മലയാളി കൂട്ടായ്മയുടെ ‘ലുലു പൊന്നോണം’ 25ന് അല്‍നാസറില്‍

92
'ലുലു പൊന്നോണ'ത്തെ കുറിച്ച് കണ്‍വീനര്‍ സുധീര്‍ മുഹമ്മദ് വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിക്കുന്നു. അസി.കണ്‍വീനര്‍ സുനില്‍, ലുലു മാര്‍ക്കറ്റിംഗ് ഹെഡ് രാഹുല്‍ സക്‌സേന സമീപം

ദുബൈ: എട്ടു മലയാളി സംഘടനകളുടെ ആഭിമുഖ്യത്തിലുള്ള മലയാളി കൂട്ടായ്മയുടെ ‘ലുലു പൊന്നോണം’ ഈ മാസം 25ന് ദുബൈ അല്‍നാസര്‍ ലിഷര്‍ലാന്‍ഡില്‍ വര്‍ണാഭ ആഘോഷാന്തരീക്ഷത്തില്‍ ഒരുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഞായറാഴ്ച രാവിലെ 7.30ന് അംഗ സംഘടനകളുടെ പൂക്കള മത്സരത്തോടെ ആരംഭിക്കുന്ന ആഘോഷ പരിപാടികളില്‍ 3,000ത്തിലേറെ പേര്‍ക്ക് ഓണസദ്യ വിളമ്പും. അംഗങ്ങള്‍ തിരുവാതിര, ഭരതനാട്യം, സെമി ക്‌ളാസികല്‍ ഡാന്‍സ്, ഏകാങ്ക നാടകം തുടങ്ങിയവ അവതരിപ്പിക്കും. മഹാബലിയെ എഴുന്നള്ളിച്ചു കൊണ്ടുള്ള ഘോഷയാത്രയില്‍ തെയ്യം, ചെണ്ടമേളം, പഞ്ചവാദ്യം, കാവടിയാട്ടം, കരകാട്ടം എന്നീ കലാരൂപങ്ങളും അരങ്ങേറും.
വൈകുന്നേരം നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന മെഗാ സ്റ്റേജ് ഷോക്ക് സിനിമാ താരം മനോജ് കെ.ജയന്റെ നേതൃത്വത്തില്‍ 20 കലാകാരന്‍മാര്‍ പങ്കെടുക്കും. ഗാനമേള, നൃത്ത നൃത്യങ്ങള്‍, മിമിക്രി തുടങ്ങിയവ അവതരിപ്പിക്കും. സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍, ഗായിക അമൃത സുരേഷ്, കൊച്ചു ഗായകന്‍ ഋതുരാജ്, അഫ്‌സല്‍, അഖില ആനന്ദ്,  വൈഷ്ണവ് ഗിരീഷ്, ലക്ഷ്മി ജയന്‍, റിയാസ് കരിയാട്, മെറില്‍ ആന്‍ മാത്യു, സുധീര്‍ പറവൂര്‍, ഡയാന ഹമീദ് എന്നിവര്‍ക്കൊപ്പം നൃത്തങ്ങളുമായി ജാസ് റോക്കേഴ്‌സും അരങ്ങിലെത്തും.
‘ലുലു പൊന്നോണം’ കണ്‍വീനര്‍ സുധീര്‍ മുഹമ്മദ്, അസിസ്റ്റന്റ് കണ്‍വീനര്‍ സുനില്‍, ലുലു മാര്‍ക്കറ്റിംഗ് ഹെഡ് രാഹുല്‍ സക്‌സേന, മുതിര്‍ന്ന സംഘടനാ പ്രവര്‍ത്തകരായ കരീം വെങ്കിടങ്ങ്, യേശുദാസ് പ്രിയദര്‍ശിനി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

കരീം വെങ്കിടങ്ങ് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു