ദുബൈ മലപ്പുറം ജില്ലാ കെഎംസിസി ‘ഡ്രിസ്സില്‍’ സുവനീര്‍ കവര്‍ പ്രകാശിപ്പിച്ചു

ദുബൈ മലപ്പുറം ജില്ലാ കെഎംസിസി പ്രസിദ്ധീകരിക്കുന്ന 'ഡ്രിസ്സില്‍' സുവനീറിന്റെ കവര്‍ പേജ് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ യുഎഇ കെഎംസിസി മുഖ്യ രക്ഷാധികാരി എ.പി ഷംസുദ്ദീന്‍ ബിന്‍ മുഹിയുദ്ദീന് നല്‍കി പ്രകാശിപ്പിക്കുന്നു

ദുബൈ: ദുബൈ മലപ്പുറം ജില്ലാ കെഎംസിസി ഇദംപ്രഥമായി പുറത്തിറക്കുന്ന ‘ഡ്രിസ്സില്‍’ (ചാറ്റല്‍മഴ) സുവനീറിന്റെ കവര്‍ പേജ് സംസ്ഥാന മുസ്‌ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ യുഎഇ കെഎംസിസി മുഖ്യ രക്ഷാധികാരി എ.പി ഷംസുദ്ദീന്‍ ബിന്‍ മുഹിയുദ്ദീന് നല്‍കി നിര്‍വഹിച്ചു. രാഷ്ട്രീയം, സാംസ്‌കാരികം, വിദ്യാഭ്യാസം, ടൂറിസം, ആരോഗ്യം, കായികം, മാപ്പിള കല തുടങ്ങി മലപ്പുറം ജില്ലയെ സമ്പന്നമാക്കുന്ന ചരിത്ര പശ്ചാത്തലങ്ങള്‍ അനാവരണം ചെയ്യുന്നതോടൊപ്പ, ഇന്തോ-അറബ് ബന്ധങ്ങളുടെ ആഴങ്ങളും ഇമാറാത്തി സംസ്‌കാരവും  കെഎംസിസിയുടെ ചരിത്ര നാള്‍വഴികളും പ്രതിപാദിക്കുന്ന അപൂര്‍വ സൃഷ്ടിയാണ് ‘ഡ്രിസ്സില്‍’. മലപ്പുറം ജില്ലയില്‍ നിന്ന് ഈ പ്രവാസ ഭൂമിയില്‍ എത്തി സ്വപ്രയത്‌നത്താല്‍ ബിസിനസ് രംഗത്ത് വിജയ ഗാഥ രചിച്ച സംരംഭകരുടെ അഭിമുഖവും ഇതിന്റെ താളുകളെ സമ്പന്നമാക്കുന്നുണ്ട്. സുവനീറിന്റെ ഔദ്യോഗിക പ്രകാശനം ഒക്‌ടോബര്‍ അവസാന വാരം നടക്കും.
കറാമയിലെ യൂണിക് വേള്‍ഡ് ബിസിനസ് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഡോ. പുത്തൂര്‍ റഹ്മാന്‍, പി.കെ അന്‍വര്‍ നഹ, അന്‍വര്‍ അമീന്‍, കെ.പി.എ സലാം, ചെമ്മുക്കന്‍ യാഹുമോന്‍, പി.വി നാസര്‍, സിദ്ദീഖ് കാലൊടി, കെ.പി.പി തങ്ങള്‍, ഹംസ ഹാജി മാട്ടുമ്മല്‍, ഒ.ടി സലാം, കരീം കാലടി, മുജീബ് കോട്ടക്കല്‍, നാസര്‍ കുറമ്പത്തൂര്‍, ഫക്രുദ്ദീന്‍ മാറാക്കര, അബ്ദുല്‍ സലാം പരി തുടങ്ങിയവര്‍ സംബന്ധിച്ചു. സുവനീര്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.ശുക്കൂര്‍ അധ്യക്ഷത വഹിച്ചു. ജന.കണ്‍വീനര്‍ എ.പി നൗഫല്‍ സ്വാഗതവും ശിഹാബ് ഇരിവേറ്റി നന്ദിയും പറഞ്ഞു.