ വിപണിയിലെത്തിക്കുമെന്നും ഡോ. അഹ്മദ് അല്‍ തിജാനി കൂട്ടിച്ചേര്‍ത്തു.