ദുബൈയില്‍ 2019 മുതല്‍ 2022 വരെ അനുവദിച്ചത് 151,666 ഗോള്‍ഡന്‍ വിസകള്‍

ജിഡിആര്‍എഫ്എ ദുബൈ മേധാവി ലെഫ്.ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി വിസാ സെക്ഷനില്‍ വാര്‍ഷിക പരിശോധന നടത്തുന്നു

ദുബൈ: ദുബൈ എമിറേറ്റില്‍ 2019 മുതല്‍ 2022 വര്‍ഷം ഇത് വരെ അനുവദിച്ചത് 151,666 ഗോള്‍ഡന്‍ വിസകള്‍. ജനറല്‍ ഡയറക്ടറേറ്റ്  ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറീനേഴ്‌സ് അഫയേഴ്‌സിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 10 വര്‍ഷത്തേക്ക് ഇഷ്യൂ ചെയ്യുന്ന ഇത്തരത്തിലുള്ള ദീര്‍ഘ കാല റസിഡന്‍സ് വിസയില്‍ യോഗ്യരായ പ്രവാസികള്‍ക്ക് യുഎഇയില്‍ താമസിക്കാനോ ജോലി ചെയ്യാനോ പഠിക്കാനോ പ്രത്യേക ആനുകൂല്യങ്ങള്‍ ആസ്വദിക്കാനോ അനുവദിക്കുന്നു.
അതിനിടയില്‍ ഈ വര്‍ഷം ഇത് വരെ 15,542,384 എന്‍ട്രി, റെസിഡന്‍സി പെര്‍മിറ്റുകള്‍ ഇഷ്യൂ ചെയ്തിട്ടുണ്ടെന്നും 2020-’21 വര്‍ഷത്തെ അപേക്ഷിച്ചു ജീവനക്കാരുടെ ജോലിയുടെ അളവില്‍ 43 ശതമാനം വര്‍ധനയാണ് ഉണ്ടായതെന്ന് ജിഡിആര്‍എഫ്എ ദുബൈ അറിയിച്ചു. വിസാ നടപടികള്‍ കൂടുതല്‍ വേഗത്തിലേക്കാന്‍ നിരവധി നൂതന സംരംഭങ്ങള്‍ക്ക് ഇക്കാലയളവില്‍ തുടക്കമിട്ടു. അത് മൂലം വകുപ്പിന്റെ സേവനങ്ങള്‍ ലഭ്യമായ ഉപയോക്താക്കളുടെ എണ്ണം 96 ശതമാനമായി. അവരുടെ പങ്കാളികളുടെ സന്തോഷത്തിന്റെ തോത് 100 ശതമാനമാവുകയും ചെയ്തുവെന്ന് വകുപ്പ് വ്യക്തമാക്കി.
ജിഡിആര്‍എഫ്എ ദുബൈ മേധാവി ലെഫ്.ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി റെസിഡന്റ് വിസാ സെക്ഷന്‍ നടത്തിയ വാര്‍ഷിക പരിശോധനാ റിപ്പോര്‍ട്ടിലാണ് പുതിയ കണക്കുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വകുപ്പിലെ ജീവനക്കാരുടെ മികച്ച ജോലി സന്നദ്ധതയും കഠിനാധ്വാനവും മൂലമാണ് ഡിപാര്‍ട്ട്‌മെന്റിന് മികവാര്‍ന്ന പ്രകടനങ്ങള്‍ കാഴ്ച വെക്കാന്‍ കഴിഞ്ഞതെന്ന് ജിഡിആര്‍എഫ്എ ദുബൈ മേധാവി പറഞ്ഞു.