ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ ഓണാഘോഷം 25ന് എക്‌സ്‌പോ സെന്ററില്‍

46
ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ ഓണാഘോഷത്തെ കുറിച്ച് പ്രസിഡന്റ് അഡ്വ. വൈ.എ റഹീം വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുന്നു

ദുബൈ: ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ ഈ വര്‍ഷത്തെ ഓണാഘോഷം (ഐഎഎസ് ഓണം 2022) വിപുലമായ പ്രോഗ്രാമുകളോടെ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആഘോഷത്തിന് ആവേശവും ചൈതന്യവും പകരാന്‍ നിരവധി സാംസ്‌കാരിക പരിപാടികള്‍ ആസൂത്രണം ചെയ്തതായും വ്യത്യസ്തവും അവിസ്മരണീയവുമായ അനുഭവമാകും ഇവയെന്നും പ്രസിഡന്റ് അഡ്വ. വൈ.എ റഹീം, ജന.സെക്രട്ടറി ടി.വി നസീര്‍, ട്രഷറര്‍ ശ്രീനാഥ് കാടഞ്ചേരി എന്നിവര്‍ പറഞ്ഞു.
ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം സെപ്തംബര്‍ 25ന് എക്‌സ്‌പോ സെന്ററില്‍ രാവിലെ 9.30ന് ആരംഭിക്കും. ഡോ. എം.കെ മുനീര്‍ എംഎല്‍എ, ജി.എസ് ജയലാല്‍ എംഎല്‍എ, പ്രശസ്ത മജീഷ്യനും മോട്ടിവേറ്ററുമായ ഗോപിനാഥ് മുതുകാട് തുടങ്ങിയവര്‍ വിശിഷ്ടാതിഥികളാകും.
യുഎഇയിലെ ഇന്ത്യന്‍ സമൂഹത്തെ ഒരു കുടക്കീഴില്‍ കൊണ്ടു വരുന്നതില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ സംഭാവന എന്നും വിലമതിക്കുന്നതാണെന്നും ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യവും പൈതൃകവും ആഘോഷിക്കാന്‍ ഇത് ഉത്തമ വേദിയായി ഐഎഎസ് മാനേജിംഗ് കമ്മിറ്റി കാണുന്നുവെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. എമിറേറ്റിലുടനീളമുള്ള വ്യത്യസ്ത സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കുന്ന പുഷ്പാലങ്കാര മല്‍സരമാണ് ഏറ്റവും ശ്രദ്ധേയം. ടെന്റുകളില്‍ പകല്‍ സമയത്ത് സന്ദര്‍ശകരെ രസിപ്പിക്കാന്‍ സാംസ്‌കാരിക പരിപാടികള്‍ ക്രമീകരിച്ചിട്ടുണ്ട്. അതിഥികള്‍ക്ക് ഓണം സജീവമാക്കാന്‍ കച്ചവടക്കാര്‍ വിവിധ സ്റ്റാളുകള്‍ ഒരുക്കും. ചെണ്ടമേളം, പഞ്ചാരി മേളം, ബാന്‍ഡ് മേളം, ശിങ്കാരി മേളം, ലൈവ് ആനകള്‍, കഥകളി, പുലിക്കളി, തെയ്യം തുടങ്ങിയവയിലൂടെ കേരളത്തിന്റെ പാരമ്പര്യവും സംസ്‌കാരവും വിളിച്ചോതുന്ന ഘോഷയാത്ര ചടങ്ങിനെ ശ്രദ്ധേയമാക്കും. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ശ്രീനാഥ്, അന്‍വര്‍ സാദത്ത്, മൃദുല വാരിയര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗായക സംഘം സംഗീത പരിപാടികള്‍ അവതരിപ്പിക്കും. പ്രമുഖ നൃത്ത സംഘങ്ങളുടെ പ്രകടനങ്ങള്‍ പരിപാടികള്‍ക്ക് കൊഴുപ്പേകും. ഓണാഘോഷ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണവും ചടങ്ങിലുണ്ടാകും.
ഗ്രാന്‍ഡ് ഓണസദ്യ ഉച്ച 12ന് ആരംഭിക്കും. 12,000ത്തിലധികം പേര്‍ സംബന്ധിക്കും. ഈ ഓണ വിരുന്ന് വേറിട്ടതാകുമെന്നും സംഘാടകര്‍ പ്രതീക്ഷിക്കുന്നു.
ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ വൈസ് പ്രസിഡന്റ് മാത്യു ജോണ്‍, ജോ.ട്രഷറര്‍ ബാബു വര്‍ഗീസ്, മാനേജിംഗ് കമ്മിറ്റിംഗങ്ങളായ കബീര്‍ ചാന്നാങ്കര, മനാഫ് മാട്ടൂല്‍, പ്രദീഷ് ചിതറ, റോയ് തോമസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.