ദുബൈയിലെ പുതിയ ഹിന്ദു ക്ഷേത്രം സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്‌യാന്‍ ഉദ്ഘാടനം ചെയ്തു

ജബല്‍ അലി വര്‍ഷിപ് വില്ലേജില്‍ പുതുതായി പണി കഴിപ്പിച്ച ഹിന്ദു ക്ഷേത്രം യുഎഇ സഹിഷ്ണുതാ, സഹവര്‍ത്തിത്വ കാര്യ മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍നഹ്‌യാന്‍ ഉദ്ഘാടനം ചെയ്യുന്നു. ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍, സിഡിഎ ഡയറക്ടര്‍ ജനറല്‍ അഹ്മദ് അബ്ദുല്‍ കരീം ജല്‍ഫാര്‍, ഹിന്ദു ടെംപിള്‍ ട്രസ്റ്റി രാജു ഷ്‌റോഫ് തുടങ്ങിയവര്‍ സമീപം

ജലീല്‍ പട്ടാമ്പി
ദുബൈ: ജബല്‍ അലിയിലെ വര്‍ഷിപ് വില്ലേജില്‍ പുതുതായി പണി കഴിപ്പിച്ച ഹിന്ദു ക്ഷേത്രം യുഎഇ സഹിഷ്ണുതാ, സഹവര്‍ത്തിത്വ കാര്യ മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍നഹ്‌യാന്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍, ദുബൈ കമ്യൂണിറ്റി ഡെവലപ്‌മെന്റ് അഥോറിറ്റി ഡയറക്ടര്‍ ജനറല്‍ അഹ്മദ് അബ്ദുല്‍ കരീം ജല്‍ഫാര്‍, ഹിന്ദു ടെംപിള്‍ സ്ഥാപകന്‍ വാസു ഷ്‌റോഫ്, ട്രസ്റ്റി രാജു ഷ്‌റോഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ദസറയുടെ തലേന്നായിരുന്നു പതിറ്റാണ്ട് നീണ്ട കാത്തിരിപ്പ് സാക്ഷാത്കരിച്ച്  ക്ഷേത്രം വിശ്വാസികള്‍ക്കായി തുറന്നു കൊടുത്തത്. ദസറ ദിവസമായ ഉന്നലെ (ബുധന്‍) മുതല്‍ ഇവിടേക്ക് വിശ്വാസികള്‍ക്ക് പ്രവേശനമനുവദിച്ചു. എല്ലാ മതവിശ്വാസികള്‍ക്കും ഇവിടേക്ക് പ്രവേശനമുണ്ട്. വര്‍ഷിപ് വില്ലേജിലെ ഗുരു നാനാക് ഗുരുദ്വാരക്കും ഈജിപ്ഷ്യന്‍ കോപ്റ്റിക് ചര്‍ച്ചിനും അടുത്തായാണ് പുതിയ ക്ഷേത്രം നിലവില്‍ വന്നിരിക്കുന്നത്. ഗുരുവായൂരപ്പനും അയ്യപ്പനുമടക്കം 16 പ്രതിഷ്ഠകളാണ് ഇവിടെയുള്ളത്. വാസു ഷ്‌റോഫ് 1958ല്‍ ബര്‍ദുബൈയില്‍ സ്ഥാപിച്ച സിന്ധി ഗുരു ദര്‍ബാര്‍ ടെംപിളിന്റെ കൂടുതല്‍ സൗകര്യമുള്ള ആരാധനാ കേന്ദ്രമാണിത്.
നേരത്തെ തന്നെ പണി പൂര്‍ത്തിയായ ക്ഷേത്രത്തിന്റെ വാസ്തുഭംഗി ആസ്വദിക്കാന്‍ സെപ്റ്റംബര്‍ 1 മുതല്‍ തന്നെ ആളുകളെ അനുവദിച്ചിരുന്നു. ക്യുആര്‍ കോഡ് മുഖേന ആയിരക്കണക്കിനാളുകളാണ് ഇവിടേക്ക് എത്തിയത്. മാര്‍ബിളില്‍ നിര്‍മിച്ച ക്ഷേത്രത്തിലെ പ്രതിഷ്ഠകളും തൂണുകളും അറേബ്യന്‍-ഹൈന്ദവ ജ്യാമിതീയ ഡിസൈനുകളും മേല്‍ക്കൂരയിലെ നാഴിക മണികളും ഏറെ കമനീയമാണ്. ഇന്ത്യന്‍ ആര്‍കിടെക്ചര്‍ കമ്പനിയായ ടെംപിള്‍ ആര്‍ക്കിടെക്റ്റ്‌സാണ് ക്ഷേത്രം രൂപകല്‍പന ചെയ്തത്. ലോകമെമ്പാടും ഇരുനൂറിലധികം ക്ഷേത്രങ്ങള്‍ രൂപകല്‍പന ചെയ്ത കമ്പനിയാണിത്.
ജബല്‍ അലി വര്‍ഷിപ് വില്ലേജില്‍ 82,000 ചതുരശ്ര അടി സ്ഥലത്ത് 45 മില്യന്‍ ദിര്‍ഹം ചെലവഴിച്ചാണ് ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഊട്ടുപുരയും കമ്യൂണിറ്റി ഹാളും പാര്‍ക്കിംഗ് ഏരിയയും ഇതിലടങ്ങുന്നു. വര്‍ഷിപ് വില്ലേജില്‍ ഏഴ് ചര്‍ച്ചുകളും ഒരു ഗുരുദ്വാരയും ഹിന്ദു ക്ഷേത്രവും ഇപ്പോഴുണ്ട്.
യുഎഇയുടെ സഹിഷ്ണുതയുടെ മികച്ച രാജ്യാന്തര മാതൃകയാണീ ക്ഷേത്രം. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നു വര്‍ഷം മുന്‍പ് അബുദാബിയില്‍ ശിലാസ്ഥാപനം നടത്തിയ വിപുലമായ ഹൈന്ദവ ക്ഷേത്രത്തിന്റെ പണികള്‍ അന്തിമ മട്ടത്തിലാണ്. മാസങ്ങള്‍ക്കകം ഇതിന്റെ ഉദ്ഘാടനമുണ്ടാകുമെന്നാണ് കരുതുന്നത്.