
ദുബൈ: ‘കേരളത്തിന്റെ ഭാവി പുനര്‍നിര്‍വചിക്കുന്നു’ എന്ന പ്രമേയവുമായി കേരളത്തിലെയും യുഎഇയിലെയും പ്രമുഖ കണ്‍സള്‍ട്ടന്‍സി സംരംഭകരായ ആര്‍ബിഎസ് കോര്പറേഷന് പ്രൈവറ്റ് ലിമിറ്റഡ്, എച്ച്കെ ബിസിനസ് കണ്‍സള്‍ട്ടന്‍സി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ‘കേരള കോണ്‍ക്ളേവ് വിഷന്‍ 2050/2056’ അടുത്ത വര്‍ഷം ഫെബ്രുവരി 3, 4, 5 തീയതികളില്‍ കോഴിക്കോട് മര്‍കസ് നോളജ് സിറ്റിയിലെ വലന്‍സിയ ഗലേറിയ കണ്വെന്ഷന് സെന്ററില്‍ സംഘടിപ്പിക്കും. കഴിഞ്ഞ പതിറ്റാണ്ടുകളിലെ കേരളത്തിന്റെ വ്യാവസായിക, വാണിജ്യ, സാംസ്കാരിക നേട്ടങ്ങളും ഭാവി വികസനവും ചര്‍ച്ച ചെയ്യപ്പെടുന്ന കോണ്‍ക്ളേവിന്റെ ഭാഗമായി വിവിധ പദ്ധതികളും പരിപാടികളും ആസൂത്രണം ചെയ്ത് നടപ്പാക്കാന്‍ ലക്ഷ്യമിടുന്നു. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നുള്ള വാണിജ്യ-വ്യവസായ പ്രമുഖരും നയതന്ത്രജ്ഞരും ശാസ്ത്ര സാങ്കേതിക വിദഗ്ധരും കോണ്‍ക്ളേവില്‍ സംബന്ധിക്കമെന്ന് ബന്ധപ്പെട്ടവര്‍ വാര്ഡതതാസമ്മേളനത്തില് അറിയിച്ചു .
കേരള ചേംബര്‍ ഓഫ് കൊമേഴ്സ് സഹകരണത്തോടെ കേരള ടൂറിസം വകുപ്പ്, നോര്‍ക റൂട്സ്, ഫിക്കി, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്പറേഷന് എന്നിവയുമായി സഹകരിച്ചാണ് കോണ്‍ക്ളേവ് ഒരുക്കുന്നത്.
‘ദൈവത്തിന്റെ സ്വന്തം നാടായ’ കേരളത്തിന്റെ പിന്നിട്ട 50 വര്‍ഷങ്ങളെയും വരാനിരിക്കുന്ന 50 വര്‍ഷങ്ങളെയും മുന്നില്‍ കണ്ടുള്ള വിപുലവും വിശാലവുമായ കാഴ്ചപ്പാടുകളാണ് കോണ്‍ക്ളേവ് മുന്നോട്ട് വെക്കുന്നത്. ഐക്യ രാഷ്ട്ര സഭയുടെ വിഷന്‍ 2050 പദ്ധതി യാഥാര്‍ത്ഥ്യമാക്കാനും കേരളത്തിന്റെ സമഗ്ര വികസനത്തിന് നിലവിലുള്ള അവസരങ്ങള്‍ പൂര്‍ണാര്‍ത്ഥത്തില്‍ പ്രയോജനപ്പെടുത്താനും പുതിയ അവസരങ്ങള്‍ കണ്ടെത്താനും ആഗോള തലത്തില്‍ സാധ്യതകള്‍ തുറന്നു വെക്കാനും അതിലൂടെ, ദേശീയ-അന്തര്‍ദേശീയ രംഗങ്ങളിലെ നിക്ഷേപകര്‍, പ്രദര്‍ശകര്‍, പ്രഭാഷകര്‍, വിദേശ ഇന്ത്യക്കാര്‍ എന്നിവര്‍ക്ക് കേരളത്തില്‍ സാധ്യമായ നിക്ഷേപ അവസരങ്ങള്‍ പരിചയപ്പെടുത്താനും പ്രയോജനപ്പെടുത്താനുമുള്ള ഏറ്റവും വലിയ അവസരങ്ങള്‍ കേരള കോണ്‍ക്ളേവ് ലക്ഷ്യമിടുന്നു.
ഇതുവഴി കേരള സംസ്ഥാന രൂപീകരണത്തിന്റെ 100 വര്‍ഷം പൂര്‍ത്തിയാകുന്ന 2056ലേക്കുള്ള പടവുകളും പദ്ധതികളും കേരള കോണ്‍ക്ളേവ് ചര്‍ച്ച ചെയ്യും. വാണിജ്യ-വ്യവസായ പ്രമുഖര്‍, രാഷ്ട്രീയ നേതാക്കള്‍, സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകര്‍, സംരംഭകര്‍, ഗവേഷകര്‍, സാങ്കേതിക വിദഗ്ധര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിലുള്ള പ്രഗല്ഭരുടെ പിന്തുണയോടെ ഇവന്റ് ഫലപ്രദമാക്കി മാറ്റാന്‍ കേരള കോണ്‍ക്ളേവ് പദ്ധതികള്‍ തയാറാക്കും.
കേരള കോണ്‍ക്ളേവിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എക്സ്പോ യില്‍ നൂറിലേറെ ആഗോള സംരംഭകരും 26ലേറെ വ്യവസായ സംരംഭങ്ങളും നൂറിലധികം സ്റ്റാളുകളും സജ്ജമാക്കും. ഒരു ലക്ഷത്തിലേറെ സന്ദര്‍ശകര്‍ എക്സ്പോയില്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു.
ലോകത്തെ അതി നൂതന സാങ്കേതിക വിദ്യകള്‍, ചിന്താധാരകള്‍, സംരംഭകര്‍, നിര്‍മാതാക്കള്‍ എന്നിവര്‍ക്ക് പരസ്പരം കൂടിക്കാഴ്ചകള്‍ നടത്താനും ചര്‍ച്ച ചെയ്യാനും പുതിയ ഉല്പന്നങ്ങള് പ്രദര്‍ശിപ്പിക്കാനും ഭാവി അവസരങ്ങള്‍ തിരിച്ചറിയാനും വളര്‍ന്നു വരുന്നതും നിലവിലുള്ളതുമായ സംരംഭകര്‍ക്ക് പ്രചോദനം നല്‍കാനുമുള്ള അവസരങ്ങള്‍ കേരള കോണ്‍ക്ളേവിന്റെ ഭാഗമായി ഒരുക്കുമെന്ന് കേരള കോണ്‍ക്ളേവ് സഹ സ്ഥാപകനും ആര്‍ബിഎസ് കോര്പറേഷന് എംഡിയുമായ ഹബീബ് കോയ പറഞ്ഞു.
കേരള കോണ്‍ക്ളേവ് വിഷന്‍ 2050/2056 പ്രധാനമായും ഊര്‍ജസ്വലമായ സമൂഹം, അഭിവൃദ്ധി പ്രാപിക്കുന്ന സമ്പദ്വ്യവസ്ഥ, അഭിലാഷമുള്ള സംസ്ഥാനം എന്നീ മൂന്ന് അടിസ്ഥാന പ്രമേയങ്ങളെ കേന്ദ്രീകരിച്ചാണ് രൂപപ്പെടുത്തിയിരിക്കുന്നത്.
കമ്പോള ആവശ്യങ്ങള്‍ക്കനുസൃതമായ വിദ്യാഭ്യാസ സംവിധാനം കെട്ടിപ്പടുക്കുന്നതിലൂടെയും സംരംഭകര്‍ക്കും ചെറുകിട സംരംഭങ്ങള്‍ക്കും വന്‍കിട കോര്‍പറേഷനുകള്‍ക്കും സാമ്പത്തിക അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെയും അഭിവൃദ്ധി പ്രാപിക്കുന്ന സമ്പദ് വ്യവസ്ഥ എല്ലാവര്ക്കും അവസരങ്ങള്‍ പ്രദാനം ചെയ്യുന്നു. അതിനാല്‍, പുതിയ സാമ്പത്തിക മേഖലകള്‍ തുറക്കാനും നമ്മുടെ സമ്പദ് വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമായി നിക്ഷേപാവസരങ്ങളും വികസിപ്പിക്കും.
യുഎന്‍ എസ്ഡിജി പ്രോഗ്രാമിന്റെ ചട്ടക്കൂടിനുള്ളില്‍ ലഭ്യമായ അവസരങ്ങള്‍ പ്രയോജനപ്പെടുത്താനുമുള്ള ശരിയായ അന്തരീക്ഷം ഒരുക്കാന്‍ കോണ്‍ക്ളേവ് മുന്‍കയ്യെടുക്കും.
കോണ്‍ക്ളേവ് ചര്‍ച്ചകളില്‍ മെറ്റാവേഴ്സ് സാങ്കേതികത, ഡ്രോണ്‍ ഗതാഗതം, ഗ്രാഫീന്, കായികം, ഡെസ്റ്റിനേഷന്‍ വെഡന്നുിംഗ്, ഹെല്‍ത്ത് കെയര്‍, വേസ്റ്റ് മാനേജ്മെന്റ്, ഗ്രീന്‍ ടെക്നോളജീസ് & ഹെല്‍ത്ത് ടൂറിസം മുതലായ 8 പ്രധാനപ്പെട്ട മികച്ച ഭാവി സാധ്യതാ വിഷയങ്ങള്‍ ഉള്‍പ്പെടുന്നു.
ഇവന്റ് പ്രദര്‍ശകര്‍, കോണ്‍ഫറന്‍സുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, അവാര്‍ഡുകള്‍, വര്‍ക്ക്ഷോപ്പുകള്‍, എന്‍ആര്‍ഐ നിക്ഷേപങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കാനും ഇത് അവസരമൊരുക്കുന്നു.
ഡോ. കലാം സ്മൃതി ഇന്റര്‍നാഷണലുമായി സഹകരിച്ച് നടത്തുന്ന നോളജ് കോണ്‍ക്ളേവില്‍ സമകാലിക ലോകത്തെ ഏറ്റവും സ്വാധീനം ചെലുത്തുന്ന ഉന്നത വ്യക്തിത്വത്തിന് ഏര്‍പ്പെടുത്തിയ ഡോ. എ.പി.ജെ അബ്ദുല്‍ കലാം സ്മൃതി അന്തര്‍ദേശീയ അവാര്‍ഡ് സമ്മാനിക്കും.
വ്യവസായം, ഭക്ഷണം, ആരോഗ്യ സംരക്ഷണം, ടൂറിസം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, കുടില്‍ വ്യവസായക്ളേവിന്റെ ഭാഗമായി ഉണ്ടാകും.
അന്താരാഷ്ട്ര നേതാക്കള്‍, സാമ്പത്തിക വിദഗ്ധര്‍, ഭരണ കര്‍ത്താക്കള്‍, വ്യവസായ-വാണിജ്യ പ്രമുഖര്‍, സംരംഭകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സാങ്കേതിക വിദഗ്ധര്‍, അന്താരാഷ്ട്ര പ്രഭാഷകര്‍ എന്നിവര്‍ കോണ്‍ക്ളേവില്‍ സംബന്ധിക്കും. ചടങ്ങില്‍, കേരള കോണ്‍ക്ളേവിന്റെ ഔദ്യോഗിക ലോഗോ കേരള ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് ചെയര്മാന് ഡോ. ബിജു രമേശ് അനാച്ഛാദനം ചെയ്തു.
ഹബീബ് കോയ, ജാസിം മുഹമ്മദ് അല്‍ ബസ്തകി, മുഹമ്മദ് അല്‍ ഫലാസി, അര്‍ഷദ് ഇബ്രാഹിം, എച്ച്കെ കണ്‍സള്‍ട്ടന്‍സി ചെയര്മാന് ഹമദ് അല്‍ഹമ്മാദി, കേരള കോണ്‍ക്ളേവ് മീഡിയ-ഇവന്റ്സ് ഡയറക്ടര്‍ മുനീര്‍ മുഹ്യുദ്ദീന്‍, സഹ സ്ഥാപകന്‍ ഡോ. എം.എ ബാബു, ഐപിഎ ഫൗണ്ടര്‍ എ.കെ ഫൈസല്‍, എപിജെ വിഷന്‍ കള്‍ചറല്‍ സെന്റര്‍ ചെയര്മാന് ഡോ. തന്‍വീര്‍ അബൂബക്കര്‍ എന്നിവരാണ് കേരള കോണ്‍ക്ളേവ് ടീമംഗങ്ങള്‍.
ഡോ. ബിജു രമേശ്, അഡ്വ. ഷിബു പ്രഭാകരന്, മുഹമ്മദ് റസീഫ് എന്നിവരാണ് കേരള ചേംബര്‍ ടീമംഗങ്ങള്‍.
ഹബീബ് കോയക്കും ഡോ. ബിജു രമേശിനും പുറമെ, ജാസിം മുഹമ്മദ് അല്ബസ്തകി, മുഹമ്മദ് അല്‍ഫലാസി, അര്‍ഷദ് ഇബ്രാഹിം, മുഹമ്മദ് റസീഫ്, അഡ്വ. ഷിബു പ്രഭാകരന് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.