അല്‍അന്‍സാരി എക്‌സ്‌ചേഞ്ച് 9-ാം സമ്മര്‍ പ്രമോഷനില്‍ ഇന്ത്യക്കാരന് മില്യന്‍ ദിര്‍ഹം മെഗാ സമ്മാനം

9

ദുബൈ: അല്‍അന്‍സാരി എക്‌സ്‌ചേഞ്ചിന്റെ ഒമ്പതാമത് മില്യനയര്‍ നറുക്കെടുപ്പില്‍ ഇന്ത്യക്കാരനായ സജാദ് അലി ബട്ട് അബ്ദുല്‍ സമദ് ബട്ട് മെഗാ സമ്മാനം സ്വന്തമാക്കി. അല്‍അന്‍സാരി എക്‌സ്‌ചേഞ്ചിലെയും ദുബൈ സാമ്പത്തിക-വിനോദ സഞ്ചാര വകുപ്പിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സോഷ്യല്‍ മീഡിയ പ്‌ളാറ്റ്‌ഫോമില്‍ ലൈവായി സംപ്രേഷണം ചെയ്തു കൊണ്ടായിരുന്നു നറുക്കെടുപ്പ് നടന്നത്. അല്‍അന്‍സാരിയുടെ ഒരു ബ്രാഞ്ചില്‍ നിന്ന് 2,327 ദിര്‍ഹം പണമയച്ച സജാദ് അലി നറുക്കെടുപ്പിലൂടെ മെഗാ ഭാഗ്യശാലിയാവുകയായിരുന്നു. ഏറ്റവും പുതിയ മെഴ്‌സിഡസ് ബെന്‍സ് യെമന്‍ സ്വദേശി സബ്‌രി അല്‍ഉസൈബി നേടി. പാക്കിസ്താനിയായ ജുനൈദ് അഹ്മദ് സജ്ജാദ് സഹീര്‍ ജോയ്യ, നേപ്പാളിയായ കേഷര്‍ ഹം ബഹാദൂര്‍ കാര്‍കി എന്നിവര്‍ അര കിലോ സ്വര്‍ണം കരസ്ഥമാക്കി.
ഐഫോണ്‍ 12, 13 എന്നിവയും തെരഞ്ഞെടുത്ത എട്ട് ഭാഗ്യശാലികള്‍ക്ക് 95,000 ദിര്‍ഹം കാഷ് പ്രൈസും നല്‍കി. മുഹമ്മദ് അലി മുഹമ്മദ് അല്‍ അലി (യുഎഇ), ഫിറോസ് അടക്കാപറമ്പില്‍ അബൂബക്കര്‍, മുരിക്കഞ്ചേരി കണ്ടി നവാസ് (ഇന്ത്യ), ഉവൈലിദ് ഹദീദു (മൊറോക്കോ), വെറോണിക അലോ ഡിലാറ്റര്‍, ഐറീന്‍ മിറാമിസ് ഡുകെയ്ന്‍സ് (ഫിലിപ്പീന്‍സ്), മുഹമ്മദ് തയ്യിബ് അബ്ദുല്‍ മജീദ് (പാക്കിസ്താന്‍), ശരീഫ് റബാഹ് (ഫലസ്തീന്‍) എന്നിവരായിരുന്നു എട്ടു ജേതാക്കള്‍.
ദുബൈ സാമ്പത്തിക വകുപ്പ് പ്രതിനിധി ഫദലല്ല അബ്ദുല്ല ഫദലല്ല, അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് സിഒഒ അലി അല്‍ നജ്ജാര്‍ എന്നിവര്‍ നറുക്കെടുപ്പിന് നേതൃത്വം നല്‍കി. 2022 ജൂണ്‍ 1 മുതല്‍ ഓഗസ്റ്റ് 31 വരെയായിരുന്നു സമ്മാര്‍ പ്രമോഷന്‍ കാലയളവ്.