10-ാമത് ശൈഖാ ഹിന്ദ് വനിതാ കായിക മേള: ബൗളിംഗില്‍ ജിഡിആര്‍എഫ്എ ദുബൈക്ക് മികച്ച വിജയം

10-ാമത് ശൈഖാ ഹിന്ദ് വനിതാ കായിക മേളയിലെ ബൗളിംഗ് മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ ജിഡിആര്‍എഫ്എ ദുബൈയിലെ റീം ജമാല്‍, അസ്മ സുവൈദി എന്നിവര്‍

ദുബൈ: 10-ാമത് ശൈഖാ ഹിന്ദ് വനിതാ കായിക മേളയിലെ ബൗളിംഗ് മത്സരത്തില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറീനേഴ്‌സ് അഫയേഴ്‌സിന് മികച്ച വിജയം. വകുപ്പിലെ വനിതാ ജീവനക്കാരായ റീം ജമാല്‍, അസ്മ സുവൈദി എന്നിവര്‍ ബൗളിംഗ് മത്സരത്തില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ദുബൈ പൊലീസിലെ ശൈഖാ ജസീമിനാണ് മൂന്നാം സ്ഥാനം.
യുഎഇ വൈസ് പ്രസിഡണ്ടും  പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പത്‌നിയുടെ നാമധേയത്തില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍
ബൗളിംഗ്, ഓട്ടം, സൈക്‌ളിംഗ്, പാഡില്‍ ടെന്നീസ്, ക്രോസ് ഫിറ്റ്, സ്‌ക്വാഷ്, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ്, ചെസ്, ഇലക്‌ട്രോണിക് ഗെയിമുകള്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് ജിഡിആര്‍എഫ്എ പങ്കെടുക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന പാഡില്‍ ടെന്നീസില്‍ ജിഡിആര്‍എഫ്എ സ്റ്റാഫ് ഫാത്തിമ സൗദൂര്‍ മൂന്നാം സ്ഥാനം നേടിയിരുന്നു.
കഴിഞ്ഞ 9 വര്‍ഷവും ജിഡിആര്‍എഫ്എ ദുബൈ ടൂര്‍ണമെന്റില്‍ മത്സരിക്കുന്നുണ്ട്. ഇക്കാലയളവില്‍ വകുപ്പിലെ വനിതകള്‍ തുടര്‍ച്ചയായ വിജയങ്ങളും മികച്ച നേട്ടങ്ങളും കൈവരിച്ചു. പത്താം പതിപ്പിലും അത് ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി പറഞ്ഞു. മത്സര വിജയികളെ അദ്ദേഹം അഭിനന്ദിച്ചു. ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നേതൃത്വത്തില്‍ നടക്കുന്ന കായിക മേളയില്‍ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ മേഖലകളിലെ ആയിരത്തിലധികം വനിതകള്‍ പങ്കെടുക്കുന്നുണ്ട്. ടൂര്‍ണമെന്റ് നവംബര്‍ 21ന് സമാപിക്കും.