സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും ശനിയാഴ്ച യുഎഇയില്‍

266

ദുബൈ: മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജന.സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ ശനിയാഴ്ച യുഎഇയിലെത്തുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റായ ശേഷമുള്ള സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ആദ്യ വിദേശ പര്യടനമാണ് യുഎഇയിലേത്. യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ നടക്കുന്ന പൊതു പരിപാടികളിലും സൗഹാര്‍ദ സംഗമങ്ങളിലുമാണ് നേതാക്കള്‍ പങ്കെടുക്കുകയെന്ന് യുഎഇ കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് പുത്തൂര്‍ റഹ്മാനും ജന.സെക്രട്ടറി പി.കെ അന്‍വര്‍ നഹയും അറിയിച്ചു.
ശനിയാഴ്ച രാത്രി 7.30ന് ദുബൈയിലും, ഞായറാഴ്ച രാത്രി 7.30ന് അബുദാബിയിലും 26ന് തിങ്കളാഴ്ച രാത്രി 7.30ന് ഷാര്‍ജയിലുമാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. സൗഹാര്‍ദത്തിന്റെയും ആശയ സമന്വയത്തിന്റെയും അംബാസഡര്‍ എന്ന നിലയില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ പൊതുപരിപാടികളെ ഏറെ ആവേശത്തോടെയാണ് യുഎഇയിലെ സാംസ്‌കാരിക ലോകം നോക്കിക്കാണുന്നത്.