തഖ്‌വയുള്ളവര്‍ക്കാണ് സ്വര്‍ഗം

7

സ്വര്‍ഗം ഒരു അനുഗ്രഹ ലോകമാണ്. സ്വര്‍ഗത്തില്‍ ഒരു കണ്ണും കാണാത്ത, ഒരു കാതും കേള്‍ക്കാത്ത, ഒരു മനുഷ്യന്റെയും ചിത്തത്തില്‍ നിനക്കാനാവാത്ത സുഖ-സൗഭാഗ്യങ്ങളുണ്ടെന്നാണ് നബി (സ്വ) വിശദീകരിച്ചിരിക്കുന്നത് (ഹദീസ് 2836, അഹ്മദ് 10216). തഖ്‌വ (ദൈവ ഭയഭക്തി) ആണ് സ്വര്‍ഗത്തിലേക്കുള്ള എളുപ്പ മാര്‍ഗം. അല്ലാഹു പറയുന്നു: ജീവിതത്തില്‍ സൂക്ഷ്മത പാലിച്ചവര്‍ക്ക് സ്വര്‍ഗീയ ഉദ്യാനങ്ങളും മുന്തിരിപ്പഴങ്ങളും തുടുത്ത മാറിടമുള്ള വയസ്സൊത്ത സൗന്ദര്യ ധാമങ്ങളും നിറഞ്ഞ ചഷകങ്ങളുമുള്ള വന്‍ വിജയമുണ്ട്. ഒരു അനാവശ്യ സംസാരമോ വ്യാജവാര്‍ത്തയോ അവര്‍ക്കവിടെ കേള്‍ക്കാനാവില്ല. ഭുവന-വാനങ്ങളുടെയും അവയ്ക്കിടയിലുള്ളതിന്റെയും രക്ഷിതാവും കരുണാമയനുമായ താങ്കളുടെ നാഥങ്കല്‍ നിന്നുള്ള ഒരു പ്രതിഫലവും കണക്കനുസരിച്ച പാരിതോഷികവുമാണിത് (സൂറത്തുന്നബഹ് 31, 32, 33, 34, 35, 36).
തന്റെ അടിമകളില്‍ നിന്ന് ഭയഭക്തിയുള്ളവര്‍ക്ക് അവകാശമായി നല്‍കുന്ന സ്വര്‍ഗമെന്ന് സൂറത്തു മര്‍യം 63-ാം സൂക്തത്തില്‍ അല്ലാഹു തന്നെ പരാമര്‍ശിക്കുന്നുണ്ട്. പരിശുദ്ധ ഖുര്‍ആന്‍ സത്യവിശ്വാസികള്‍ക്ക് സന്മാര്‍ഗവും സുവിശേഷവുമാണല്ലോ (സൂറത്തുന്നംല് 2). ഏറ്റവും വണ്യമായ പ്രതിഫലമുണ്ടെന്നതാണ് ആ സുവിശേഷം. അതാണ് സ്വര്‍ഗം. അല്ലാഹു പറയുന്നു: നിശ്ചയം, ഈ ഖുര്‍ആന്‍ ഏറ്റവും ഋജുവായതിലേക്ക് നയിക്കുകയും സല്‍കര്‍മാനുഷ്ഠാനികളായ സത്യവിശ്വാസികള്‍ക്ക് മഹത്തായ പ്രതിഫലമാണുള്ളതെന്നും വിശ്വാസമില്ലാത്തവര്‍ക്ക് വേദനയുറ്റ ശിക്ഷ നാം ഒരുക്കിയിട്ടുണ്ടെന്നും ശുഭവാര്‍ത്തയറിയിക്കുകയും ചെയ്യുന്നു (സൂറത്തു ഇസ്‌റാഅ് 9). അതായത്, സത്യവിശ്വാസികളെ അന്ത്യനാളില്‍ അല്ലാഹു സ്വര്‍ഗം നല്‍കിക്കൊണ്ടായിരിക്കും ആദരിക്കുക. ആകാശ-ഭൂമി ലോകങ്ങളുടെ വിശാല വീതിയുള്ളതാണ് സ്വര്‍ഗം. സ്വര്‍ഗത്തിലെ മാലാഖമാര്‍ അവരെ സ്വീകരിക്കും, അവര്‍ക്കായി സ്വര്‍ഗീയ കവാടങ്ങള്‍ മലര്‍ക്കെ തുറക്കുകയും ചെയ്യും. അതേപ്പറ്റി അല്ലാഹു വിവരിക്കുന്നു: തങ്ങളുടെ നാഥനോട് സൂക്ഷ്മത പുലര്‍ത്തിയിരുന്നവര്‍ കൂട്ടമായി സ്വര്‍ഗത്തിലേക്ക് ആനയിക്കപ്പെടുന്നതും വാതായനങ്ങള്‍ തുറന്നു വെക്കപ്പെട്ടതായിരിക്കെ അവരതിന് സമീപമെത്തുന്നതും പാറാവുകാര്‍ ഇങ്ങനെ സ്വാഗതം ചെയ്യുന്നതുമാണ് , ”നിങ്ങള്‍ സമാധാനം ഭവിക്കട്ടെ, നിങ്ങള്‍ പരിശുദ്ധരായിരുന്നു, അതിനാല്‍ ശാശ്വത നിവാസം വിധിക്കപ്പെട്ടവരായി നിങ്ങള്‍ ഇതില്‍ പ്രവേശിച്ചു കൊള്ളുക” (സൂറത്തുസ്സുമര്‍ 73). അങ്ങനെ, പ്രസന്ന വദനരായി അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും.
നബി (സ്വ) പറയുന്നു: സ്വര്‍ഗത്തില്‍ ആദ്യം പ്രവേശിക്കുന്നവര്‍ പൗര്‍ണമി നാളിലെ പൂര്‍ണ ചന്ദ്രനെ പോലെയായിരിക്കും. അവര്‍ക്ക് ശേഷം പ്രവേശിക്കുന്നവര്‍ ആകാശത്തിലെ ജാജ്വല്യമാനമായ നക്ഷത്ര തുല്യമായിരിക്കും (ഹദീസ് ബുഖാരി, മുസ്‌ലിം). സ്വര്‍ഗസ്ഥരായ അവര്‍ക്കുള്ള സൗകര്യങ്ങള്‍ അല്ലാഹു വ്യക്തമാക്കുന്നുണ്ട്: എന്നാല്‍, തങ്ങളുടെ നാഥനെ സൂക്ഷിച്ചവര്‍ക്ക് ചുവട്ടിലൂടെ ആറുകളൊഴുകുന്നതും മേല്‍ക്കു മേല്‍ തട്ടുകളായി പണിതതുമായ മണിമേടകളുണ്ട്. അല്ലാഹുവിന്റെ വാഗ്ദാനമാണിത്.  അവന്‍ കരാറുകള്‍ ലംഘിക്കുന്നതല്ല (സൂറത്തുസ്സുമര്‍ 20). തീര്‍ച്ച, സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും താഴെക്കൂടി ആറുകളൊഴുകുന്ന സ്വര്‍ഗീയ ഉദ്യാനങ്ങള്‍ അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. അതിലവര്‍ ശാശ്വത വാസികളായിരിക്കും. സ്ഥിര വാസത്തിനുള്ള ആരാമങ്ങളില്‍ ഉത്തമ വസതികളും അവന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍, അല്ലാഹു വിന്റെ സംതൃപ്തിയേ്രത മഹോന്നതം. മഹത്തായ വിജയം അതാകുന്നു (സൂറത്തു ത്തൗബ 72). സ്വര്‍ഗസ്ഥരോട് അല്ലാഹു വിളിച്ചു ചോദിക്കും: സ്വര്‍ഗവാസികളേ, നിങ്ങള്‍ തൃപ്തരാണോ? അവര്‍ പറയും: എങ്ങനെ തൃപ്തിപ്പെടാതിരിക്കും! നാഥാ, നീ സൃഷ്ടികളിലാര്‍ക്കും നല്‍കാത്തതാണ് ഞങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. അപ്പോള്‍ അല്ലാഹു പറയും: അവയെക്കാള്‍ ശ്രേഷ്ഠമായത് ഞാന്‍ നിങ്ങള്‍ക്ക് നല്‍കട്ടെയോ. അവര്‍ പറയും, എന്താണ് അവയെക്കാള്‍ ഏറ്റവും ശ്രേഷ്ഠമായത്? അവരോട് അല്ലാഹു പറയും: ഞാന്‍ നിങ്ങള്‍ക്ക് എന്റെ തൃപ്തി കനിഞ്ഞേകും. അതുണ്ടായാല്‍ ഒരിക്കലും ഞാന്‍ നിങ്ങളോട് കോപിക്കുകയില്ല (ഹദീസ് ബുഖാരി, മുസ്‌ലിം).
പാപമോചനത്തിലേക്കും ഭുവന-വാനങ്ങളുടെ വിസ്തൃതിയുള്ള സ്വര്‍ഗത്തിലേക്കും അതിദുത്രം ചെല്ലാനാണ് അല്ലാഹു സത്യവിശ്വാസികളോട് കല്‍പിക്കുന്നത് (സൂറത്തു ആലുഇംറാന്‍ 133). അവര്‍ നന്മകളിലേക്ക് കുതിച്ചു മത്സരിക്കുന്നവരും ദുഷ്ടത്തരങ്ങളില്‍ നിന്ന് ഏറെ മാറി നില്‍ക്കുന്നവരുമായിരിക്കും. ഭയഭക്തിയുള്ളവര്‍ അഗോചരമായവയില്‍ വിശ്വസിക്കുകയും നമസ്‌കാരം മുറ പോലെ അനുഷ്ഠിക്കുകയും അല്ലാഹു നല്‍കിയതില്‍ നിന്നു ചെലവഴിക്കുകയും ചെയ്യുന്നവരെന്ന് സൂറത്തു ബഖറ 3-ാം സൂക്തത്തില്‍ അല്ലാഹു വിശേഷിപ്പിക്കുന്നുണ്ട്. നാഥാ, ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ ഞങ്ങള്‍ക്ക് പാപങ്ങള്‍ പൊറുത്തു തരികയും നരകത്തില്‍ നിന്നു കാവലേകുകയും ചെയ്യണമേയെന്നു പ്രാര്‍ത്ഥിക്കുന്നവരും ക്ഷമിക്കുന്നവരും സത്യസന്ധരും ഭക്തിയുള്ളവരും ധനം ചെലവ് ചെയ്യുന്നവരും നിശയുടെ അന്ത്യ യാമങ്ങളില്‍ പാപമോചനമര്‍ത്ഥിക്കുന്നവരുമായിരിക്കും അവര്‍ (സൂറത്തു ആലു ഇംറാന്‍ 16, 17). അവര്‍ സ്വര്‍ഗത്തില്‍ വിജയശ്രീലാളിതരായിരിക്കും. അവര്‍ പ്രതികരിക്കും: നമ്മോടുള്ള തന്റെ കരാര്‍ സത്യസന്ധമായി പൂര്‍ത്തീകരിക്കുകയും വിചാരിക്കുന്നടിത്തെങ്ങും നിവസിക്കാനാകും വിധം ഈ സ്വര്‍ഗ ഭൂമി നമുക്ക് അവകാശപ്പെടുത്തുകയും ചെയ്ത അല്ലാഹുവിനാണ് സര്‍വ സ്‌തോത്രങ്ങളും. കര്‍മാനുഷ്ഠാനികള്‍ക്കുള്ള പ്രതിഫലം എത്ര ഉല്‍കൃഷ്ടം (സൂറത്തു സുമര്‍ 74).