ജൈടെക്‌സ് ഒക്‌ടോ.10 മുതല്‍; 90 രാജ്യങ്ങള്‍, 5000 കമ്പനികള്‍

മന്ത്രി ഉമര്‍ സുല്‍ത്താന്‍ അല്‍ ഉലമ ജൈടെക്‌സിനെ കുറിച്ച് വിശദീകരിക്കുന്നു

ജലീല്‍ പട്ടാമ്പി
ദുബൈ: ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക പ്രദര്‍ശനമായ ജൈടെക്‌സ് (ജനറല്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എക്‌സിബിഷന്‍) ഗ്‌ളോബല്‍ ഒക്‌ടോബര്‍ 10 മുതല്‍ 14 വരെ ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ സംഘടിപ്പിക്കും. ‘എന്റര്‍ ദി നെക്സ്റ്റ് ഡിജിറ്റല്‍ യൂണിവേഴ്‌സ്’ എന്ന വിഷയത്തില്‍ രണ്ടു മില്യന്‍ ചതുരശ്ര അടി സ്ഥലത്ത് നടക്കുന്ന പ്രദര്‍ശനത്തില്‍ 90ലധികം രാജ്യങ്ങളില്‍ നിന്നുള്ള 5,000 കമ്പനികള്‍ പങ്കെടുക്കുമെന്ന് യുഎഇ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ എകോണമി, റിമോട്ട് വര്‍ക് ആപ്‌ളികേഷന്‍സ് എന്നിവക്കായുള്ള സഹ മന്ത്രി ഉമര്‍ സുല്‍ത്താന്‍ അല്‍ ഉലമ ബുള്‍ഗരി റിസോര്‍ട്ടില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇത്തവണ ‘സെവന്‍ ടെക് വണ്ടേഴ്‌സി’ല്‍ 170 രാജ്യങ്ങളില്‍ നിന്നുള്ള ഒരു ലക്ഷത്തിലധികം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പങ്കെടുക്കുന്ന പ്രദര്‍ശകര്‍, ഇടം, ആഗോള സാന്നിധ്യം എന്നീ കാര്യങ്ങളില്‍ ദുബൈയില്‍ ഓരോ വര്‍ഷവും നടന്നു വരുന്ന ജൈടെക്‌സാണ് ലോകത്ത് ഒന്നാം സ്ഥാനത്തുള്ളത്.
ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ പ്രദര്‍ശനമായ ഗള്‍ഫുഡിനെക്കാള്‍ വലുതാണ് ജൈടെക്‌സ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കൊല്ലം 25 ശതമാനം അധികം വലുപ്പം ഇക്കുറി ജൈടെക്‌സിനുണ്ട്. ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, ദക്ഷിണ കൊറിയ രാജ്യങ്ങളില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകളും ജൈടെക്‌സിലുണ്ടാകും.
എക്‌സ്‌വേഴ്‌സ് (ഡീസെന്‍ട്രലാന്റുമായി സഹകരിച്ച് ലോകത്തിലെ ഏറ്റവും വലിയ ഇമ്മേഴ്‌സിവ് മെറ്റാവേഴ്‌സ്), ഗ്‌ളോബല്‍ ഡേവ്‌സ്‌ലാം (രാജ്യാന്തര കോഡര്‍മാര്‍ക്കും ഡെവലപര്‍മാര്‍ക്കും പ്രത്യേകമായി സജ്ജമാക്കുന്ന സ്വന്തം ഇടം), നോര്‍ത് സ്റ്റാര്‍ ദുബൈ (ഗ്‌ളോബര്‍ സ്റ്റാര്‍ട്ടപ് ഇക്കോസിസ്റ്റത്തിലെ പരിണാമങ്ങള്‍), ഫിന്‍ടെക് സര്‍ജ് (ധനകാര്യ നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും ഇന്നൊവേറ്റര്‍മാര്‍ക്കും സ്ഥാപനങ്ങള്‍ക്കുമായുള്ള പ്രീമിയര്‍ ഹബ്), ഫ്യൂചര്‍ ബ്‌ളോക്ക് ചെയിന്‍ സമ്മിറ്റ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മാര്‍ക്കറ്റിംഗ് മാനിയ എന്നിവയാണ് സെവന്‍ ടെക് വണ്ടേഴ്‌സിലുള്‍പ്പെടുന്നത്. 17ലധികം സമ്മേളനങ്ങള്‍, 800ലധികം ചിന്തോദ്ദീപക പ്രഭാഷണങ്ങള്‍, വിഷയ പഠനങ്ങള്‍, ട്രെന്റുകള്‍, ശില്‍പശാലകള്‍ എന്നിവ ഇതിലുള്‍ക്കൊള്ളുന്നു. 1,000ത്തിലധികം മന്ത്രിമാരും മുന്‍നിര സാങ്കേതിക ലീഡര്‍മാരും, 82 രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരും എഐയിലെ പ്രധാന ട്രെന്റുകളും ക്‌ളൗഡ് കമ്പ്യൂട്ടിംഗ്, ക്രിപ്‌റ്റോ, 6 ജി തുടങ്ങിയവയും ഇതിലുള്‍പ്പെടുന്നുണ്ട്. ഡേവ്‌സ്‌ലാമില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 10,000 കോഡര്‍മാര്‍ പങ്കെടുക്കും.