പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രൻ നിര്യാതനായി

ദുബൈ: പ്രവാസി വ്യവസായിയും ചലച്ചിത്ര നിര്‍മാതാവുമായ
അറ്റ്ലസ് രാമചന്ദ്രന്‍ (80) നിര്യാതനായി. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദുബൈ  ആസ്റ്റര്‍ മന്‍ഖൂൽ ചികിത്സയിലായിരുന്ന അദ്ദേഹം ഹൃദയാഘാതം മൂലമാണ് മരിച്ചത്.
അന്ത്യകർമ്മങ്ങൾ തിങ്കളാഴ്ച വൈകീട്ട് ദുബൈയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
കഴിഞ്ഞ ദിവസം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ ഇന്ദിരാ രാമചന്ദ്രനും, മകള്‍ ഡോ.മഞ്ജു രാമചന്ദ്രനും ഒപ്പമുണ്ടായിരുന്നു.

പുതിയ ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം ദുബൈയിലാണ് താമസം. 1942 ജൂലൈ 31ന് തൃശൂരില്‍ വി. കമലാകര മേനോന്റെയും എം.എം. രുഗ്മിണി അമ്മയുടെയും മകനായാണ് ജനനം. അറ്റ്ലസ് ജ്വല്ലറിയുടെ സ്ഥാപകനായ രാമചന്ദ്രന്‍ ഒട്ടേറെ സിനിമകള്‍ നിര്‍മിക്കുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. സംവിധായകന്‍, വിതരണക്കാരന്‍ എന്നീ നിലകളിലും സിനിമ മേഖലയില്‍ സജീവമായിരുന്നു.

2015ല്‍ സാമ്പത്തിക ഇടപാടിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ദുബൈ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് ജയിൽ മോചിതനായി.
ബാങ്ക് ഓഫ് ബറോഡയടക്കം 23 ബാങ്കുകളാണ് അറ്റ്ലസ് രാമചന്ദ്രനെതിരേ കേസ് നല്‍കിയത്. വായ്പകള്‍ മുടങ്ങിയതിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകള്‍ കൂട്ടമായി കേസ് നല്‍കിയത്. ഇതിനെത്തുടര്‍ന്ന് 2015 ഓഗസ്റ്റ് മാസത്തില്‍ അദ്ദേഹം ദുബൈയിൽ ജയിലിലായി. 13 സിനിമകളില്‍ അഭിനയിച്ചു. ഒരെണ്ണം സംവിധാനം ചെയ്തു. ഇന്നലെ, കൗരവര്‍, വെങ്കലം തുടങ്ങിയവ വിതരണം ചെയ്തു.അറ്റ്ലസ് വീണ്ടും തുറക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് മരണം. ദുബൈ  ഷോപ്പിങ് ഫെസ്റ്റിവലിലെ ഗോള്‍ഡ് പ്രമോഷന്‍ കമ്മിറ്റിയുടെ ആദ്യ ചെയര്‍മാനായിരുന്നു. ഫിലിം മാഗസിനായ ‘ചലച്ചിത്ര’ത്തിന്റെ എഡിറ്ററായിരുന്നു. മലയാളം ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു.