
പ്രസിഡണ്ട് സിറില്‍ റമാഫോസ ജിദ്ദ ലുലു ഹൈപര്‍ മാര്‍ക്കറ്റ് സന്ദര്‍ശിച്ചു
ജിദ്ദ: ദക്ഷിണാഫ്രിക്കയില്‍ ലോജിസ്റ്റിക്സ് ഹബ്ബ് ആരംഭിക്കാനൊരുങ്ങി ലുലു ഗ്രൂപ്. സൗദി അറേബ്യയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ദക്ഷിണാഫ്രിക്കന്‍ പ്രസിഡണ്ട് സിറില്‍ റമാഫോസ ജിദ്ദ ലുലു ഹൈപര്‍ മാര്‍ക്കറ്റ് സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനമുണ്ടായത്. ദക്ഷിണാഫ്രിക്കന്‍ ഉല്പന്നങ്ങളെ സൗദി അറേബ്യയിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും പരിപോഷിപ്പിക്കുന്ന ലുലു ഗ്രുപ്പിനെ പ്രസിഡണ്ട് സന്ദര്‍ശന വേളയില്‍ അഭിനന്ദിച്ചു.
ജോഹന്നാസ് ബര്‍ഗില്‍ അത്യാധുനിക ലോജിസ്റ്റിക്സ് ഹബ്ബ് ആരംഭിക്കാനുള്ള അംഗീകാരം ലുലു ഗ്രൂപ്പിന് നല്‍കുന്നതായും പ്രസിഡണ്ട് ലുലു സൗദി ഡയറക്ടര്‍ ഷെഹീം മുഹമ്മദിനെ അറിയിച്ചു. 2024 നുള്ളില്‍ ലോജിസ്റ്റിക്സ് ഹബ്ബ് പ്രാവര്‍ത്തികമാക്കാനുള്ള എല്ലാ സഹായ സഹകരണങ്ങളും സര്‍ക്കാര്‍ നല്‍കുമെന്നും പ്രസിഡണ്ട് റമാഫോസ കൂട്ടിച്ചേര്‍ത്തു.

ദക്ഷിണാഫ്രിക്കന്‍ ഉല്പന്നങ്ങള്ക്ക് സൗദി അറേബ്യയില്‍ പരിചയപ്പെടുത്തുന്ന ‘പ്രൗഡ് ലി വിത്ത് സൗത്ത് ആഫ്രിക്കന്‍ ഭക്ഷ്യ മേള’ സിറില്‍ റമാഫോസ ഉദ്ഘാടനം ചെയ്തു. നാല്പതിലധികം പഴം-പച്ചക്കറികള്‍, ടിന് ഫുഡ്, മുന്‍ നിര ദക്ഷിണാഫ്രിക്കന്‍ ബ്രാന്‍ഡുകളായ നാന്‍ഡോസ്, വെസ് ഫാലിയ, റൂയി ബോസ് ടീ, ഡ്യൂ ലാന്‍ഡ് ജ്യൂസുകള്‍ എന്നിങ്ങനെ വൈവിധ്യങ്ങളായ ദക്ഷിണാഫ്രിക്കന്‍ ഉല്പന്നങ്ങളാണ് മേളയിലുള്ളത്. ഉന്നത ഗുണമേന്മയുള്ള ദക്ഷിണാഫ്രിക്കന്‍ ഉല്പന്നങ്ങള് സൗദിയിലേയും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും കൂടുതലായി ലഭ്യമാക്കിയിട്ടുണ്ടെന്നും കാര്‍ഷിക വിപണന മേഖലയില്‍ ഇന്ത്യദക്ഷിണാഫ്രിക്ക, സൗദിദക്ഷിണാഫ്രിക്ക ബന്ധം കൂടുതല്‍ ഊഷ്മളമാകാന്‍ ഇത് സഹായിക്കുമെന്നും ഷെഹിം മുഹമ്മദ് പറഞ്ഞു.
സൗദി വിനോദ സഞ്ചാര മന്ത്രി അഹമ്മദ് ബിന്‍ അഖീല്‍ അല്‍ ഖത്തീബ്, ദക്ഷിണാഫിക്കന്‍ വ്യവസായ-വ്യാപാര മന്ത്രി ഇബ്രാഹിം പട്ടേല്‍, പ്രതിരോധ മന്ത്രി താന്‍ഡി, മോഡിസ് ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
സൗദി ഭരണാധികാരി സല്മാന് രാജാവിന്റെ ക്ഷണമനുസരിച്ച് രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് പ്രസിഡണ്ട് സിറില്‍ റമാഫോസ സൗദി അറേബ്യയിലെത്തിയത്.