വിസ്താര മുംബൈ-അബുദാബി നോണ്‍ സ്‌റ്റോപ് സര്‍വീസിന് തുടക്കം

ഡെല്‍ഹി: ടാറ്റ ഗ്രൂപ്-സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സംയുക്ത സംരംഭമായ, ഇന്ത്യയിലെ ഏറ്റവും മികച്ച ഫുള്‍ സര്‍വീസ് വിമാന കമ്പനി ‘വിസ്താര’ മുംബൈ(ഇന്ത്യ)ക്കും അബുദാബി(യുഎഇ)ക്കുമിടക്ക് നോണ്‍സ്‌റ്റോപ് സര്‍വീസിന് ഒക്‌ടോബര്‍ ഒന്നിന് തുടക്കം. ഇന്ത്യന്‍ സമയം വൈകിട്ട് 7.10ന് മുംബൈയില്‍ നിന്നും പുറപ്പെടുന്ന ഉദ്ഘാടന വിമാനം യുഎഇ സമയം 8.40ന് അബുദാബിയിലെത്തും. ബിസിനസ്, എകോണമി ക്‌ളാസ്സിന് പുറമെ, പ്രീമിയം എകോണമി ക്‌ളാസ്സും വിസ്താരയുടെ ഈ പ്രഥമ സര്‍വീസിലുണ്ട്.
”യുഎഇയിലും ഗള്‍ഫിലെ മറ്റ് രാജ്യങ്ങളിലും ഞങ്ങള്‍ സാന്നിധ്യം സ്ഥിരമായി ശക്തിപ്പെടുത്തുകയാണ്. ഞങ്ങളുടെ വളരുന്ന അന്താരാഷ്ട്ര ശൃംഖലയിലേക്ക് അബുദാബിയെ ചേര്‍ക്കുന്നതില്‍ സന്തോഷമുണ്ട്. യുഎഇയുടെ അഭിവൃദ്ധി പ്രാപിക്കുന്ന ബിസിനസ്, വ്യാപാര, ടൂറിസം മേഖലകള്‍ ഞങ്ങളുടെ നെറ്റ്‌വര്‍ക്കില്‍ തികച്ചും അനുയോജ്യമായതാണ്. ഈ റൂട്ടില്‍ പറക്കുന്ന ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെ തന്നെയും ഏറ്റവും മികച്ച എയര്‍ലൈനിനെ യാത്രക്കാര്‍ അഭിനന്ദിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്” -പുതിയ രാജ്യാന്തര സര്‍വീസ് ആരംഭം സംബന്ധിച്ച് പ്രതികരിക്കവേ, വിസ്താര ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിനോദ് കണ്ണന്‍ പറഞ്ഞു.
ഇരു രാജ്യങ്ങളിലെയും വിസ/എന്‍ട്രി ആവശ്യകതകള്‍ അതത് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വ്യക്തമാക്കിയതനുസരിച്ച് നിറവേറ്റുന്ന യോഗ്യരായ എല്ലാ ഉപയോക്താക്കളെയും വിസ്താര സ്വീകരിക്കും. ബുക്കിംഗ് നടത്തുന്നതിന് മുന്‍പ് ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായി മനസ്സിലാക്കാന്‍ വിസ്താര ഉപയോക്താക്കളെ ശക്തമായി പിന്തുണക്കുന്നതാണ്.
സ്‌കൈട്രാക്‌സ്, ട്രിപ് അഡൈ്വസര്‍ എന്നിവയില്‍ ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന റേറ്റിംഗുള്ള എയര്‍ലൈനാണ് വിസ്താര. കൂടാതെ, ലോകോത്തരമായി ക്യാബിന്‍ ശുചിത്വവും ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങളും ഉയര്‍ത്തിപ്പിടിച്ചതിന് നിരവധി ‘ബെസ്റ്റ് എയര്‍ലൈന്‍’ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. തുടര്‍ച്ചയായ രണ്ടാം തവണയും ‘ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും ബെസ്റ്റ് എയര്‍ലൈന്‍’, തുടര്‍ച്ചയായ നാലാം വര്‍ഷവും ‘ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും ബെസ്റ്റ് എയര്‍ലൈന്‍ സ്റ്റാഫ് സര്‍വീസ്’, ‘ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും ബെസ്റ്റ് ക്യാബിന്‍ ക്രൂ’ എന്നിങ്ങനെ ഒട്ടേറെ ബഹുമതികള്‍ ഈ വിമാന കമ്പനിയെ തേടിയെത്തി. 2022ലെ സ്‌കൈട്രാക്‌സ് വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡ് തുടര്‍ച്ചയായി രണ്ടാം തവണയും കരസ്ഥമാക്കി. ‘ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും ‘ബെസ്റ്റ് ബിസിനസ് ക്‌ളാസ്’ പുരസ്‌കാരവും ഇതിലുള്‍പ്പെടുന്നു. പ്രവര്‍ത്തനമാരംഭിച്ച് ഏഴ് വര്‍ഷത്തിലേറെയായി ചുരുങ്ങിയ സമയത്തിനുള്ളില്‍, വിസ്താര പ്രവര്‍ത്തനങ്ങള്‍ക്കും സേവനത്തിനുമുള്ള മികവ് ഉയര്‍ത്തി. ഇന്ത്യന്‍ വ്യോമയാന വ്യവസായത്തിലെ രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ട എയര്‍ലൈന്‍ എന്ന നിലവാരം സ്വന്തമാക്കുകയും അടുത്തിടെ 35 ദശലക്ഷം യാത്രക്കാരെ വഹിച്ചുവെന്ന നാഴികക്കല്ല് പിന്നിടുകയും ചെയ്തു.