കോടിയേരി വേറിട്ട വ്യക്തിത്വം: യുഎഇ കെഎംസിസി

ഫുജൈറ: കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ യുഎഇ കെഎംസിസി അനുശോചിച്ചു.
നമ്മുടെ രാഷ്ട്രീയ നേതാക്കളിൽ വേറിട്ടുനിന്ന ഒരാളായിരുന്നു കൊടിയേരി. ഓരോ പാർട്ടിയുടെയും നേതാക്കൾക്ക് നാം മനസ്സിലൊരു രൂപവും ഭാവവും സങ്കല്പിക്കും. ഓരോരുത്തരെ വ്യക്തിപരമായി അറിയുമ്പോഴാണ് നമ്മളവരെ വേറിട്ടറിയുക. സി.പി.ഐ.എം നേതാക്കളെ കുറിച്ച് നമുക്കുള്ള മുൻ വിധിയെ തിരുത്തുന്ന സ്വഭാവവും വ്യക്തിത്വവും പെരുമാറ്റവുമായിരുന്നു കൊടിയേരി ബാലകൃഷ്ണൻ എന്ന നേതാവ്.
രാഷ്ട്രീയമായ് വ്യത്യസ്ത ചേരിയില്‍ ഇരിക്കുന്നുവെങ്കില്പോലും കൊടിയേരി ബാലകൃഷ്ണനെ ഇഷ്ടപെടാതിരിക്കാന്‍ മലയാളിക്ക്  പറ്റുമായിരുന്നില്ല. അത്രയും സഹൃദയൻ, സദാ-സമയവും പുഞ്ചിരിച്ച് നിലകൊള്ളുന്ന രാഷ്ട്രീയക്കാരൻ.
 സഖാവ് വേഗം സുഖംപ്രാപിച്ച് സാധാരണ ജീവിതത്തിലേക്ക് തിരികെവരുമെന്ന് ഏറെ ആഗ്രഹിച്ചിരുന്നു. അതുണ്ടായില്ല എന്നത് വേദനാജനകമാണ്. കേരളം കണ്ട വ്യത്യസ്തനായ കമ്യൂണിസ്റ്റ് നേതാവിന് അന്തിമോപചാരം അർപ്പിക്കുന്നുവെന്നും യുഎഇ കെഎംസിസി പ്രസിഡൻറ് പുത്തൂർ റഹ്‌മാൻ, വർക്കിംഗ് പ്രസിഡൻറ് യു.അബ്ദുല്ല ഫാറൂഖി, ജനറൽ സെക്രട്ടറി പി.കെ. അൻവർ സഹ, ട്രഷറർ നിസാർ തളങ്കര എന്നിവർ പറഞ്ഞു.